ലണ്ടന്‍: റിഫോം യുകെ നേതാവ് നൈജല്‍ ഫാരേജിനെ ലക്ഷ്യമിടുന്നതായി വ്യാഖ്യാനിക്കപ്പെട്ട ഗില്ലറ്റിന്‍ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ച സംഭവത്തില്‍ മാപ്പുപറയില്ലെന്ന് ഗ്രീന്‍ പാര്‍ട്ടി ഓഫ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് നേതാവ് സാക്ക് പോളാന്‍സ്‌കി. ചിത്രം അബദ്ധത്തില്‍ പങ്കുവച്ചതാണെന്ന് സമ്മതിച്ച അദ്ദേഹം, രാഷ്ട്രീയ അതിക്രമത്തെ ശക്തമായി അപലപിക്കുന്നതായും വ്യക്തമാക്കി. ഗില്ലറ്റിന്റെ ചിത്രത്തിനൊപ്പം 'വീ ആര്‍ ഒണ്‍ലി മേക്കിങ് പ്ലാന്‍സ് ഫോര്‍ നൈജല്‍' എന്ന വാചകം അച്ചടിച്ച ടി-ഷര്‍ട്ട് ധരിച്ചയാളുടെ ചിത്രമാണ് പോളാന്‍സ്‌കിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു പാര്‍ട്ടിയില്‍നിന്നുള്ള 20 ചിത്രങ്ങളുടെ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമായിരുന്നു ഇത്. പരിപാടിയുടെ ഫോട്ടോഗ്രാഫറുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുമായി സഹകരിച്ച് പോസ്റ്റ് പങ്കിടാനുള്ള അഭ്യര്‍ഥന സ്വീകരിച്ചപ്പോഴാണ് ചിത്രം തന്റെ അക്കൗണ്ടിലെത്തിയതെന്ന് പോളാന്‍സ്‌കി വിശദീകരിച്ചു. ആഘോഷിക്കുന്ന ആളുകളെയാണ് ശ്രദ്ധിച്ചതെന്നും ടി-ഷര്‍ട്ടിലെ വാചകം വായിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ പോസ്റ്റ് നീക്കിയെന്നും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്നും വ്യക്തമാക്കി.
അതേസമയം, ഫാരേജിനോട് മാപ്പുപറയണമെന്ന മാധ്യമപ്രവര്‍ത്തകരുടെ ആവശ്യം പോളാന്‍സ്‌കി ആവര്‍ത്തിച്ച് നിരസിച്ചു. മാപ്പുപറഞ്ഞാല്‍ താന്‍ കൊലപാതകത്തിന് പ്രേരിപ്പിച്ചെന്ന ഫാരേജിന്റെ ആരോപണത്തിന് സാധുത നല്‍കുന്നതിന് തുല്യമാകുമെന്നും അതിലൂടെ വിവാദം കൂടുതല്‍ രൂക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. ചിത്രം ക്രോപ്പ് ചെയ്ത് താന്‍ മനഃപൂര്‍വം പങ്കുവച്ചതുപോലെ ഫാരേജ് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതായും വിഷയത്തെ അടിസ്ഥാനപരമായി സത്യസന്ധമല്ലാത്ത രീതിയില്‍ അവതരിപ്പിച്ചതായും പോളാന്‍സ്‌കി ആരോപിച്ചു. സംഭവത്തിനു പിന്നാലെ തനിക്ക് വധഭീഷണികള്‍ ലഭിച്ചെന്നും 'കൊലപാതകത്തിന് പ്രേരിപ്പിച്ചു' എന്ന ആരോപണം തന്റെ സുരക്ഷയെ അപകടത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പോസ്റ്റ് ഫാരേജിന്റെ ശിരഛേദത്തിന് ആഹ്വാനം ചെയ്യുന്നതാണെന്നും കൊലപാതകത്തിന് പ്രേരണയാകാമെന്നും റിഫോം യുകെയുടെ ആഭ്യന്തരകാര്യ വക്താവ് സിയ യൂസഫ് ആരോപിച്ചു. പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് എക്‌സില്‍ പങ്കുവച്ച ഫാരേജ്, താനാണ് ഇത്തരമൊരു ചിത്രം പങ്കുവച്ചിരുന്നതെങ്കില്‍ അറസ്റ്റ് ചെയ്യപ്പെടുമായിരുന്നുവെന്നും പോളാന്‍സ്‌കിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
സംഭവത്തില്‍ പരാതി ലഭിച്ചതായി മെട്രോപൊളിറ്റന്‍ പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ഇതുവരെ പോളാന്‍സ്‌കിയെ ബന്ധപ്പെട്ടിട്ടില്ലെന്നും അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ലണ്ടന്‍ അസംബ്ലി അംഗം കൂടിയായ പോളാന്‍സ്‌കി പെരുമാറ്റച്ചട്ടം ലംഘിച്ചോയെന്ന് അന്വേഷിക്കണമെന്ന് ഗ്രേറ്റര്‍ ലണ്ടന്‍ അതോറിറ്റിയുടെ മോണിറ്ററിങ് ഓഫിസറോട് റിഫോം യുകെ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ എംപി ആന്‍ വിഡികോംബിന്റെ കൊലപാതകത്തിനു ശേഷമുള്ള സാഹചര്യത്തില്‍ രാഷ്ട്രീയ നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ഉള്ളടക്കത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി പാറ്റ് മക്ഫാഡനും പ്രതികരിച്ചു.