Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് കൊല്ലപ്പെട്ടു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ ലൂട്ടണില്‍ 17 വയസ്സുകാരന്‍ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ 16 വയസ്സുകാരനെ കൊലക്കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് നാല് കൗമാരക്കാരെക്കൂടി കൊലപാതക സംശയത്തില്‍ അറസ്റ്റ് ചെയ്തതായി ബെഡ്‌ഫോര്‍ഡ്ഷയര്‍ പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെ ലൂട്ടണിലെ കിങ്‌സ്വേ റിക്രിയേഷന്‍ ഗ്രൗണ്ടിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. നിരവധി കൗമാരക്കാര്‍ വലിയ കത്തികളുമായി സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുത്തേറ്റ 17 വയസ്സുകാരനെ അടിയന്തരമായി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചയാളുടെ തിരിച്ചറിയല്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

സംഭവത്തിന് പിന്നാലെ 16 വയസ്സുകാരനെയും 17 വയസ്സുകാരനെയും അക്രമസംഭവത്തില്‍ പങ്കെടുത്തെന്ന സംശയത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇരുവര്‍ക്കുമെതിരെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് 16 വയസ്സുകാരനെതിരെ കൊലക്കുറ്റം ചുമത്തിയത്. അറസ്റ്റിലായ 17 വയസ്സുകാരന്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. പിന്നീട് 17 വയസ്സുള്ള മൂന്ന് ആണ്‍കുട്ടികളെക്കൂടി കൊലപാതകം, അക്രമസംഭവത്തില്‍ പങ്കാളിത്തം, ആയുധം കൈവശംവയ്ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട സംശയത്തില്‍ അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായ കൗമാരക്കാരുടെ എണ്ണം അഞ്ചായി.

സംഭവസമയത്ത് പ്രദേശത്തുണ്ടായിരുന്നവരോ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാവുന്നവരോ പൊലീസുമായി ബന്ധപ്പെടണമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ നിക്ക് ഗാര്‍ഡ്‌നര്‍ അഭ്യര്‍ഥിച്ചു. പ്രദേശത്ത് അധിക പൊലീസ് പട്രോളിങ് തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണത്തെ ബാധിക്കാനും മരിച്ചയാളുടെ കുടുംബത്തിന് കൂടുതല്‍ വേദനയുണ്ടാക്കാനും സാധ്യതയുള്ളതിനാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. ലൂട്ടണിലെ ബിസ്‌കോട്ട് വാര്‍ഡ് കൗണ്‍സിലര്‍ സാനിബ് രാജയും ഇതേ അഭ്യര്‍ഥനയുമായി രംഗത്തെത്തി.

 
Other News in this category

 
 




 
Close Window