Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8027 INR  1 EURO=111.2718 INR
ukmalayalampathram.com
Fri 28th Aug 2026
 
 
UK Special
  Add your Comment comment
ഈസ്റ്റ് ലണ്ടന്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ £25 മില്യണ്‍ ചെലവുകുറയ്ക്കല്‍; 330 തസ്തികകള്‍ ഒഴിവാക്കാന്‍ പദ്ധതി
reporter

ലണ്ടന്‍: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി സേവനങ്ങള്‍ വ്യാപകമായി പുനഃസംഘടിപ്പിക്കാനും 330 തസ്തികകള്‍ ഒഴിവാക്കാനും ഈസ്റ്റ് ലണ്ടന്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് പദ്ധതി തയ്യാറാക്കി. ഏകദേശം £24.97 മില്യണിന്റെ ധനക്കമ്മി നികത്തി വരവ്‌ചെലവ് തുല്യമാക്കുകയാണ് ലക്ഷ്യം. ആറായിരത്തോളം ജീവനക്കാരുള്ള ട്രസ്റ്റിലെ ഏകദേശം അഞ്ച് ശതമാനം തസ്തികകളെയാണ് നടപടി ബാധിക്കുക. നിര്‍ബന്ധിത പിരിച്ചുവിടല്‍, ഒഴിഞ്ഞ തസ്തികകള്‍ നികത്താതിരിക്കല്‍, ചില താല്‍ക്കാലിക തസ്തികകള്‍ അവസാനിപ്പിക്കല്‍ എന്നിവ സംയോജിപ്പിച്ചായിരിക്കും ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നിര്‍ദേശങ്ങള്‍ പ്രാരംഭഘട്ടത്തിലാണെന്നും എല്ലാ മാറ്റങ്ങളും അന്തിമമായി തീരുമാനിച്ചിട്ടില്ലെന്നും ട്രസ്റ്റ് വ്യക്തമാക്കി.

പത്ത് പ്രധാന സേവനങ്ങള്‍ പുനഃസംഘടിപ്പിക്കും

കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യ സേവനങ്ങള്‍, ടോക്കിങ് തെറാപ്പി, ലഹരിവിമുക്ത ചികിത്സ, മുതിര്‍ന്നവര്‍ക്കുള്ള മാനസികാരോഗ്യ അടിയന്തരസഹായം, കമ്മ്യൂണിറ്റി ആരോഗ്യപരിചരണം എന്നിവയുള്‍പ്പെടെ കുറഞ്ഞത് പത്ത് പ്രധാന സേവനങ്ങളാണ് പുനഃസംഘടനാ പട്ടികയിലുള്ളത്. വംശീയ ന്യൂനപക്ഷങ്ങള്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുമായി നടപ്പാക്കുന്ന ചില കമ്മ്യൂണിറ്റി പദ്ധതികളെയും മാറ്റങ്ങള്‍ ബാധിച്ചേക്കും. ജീവനക്കാരുടെ കുറവ് നിലവിലെ സേവനങ്ങള്‍ക്ക് കൂടുതല്‍ സമ്മര്‍ദമുണ്ടാക്കുമെന്നും രോഗികളുടെ കാത്തിരിപ്പുസമയം വര്‍ധിക്കുമെന്നുമാണ് ആശങ്ക.

ഫോതര്‍ഗില്‍ വാര്‍ഡ് അടയ്ക്കുന്നത് പരിഗണനയില്‍

ഈസ്റ്റ് ഹാം കെയര്‍ സെന്ററിലെ ഫോതര്‍ഗില്‍ ഇന്റര്‍മീഡിയറ്റ് കെയര്‍ വാര്‍ഡ് അടയ്ക്കാനുള്ള നിര്‍ദേശവും ട്രസ്റ്റ് പരിഗണിക്കുന്നുണ്ട്. വാര്‍ഡിന് ആകെ 26 കിടക്കകളുണ്ടെങ്കിലും സമീപകാലത്ത് 20 എണ്ണം മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. ആശുപത്രിവാസത്തിനുശേഷം രോഗികള്‍ക്ക് ഹ്രസ്വകാല പരിചരണവും പുനരധിവാസ സഹായവും നല്‍കുന്ന കേന്ദ്രമാണിത്. വാര്‍ഡ് അടയ്ക്കുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് ട്രസ്റ്റ് അറിയിച്ചു. ജീവനക്കാരുമായുള്ള ഔദ്യോഗിക കൂടിയാലോചന ഓഗസ്റ്റ് 24 വരെ തുടരും. നിര്‍ദേശം അംഗീകരിച്ചാല്‍ സെപ്റ്റംബര്‍ 28നാണ് നിലവിലെ സേവനം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. വാര്‍ഡിലെ ഭൂരിഭാഗം ജീവനക്കാരെയും ട്രസ്റ്റിലെയോ പങ്കാളി സ്ഥാപനങ്ങളിലെയോ മറ്റ് തസ്തികകളിലേക്ക് പുനര്‍വിന്യസിക്കാനാണ് ശ്രമിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. വീടുകളില്‍ കൂടുതല്‍ പരിചരണസേവനങ്ങള്‍ ലഭ്യമാക്കുന്ന 'ഹോം ഫസ്റ്റ്' മാതൃക വികസിച്ചതോടെ വാര്‍ഡിന്റെ ആവശ്യം കുറഞ്ഞുവെന്നാണ് ട്രസ്റ്റിന്റെ വിശദീകരണം. ഫോതര്‍ഗില്‍ വാര്‍ഡില്‍ ലഭിച്ചിരുന്ന നഴ്‌സിങ്, മുറിവ് പരിചരണം തുടങ്ങിയ സേവനങ്ങള്‍ രോഗികളുടെ വീടുകളിലോ കെയര്‍ ഹോമുകളിലോ നല്‍കാമെന്നും ട്രസ്റ്റ് പറയുന്നു.

സമരത്തിന് ഒരുങ്ങി യുണൈറ്റ്

മാനസികാരോഗ്യ സേവനങ്ങളിലെ ഇത്രയും വലിയ കുറവ് അംഗീകരിക്കാനാകില്ലെന്ന് ട്രേഡ് യൂണിയനായ യുണൈറ്റിന്റെ ആരോഗ്യവിഭാഗം ദേശീയ ഓഫിസര്‍ റിച്ചാര്‍ഡ് മണ്‍ പ്രതികരിച്ചു. അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ കൂടുതല്‍ കാലം കാത്തിരിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ ചില രോഗികള്‍ക്ക് ഗുരുതരമായേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പദ്ധതിക്കെതിരെ പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരനടപടികള്‍ സ്വീകരിക്കുന്നതിനായി അംഗങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്താന്‍ യുണൈറ്റ് തയ്യാറെടുക്കുകയാണ്. അതേസമയം, എല്ലാ എന്‍എച്ച്എസ് സ്ഥാപനങ്ങളെയും പോലെ ലഭ്യമായ വരുമാനത്തിനുള്ളില്‍ പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് ട്രസ്റ്റ് വ്യക്തമാക്കി. ചികിത്സയുടെ ഗുണനിലവാരവും രോഗികളുടെ സുരക്ഷയും വിലയിരുത്തുന്ന 'ക്വാളിറ്റി ഇംപാക്ട് അസസ്മെന്റ്' പൂര്‍ത്തിയാക്കാതെ ഒരു നിര്‍ദേശവും നടപ്പാക്കില്ലെന്നും ട്രസ്റ്റ് അറിയിച്ചു.

 
Other News in this category

 
 




 
Close Window