Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.7167 INR  1 EURO=110.1322 INR
ukmalayalampathram.com
Mon 03rd Aug 2026
 
 
UK Special
  Add your Comment comment
ഹീത്രോ ലാന്‍ഡിങ്ങിനിടെ രണ്ടുതവണ 'സ്റ്റാള്‍' മുന്നറിയിപ്പ്; 'മേയ്ഡേ' പ്രഖ്യാപിച്ച് സുരക്ഷിതമായി ഇറങ്ങി ബിഎ വിമാനം
reporter

ലണ്ടന്‍: ലണ്ടന്‍ ഹീത്രോ വിമാനത്താവളത്തിലേക്കു പറന്ന ബ്രിട്ടിഷ് എയര്‍വേയ്‌സ് വിമാനത്തില്‍ ലാന്‍ഡിങ്ങിനിടെ രണ്ടുതവണ 'സ്റ്റാള്‍' മുന്നറിയിപ്പുണ്ടായ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിമാനം പെട്ടെന്ന് ശക്തമായി ചലിച്ചതോടെ പരിഭ്രാന്തയായ യാത്രക്കാരി 'എനിക്ക് മരിക്കണ്ട' എന്നു നിലവിളിച്ചതായാണ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ വെളിപ്പെടുത്തിയത്. ജര്‍മനിയിലെ ഡ്യൂസല്‍ഡോര്‍ഫില്‍നിന്ന് ഹീത്രോയിലേക്കു വന്ന ബ്രിട്ടിഷ് എയര്‍വേയ്‌സിന്റെ ബിഎ919 എയര്‍ബസ് എ320 വിമാനത്തിലാണ് ജൂലൈ ആറിന് സംഭവം. ആദ്യ ലാന്‍ഡിങ് ശ്രമത്തിനിടെ വിമാനത്തിന്റെ എയര്‍ ഡേറ്റ റഫറന്‍സ് (എഡിആര്‍) സംവിധാനങ്ങളിലൊന്നില്‍ തകരാറുണ്ടാവുകയും 'സ്റ്റാള്‍' മുന്നറിയിപ്പ് ലഭിക്കുകയും ചെയ്തു. ഇതോടെ പൈലറ്റുമാര്‍ ലാന്‍ഡിങ് ഉപേക്ഷിച്ച് വിമാനം വീണ്ടും ഉയര്‍ത്തിയശേഷം 'പാന്‍ പാന്‍' അടിയന്തര സന്ദേശം നല്‍കി. രണ്ടാമത്തെ ലാന്‍ഡിങ് ശ്രമത്തിനിടെ ഏകദേശം 3,000 അടി ഉയരത്തില്‍ വീണ്ടും 'സ്റ്റാള്‍' മുന്നറിയിപ്പുണ്ടായി. തുടര്‍ന്ന് വിമാനം നിയന്ത്രണത്തിലാക്കാന്‍ ശക്തമായ റിക്കവറി മനൂവര്‍ നടത്തുകയും അടിയന്തര സന്ദേശം 'മേയ്ഡേ'യായി ഉയര്‍ത്തുകയും ചെയ്തു. പിന്നീട് വിമാനം ഹീത്രോയില്‍ സുരക്ഷിതമായി ഇറക്കി.

'എനിക്ക് മരിക്കണ്ട'

വിമാനം പെട്ടെന്ന് ശക്തമായി ചലിക്കുകയും എന്‍ജിനുകളുടെ ശബ്ദം ഉയരുകയും ചെയ്തതോടെ യാത്രക്കാര്‍ പരിഭ്രാന്തരായതായി വിമാനത്തിലുണ്ടായിരുന്ന എഡ്വേഡ് കില്ലിവിക്ക് പറഞ്ഞു. താനും പങ്കാളി ജൂലിയും ചേര്‍ന്ന് സമീപത്തിരുന്ന യാത്രക്കാരിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെയാണ് അവര്‍ 'എനിക്ക് മരിക്കണ്ട' എന്നു നിലവിളിച്ചതെന്നും കില്ലിവിക്ക് വ്യക്തമാക്കി. വിമാനം ഇറങ്ങിയപ്പോള്‍ അഗ്‌നിരക്ഷാസേനാ വാഹനങ്ങളും പൊലീസ് ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങളും റണ്‍വേയ്ക്കു സമീപം സജ്ജമായിരുന്നു. സംഭവത്തില്‍ യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരുക്കേറ്റിട്ടില്ല. വിമാനത്തിനും കേടുപാടുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അന്വേഷണം തുടരുന്നു

ബ്രിട്ടനിലെ എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് (എഎഐബി) സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നതിനാല്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനാകില്ലെന്ന് ബ്രിട്ടിഷ് എയര്‍വേയ്‌സ് അറിയിച്ചു. സംഭവം ഫ്രഞ്ച് വ്യോമയാന അപകടാന്വേഷണ ഏജന്‍സിയായ ബിഇഎയുടെ രേഖകളില്‍ 'സീരിയസ് ഇന്‍സിഡന്റ്' എന്നാണ് തരംതിരിച്ചിരിക്കുന്നത്.

വിമാനം യഥാര്‍ഥത്തില്‍ എയറോഡൈനാമിക് സ്റ്റാളിലായിരുന്നോ അതോ എഡിആര്‍ സംവിധാനത്തില്‍നിന്നുള്ള തെറ്റായ വിവരങ്ങള്‍ മുന്നറിയിപ്പിന് കാരണമായോ എന്നത് അന്തിമ അന്വേഷണത്തിലൂടെയേ വ്യക്തമാകൂ. സംഭവം വന്‍ ദുരന്തത്തിലേക്കു നയിക്കാമായിരുന്നുവെന്ന ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും കൃത്യമായ കാരണം സംബന്ധിച്ച് അന്വേഷണ ഏജന്‍സി ഇതുവരെ അന്തിമ നിഗമനം പ്രഖ്യാപിച്ചിട്ടില്ല.

'പാന്‍ പാന്‍', 'മേയ്ഡേ'-വ്യത്യാസമെന്ത്?

വിമാനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യമുണ്ടെങ്കിലും ജീവന് ഉടനടി ഭീഷണിയില്ലാത്ത ഘട്ടത്തിലാണ് 'പാന്‍ പാന്‍' സന്ദേശം നല്‍കുന്നത്. ഗുരുതരവും ആസന്നവുമായ അപകടസാധ്യതയുണ്ടെന്നും ഉടന്‍ സഹായം ആവശ്യമാണെന്നും അറിയിക്കുന്ന ഏറ്റവും ഉയര്‍ന്ന അടിയന്തര സന്ദേശമാണ് 'മേയ്ഡേ'. രണ്ട് സന്ദേശങ്ങളും സാധാരണയായി മൂന്നുതവണ ആവര്‍ത്തിച്ചാണ് നല്‍കുന്നത്. 'മേയ്ഡേ' എന്ന പദത്തിന്റെ ഉത്ഭവം ഫ്രഞ്ചിലെ 'm'aider'-'എന്നെ സഹായിക്കൂ'-എന്ന പ്രയോഗത്തില്‍നിന്നാണ്. 1920കളില്‍ ലണ്ടനിലെ ക്രോയ്ഡന്‍ വിമാനത്താവളത്തിലെ റേഡിയോ ഓഫിസറായ ഫ്രെഡറിക് സ്റ്റാന്‍ലി മോക്ക്‌ഫോഡാണ് അടിയന്തരഘട്ടങ്ങളില്‍ വ്യക്തമായി തിരിച്ചറിയാവുന്ന ശബ്ദസന്ദേശമായി ഇത് നിര്‍ദേശിച്ചത്. മേയ്ഡേ സന്ദേശത്തിന് മറ്റെല്ലാ റേഡിയോ ആശയവിനിമയങ്ങളേക്കാളും മുന്‍ഗണന ലഭിക്കും. സമീപത്തുള്ള വിമാനങ്ങള്‍ റേഡിയോ നിശ്ശബ്ദത പാലിക്കുകയും ആവശ്യമായാല്‍ സന്ദേശങ്ങള്‍ കൈമാറാന്‍ സഹായിക്കുകയും വേണം. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിമാനത്തിന് മുന്‍ഗണന നല്‍കുകയും വിമാനത്താവളത്തിലെ അടിയന്തര സേവനങ്ങളെ സജ്ജമാക്കുകയും ചെയ്യും.

 
Other News in this category

 
 




 
Close Window