Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.7167 INR  1 EURO=110.1322 INR
ukmalayalampathram.com
Mon 03rd Aug 2026
 
 
UK Special
  Add your Comment comment
ബ്രോഡ് പീക്കില്‍ ഹിമപാതം; ഇതിഹാസ പര്‍വതാരോഹകന്‍ നിര്‍മല്‍ 'നിംസ്ദായ്' പുര്‍ജയ്ക്ക് ദാരുണാന്ത്യം
reporter

ലണ്ടന്‍/ഇസ്ലാമാബാദ്: ലോകപ്രശസ്ത നേപ്പാളി പര്‍വതാരോഹകനും ബ്രിട്ടിഷ് സൈന്യത്തിലെ മുന്‍ ഗൂര്‍ഖ സൈനികനുമായ നിര്‍മല്‍ 'നിംസ്ദായ്' പുര്‍ജ (43) പാക്കിസ്ഥാനിലെ ബ്രോഡ് പീക്കിലുണ്ടായ ഹിമപാതത്തില്‍ മരിച്ചു. പുര്‍ജയും മറ്റ് ഒന്‍പത് പര്‍വതാരോഹകരും ഉള്‍പ്പെട്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്. പര്‍വതാരോഹണ ദൗത്യം സംഘടിപ്പിച്ച എലൈറ്റ് എക്‌സ്‌പെഡ് കമ്പനി മരണം സ്ഥിരീകരിച്ചു. പാക്കിസ്ഥാനിലെ ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ കാരക്കോറം പര്‍വതനിരകളിലാണ് 8,051 മീറ്റര്‍ ഉയരമുള്ള ബ്രോഡ് പീക്ക്. ലോകത്തിലെ പന്ത്രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ ഇവിടെ ക്യാംപ് രണ്ടിനും മൂന്നിനും ഇടയിലൂടെ സംഘം മുന്നേറുന്നതിനിടെയാണ് വന്‍ ഹിമപാതമുണ്ടായത്. അപകടത്തിനു പിന്നാലെ സംഘവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. പുര്‍ജയുടെ ട്രാക്കിങ് ഉപകരണത്തില്‍ ചലനം രേഖപ്പെടുത്തിയെന്ന വിവരം ആദ്യം പ്രതീക്ഷ നല്‍കിയെങ്കിലും ഡ്രോണുകളും വ്യോമനിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ചു നടത്തിയ തിരച്ചിലില്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ദുര്‍ഘടമായ ഭൂപ്രകൃതിയും പ്രതികൂല കാലാവസ്ഥയും തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വെല്ലുവിളിയായി.

ബ്രിട്ടിഷ് സൈന്യത്തില്‍ 16 വര്‍ഷം

നേപ്പാള്‍ സ്വദേശിയായ പുര്‍ജയുടെ ജീവിതത്തിന് ബ്രിട്ടനുമായി അടുത്ത ബന്ധമുണ്ട്. ബ്രിട്ടിഷ് സൈന്യത്തിന്റെ ബ്രിഗേഡ് ഓഫ് ഗൂര്‍ഖാസില്‍ സേവനമാരംഭിച്ച അദ്ദേഹം പിന്നീട് പ്രത്യേക സേനയിലും പ്രവര്‍ത്തിച്ചു. ഏകദേശം 16 വര്‍ഷത്തെ സൈനിക സേവനത്തില്‍ പത്തു വര്‍ഷത്തോളം പ്രത്യേക സേനയിലായിരുന്നു. പര്‍വതാരോഹണരംഗത്തെ നേട്ടങ്ങളും സേവനവും പരിഗണിച്ച് 2018ല്‍ ബ്രിട്ടന്‍ അദ്ദേഹത്തിന് എംബിഇ ബഹുമതി നല്‍കി.

189 ദിവസത്തില്‍ പതിനാല് കൊടുമുടികള്‍

2019ലെ 'പ്രോജക്ട് പോസിബിള്‍' ദൗത്യമാണ് പുര്‍ജയെ ലോക പര്‍വതാരോഹണ ചരിത്രത്തിലെ ഇതിഹാസതാരമാക്കിയത്. സമുദ്രനിരപ്പില്‍നിന്ന് 8,000 മീറ്ററിലധികം ഉയരമുള്ള ലോകത്തിലെ പതിനാല് കൊടുമുടികളും വെറും 189 ദിവസത്തിനുള്ളില്‍ അദ്ദേഹം കീഴടക്കി. ആറുമാസവും ആറുദിവസവും കൊണ്ടാണ് അന്നപൂര്‍ണയില്‍ ആരംഭിച്ച ദൗത്യം ഷിഷാപാങ്മയില്‍ പൂര്‍ത്തിയാക്കിയത്. ഈ സാഹസികയാത്ര പിന്നീട് നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയായ '14 പീക്ക്‌സ്: നത്തിങ് ഈസ് ഇമ്പോസിബിള്‍'ലൂടെ ലോകശ്രദ്ധ നേടി. 2021ല്‍ ശൈത്യകാലത്ത് കെ2 കൊടുമുടി ആദ്യമായി കീഴടക്കിയ നേപ്പാളി സംഘത്തിലും പുര്‍ജ അംഗമായിരുന്നു. പര്‍വതങ്ങളില്‍ അപകടത്തില്‍പ്പെട്ട സഹയാത്രികരെ രക്ഷിച്ച നിരവധി സംഭവങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധേയനായി.

ബ്രോഡ് പീക്കില്‍ അവസാന ദൗത്യം

കെ2 കൊടുമുടിക്കു സമീപമുള്ള ബ്രോഡ് പീക്കിലെ മറ്റൊരു സാഹസിക ദൗത്യത്തിനിടെയാണ് പുര്‍ജയുടെ ജീവിതത്തിന് അപ്രതീക്ഷിതമായ അന്ത്യമുണ്ടായത്. അതികഠിന കാലാവസ്ഥയും പെട്ടെന്നുണ്ടാകുന്ന ഹിമപാതങ്ങളും കാരണം ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പര്‍വതാരോഹണ മേഖലകളിലൊന്നാണ് കാരക്കോറം. ബ്രിട്ടിഷ് സൈനികനില്‍നിന്ന് ലോക പര്‍വതാരോഹണ ചരിത്രത്തിലെ അസാധാരണ റെക്കോര്‍ഡുകളുടെ ഉടമയിലേക്കുള്ള നിര്‍മല്‍ പുര്‍ജയുടെ യാത്ര സാഹസികതയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായിരുന്നു. ബ്രോഡ് പീക്കിലെ ദുരന്തത്തോടെ ലോക പര്‍വതാരോഹണരംഗത്തിന് നഷ്ടമായത് അസാധ്യമായതിനെ സാധ്യമാക്കാന്‍ നിരന്തരം ശ്രമിച്ച സാഹസികനെയാണ്.

 
Other News in this category

 
 




 
Close Window