ലണ്ടന്‍: ഇംഗ്ലിഷ് ചാനല്‍ വഴിയുള്ള അനധികൃത ചെറുബോട്ട് കുടിയേറ്റം ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ആന്‍ഡി ബേണെമിന് കടുത്ത വെല്ലുവിളിയാകുന്നു. ബേണെം അധികാരത്തിലേറിയ ആദ്യ ആഴ്ചയില്‍ത്തന്നെ ചെറുയാനങ്ങളിലായി അഞ്ഞൂറിലേറെ കുടിയേറ്റക്കാരാണ് ചാനല്‍ കടന്ന് ബ്രിട്ടനിലെത്തിയത്. കഴിഞ്ഞ ദിവസം 12 മീറ്റര്‍ മാത്രം നീളമുള്ള ഒരു ഡിങ്കി ബോട്ടില്‍ 165 പേര്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. ഒരാഴ്ചയ്ക്കിടെ ആറു ബോട്ടുകള്‍ തുടര്‍ച്ചയായി എത്തിയതോടെ വിമര്‍ശകര്‍ ഇവയ്ക്ക് 'ബേണെം ബോട്ടുകള്‍' എന്ന പരിഹാസപ്പേരും നല്‍കിയിട്ടുണ്ട്. ഇന്നലെയും ഇംഗ്ലിഷ് ചാനലില്‍ കൂടുതല്‍ കുടിയേറ്റക്കാരെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. മാഞ്ചസ്റ്ററില്‍ പ്രധാനമന്ത്രിയുടെ പുതിയ ഓഫിസ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിനിടെയാണ് പുതിയ കുടിയേറ്റ കണക്കുകള്‍ ഹോം ഓഫിസ് പുറത്തുവിട്ടത്. പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമം മാത്രമാണ് പുതിയ ഓഫിസ് തുറക്കുന്നതെന്ന് പ്രധാന പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആരോപിച്ചു.
വീട്ടുബില്ലുകളും ബസ് നിരക്കും കുറയ്ക്കുന്നതിനെക്കുറിച്ചാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെന്നും എന്നാല്‍ രാജ്യത്തിന്റെ അതിര്‍ത്തികളിലൂടെയുള്ള അനധികൃത പ്രവേശനം തടയാനുള്ള പദ്ധതികളെക്കുറിച്ച് ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തുകയാണെന്നും റിഫോം യുകെ നേതാവ് നൈജല്‍ ഫരാജ് വിമര്‍ശിച്ചു. ചാനല്‍ വഴിയുള്ള അനധികൃത കുടിയേറ്റത്തെക്കുറിച്ച് ബേണെം സംസാരിക്കുകയോ അത് തടയാന്‍ ശ്രമിക്കുകയോ ചെയ്യില്ലെന്നും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ റിഫോം യുകെയ്ക്ക് മാത്രമേ കഴിയൂവെന്നും ഫരാജ് അവകാശപ്പെട്ടു. കിയര്‍ സ്റ്റാമറുടെ ഭരണകാലത്ത് ആരംഭിച്ച അനധികൃത കുടിയേറ്റക്കാരുടെ പ്രവാഹം ബേണെമിന്റെ ഭരണത്തിന്റെ തുടക്കത്തിലും റെക്കോര്‍ഡ് നിലയില്‍ തുടരുകയാണെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് ആരോപിച്ചു. യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വന്‍ഷനില്‍നിന്ന് പിന്മാറി അനധികൃത കുടിയേറ്റം തടയാനുള്ള ഫലപ്രദമായ പദ്ധതി നടപ്പാക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കു മാത്രമേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ അനധികൃതമായി ബ്രിട്ടനിലെത്തുന്നവരെ ഒരാഴ്ചയ്ക്കുള്ളില്‍ നാടുകടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഫിലിപ്പ് വ്യക്തമാക്കി.
ഒന്നര പതിറ്റാണ്ടോളമായി ബ്രിട്ടനെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ഇംഗ്ലിഷ് ചാനല്‍ വഴിയുള്ള ചെറുബോട്ട് കുടിയേറ്റം. രാജ്യാന്തര മനുഷ്യക്കടത്ത് സംഘങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ തുടര്‍ച്ചയായി അധികാരത്തിലെത്തിയ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതാണ് ലേബര്‍, കണ്‍സര്‍വേറ്റീവ് സര്‍ക്കാരുകള്‍ക്കെതിരായ പ്രധാന പ്രചാരണായുധമായി റിഫോം യുകെ ഉപയോഗിക്കുന്നത്. അതേസമയം, അഭയാര്‍ഥികളോടുള്ള മനുഷ്യത്വപരമായ സമീപനം, രാജ്യാന്തര മനുഷ്യാവകാശ ബാധ്യതകള്‍, നാടുകടത്തലുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ എന്നിവ സര്‍ക്കാരിന്റെ നടപടികളെ സങ്കീര്‍ണമാക്കുന്നുണ്ട്. മനുഷ്യക്കടത്ത് സംഘങ്ങളെ നിയന്ത്രിക്കാന്‍ ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളുടെ ശക്തമായ നയതന്ത്ര സഹകരണവും അനിവാര്യമാണ്. ബ്രെക്‌സിറ്റിനുശേഷം ഇക്കാര്യത്തില്‍ ആവശ്യമായ സഹകരണം ലഭിക്കുന്നില്ലെന്നതും ബ്രിട്ടന് തിരിച്ചടിയാകുന്നു.