ലണ്ടന്‍: ഇംഗ്ലണ്ടിലെ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന പുതിയ പദ്ധതിയുമായി ആന്‍ഡി ബേണെം സര്‍ക്കാര്‍. 14 വയസുമുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഗണിതം, ഇംഗ്ലിഷ്, ശാസ്ത്രം തുടങ്ങിയ അടിസ്ഥാന വിഷയങ്ങള്‍ക്കൊപ്പം നിര്‍മാണ സാങ്കേതികവിദ്യ, കൃത്രിമബുദ്ധി (എഐ), ഡിജിറ്റല്‍ സാങ്കേതികവിദ്യ തുടങ്ങിയ തൊഴില്‍കേന്ദ്രീകൃത വിഷയങ്ങളും പഠിക്കാന്‍ അവസരമൊരുക്കും. ഡെര്‍ബിയിലെ ട്രെയിന്‍ നിര്‍മാണകേന്ദ്രത്തില്‍ പദ്ധതി പ്രഖ്യാപിച്ച ബേണെം, നിലവിലെ വിദ്യാഭ്യാസരീതിയില്‍ മാറ്റം അനിവാര്യമാണെന്നും അക്കാദമികവും തൊഴില്‍പരവുമായ പഠനത്തിന് തുല്യപ്രാധാന്യം നല്‍കുന്ന സമതുലിത സംവിധാനമാണ് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമെന്നും പറഞ്ഞു. ഓരോ പ്രദേശത്തെയും പ്രധാന വ്യവസായങ്ങളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്തായിരിക്കും പുതിയ കോഴ്‌സുകള്‍ രൂപകല്‍പന ചെയ്യുക. പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍പരിചയം, പ്രാദേശിക തൊഴിലുടമകളുമായുള്ള ബന്ധം, തൊഴില്‍മേഖലയിലേക്കുള്ള നേരിട്ടുള്ള പരിശീലനം എന്നിവ ലഭ്യമാക്കും. 2028 മുതല്‍ തിരഞ്ഞെടുത്ത മേഖലകളില്‍ പദ്ധതി നടപ്പാക്കി പിന്നീട് രാജ്യവ്യാപകമായി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസത്തിലോ തൊഴിലിലോ പരിശീലനത്തിലോ ഇല്ലാത്ത 'നീറ്റ്' വിഭാഗത്തില്‍പ്പെടുന്ന യുവാക്കളുടെ എണ്ണം കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പുതിയ കണക്കുകള്‍ പ്രകാരം യുകെയില്‍ പത്തുലക്ഷത്തിലേറെ യുവാക്കളാണ് ഈ വിഭാഗത്തിലുള്ളത്. കഴിഞ്ഞ 12 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആദ്യം ഈ വര്‍ധന തടയുകയും പിന്നീട് എണ്ണം കുറയ്ക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ബേണെം വ്യക്തമാക്കി. പരിഷ്‌കാരത്തിന്റെ ഭാഗമായി സ്‌കൂളുകളുടെ നിലവാരം വിലയിരുത്തുന്ന ഓഫ്‌സ്റ്റെഡ് ഇനി സാങ്കേതിക വിദ്യാഭ്യാസത്തിന്റെ നിലവാരവും പ്രത്യേകം പരിശോധിക്കും. എന്നാല്‍ വിലയിരുത്തലിന്റെ മാനദണ്ഡങ്ങള്‍, കോഴ്‌സുകള്‍ക്കുള്ള ധനസഹായം, ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
2027 മുതല്‍ ആരംഭിക്കുന്ന 'വി-ലെവല്‍സ്' എന്ന പുതിയ തൊഴില്‍കേന്ദ്രീകൃത യോഗ്യതയുമായി ബന്ധിപ്പിച്ചായിരിക്കും പരിഷ്‌കാരം മുന്നോട്ടുപോകുക. എ-ലെവല്‍ വിഷയങ്ങള്‍ക്കൊപ്പം തൊഴില്‍പരമായ വിഷയങ്ങളും തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും. സര്‍വകലാശാലാ പ്രവേശനം മാത്രമല്ല, തൊഴില്‍, അപ്രന്റിസ്ഷിപ്പ്, പ്രാദേശിക വ്യവസായങ്ങള്‍ എന്നിവയിലേക്കും വിദ്യാര്‍ഥികള്‍ക്ക് വ്യക്തമായ വഴി തുറക്കുകയാണ് ലക്ഷ്യം. സര്‍വകലാശാലാ ബിരുദമാണ് വിജയത്തിലേക്കുള്ള ഏക വഴിയെന്ന ധാരണ വളരെക്കാലമായി വിദ്യാഭ്യാസ സംവിധാനത്തില്‍ നിലനിന്നിരുന്നതായി ബേണെം പറഞ്ഞു. സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലുകള്‍ തിരഞ്ഞെടുക്കുന്നത് താഴ്ന്ന ലക്ഷ്യമാണെന്ന തെറ്റായ സന്ദേശമാണ് ഇതിലൂടെ സമൂഹത്തിന് ലഭിച്ചത്. എഐയുടെ കാലത്ത് പ്രായോഗികവും സാങ്കേതികവുമായ കഴിവുകളുടെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണെന്നും എന്‍ജിനീയര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍, സൈബര്‍ സുരക്ഷാ വിദഗ്ധര്‍ തുടങ്ങിയവരെ ബ്രിട്ടന് കൂടുതലായി ആവശ്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
''ബിരുദദാന തൊപ്പിക്ക് ലഭിക്കുന്ന അതേ ബഹുമാനം ഇനി സുരക്ഷാ ഹെല്‍മെറ്റിനും ലഭിക്കും,'' ബേണെം പറഞ്ഞു. ഓരോ കുട്ടിയുടെയും കഴിവിന് തുല്യമായ അംഗീകാരം നല്‍കുകയും ചെറുപ്പംമുതല്‍ തൊഴില്‍ജീവിതത്തിലേക്ക് വഴിതുറക്കുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ക്ഷേമച്ചെലവ് കുറയ്ക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ സംവിധാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധ്യാപക സംഘടനകള്‍ പദ്ധതിയെ സ്വാഗതം ചെയ്‌തെങ്കിലും മതിയായ ഫണ്ടും സൗകര്യങ്ങളും ഉറപ്പാക്കിയില്ലെങ്കില്‍ പരിഷ്‌കാരം വിജയിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി. ആവശ്യമായ നിക്ഷേപമില്ലാതെ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് നാഷനല്‍ എജുക്കേഷന്‍ യൂണിയനും വ്യക്തമാക്കി. തൊഴിലവസരങ്ങളുടെ കുറവാണ് യുവാക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നമെന്നും വിദ്യാഭ്യാസ പരിഷ്‌കാരംകൊണ്ടുമാത്രം അതിന് പരിഹാരം കാണാനാകില്ലെന്നും പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിമര്‍ശിച്ചു.