ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പൊലീസ് സേനകളില്‍ ദീര്‍ഘകാല അസുഖാവധിയിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തില്‍. മാര്‍ച്ച് 31ലെ കണക്കനുസരിച്ച് 43 പ്രാദേശിക പൊലീസ് സേനകളിലായി 3,358 മുഴുവന്‍സമയ തസ്തികകള്‍ക്ക് തുല്യമായ ഉദ്യോഗസ്ഥരാണ് (FTE) 28 ദിവസത്തിലധികമായി അസുഖാവധിയിലുള്ളത്. ആകെ പൊലീസ് ഉദ്യോഗസ്ഥരുടെ 2.3 ശതമാനമാണിത്. ബ്രിട്ടിഷ് ട്രാന്‍സ്പോര്‍ട്ട് പൊലീസിലെ ഉദ്യോഗസ്ഥരെ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹോം ഓഫിസ് റിപ്പോര്‍ട്ട്. മാര്‍ച്ച് 31ന് ഒരു മാസത്തിലധികമായി ജോലിയില്‍നിന്നു വിട്ടുനിന്നവരുടെ സ്ഥിതിയാണ് വാര്‍ഷിക സര്‍വേയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വര്‍ഷത്തിന്റെ മറ്റു ഘട്ടങ്ങളില്‍ ദീര്‍ഘകാല അവധിയിലായിരുന്നവരെയോ 28 ദിവസത്തില്‍ താഴെ അസുഖാവധി എടുത്തവരെയോ ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
2021ല്‍ ദീര്‍ഘകാല അസുഖാവധിയിലുണ്ടായിരുന്നത് 1,965 പൊലീസ് തസ്തികകള്‍ക്ക് തുല്യമായ ഉദ്യോഗസ്ഥരായിരുന്നു. അഞ്ചുവര്‍ഷത്തിനിടെ കണക്ക് 71 ശതമാനത്തോളം ഉയര്‍ന്നാണ് 3,358ല്‍ എത്തിയത്. കഴിഞ്ഞവര്‍ഷം ദീര്‍ഘകാല അസുഖാവധിയിലുണ്ടായിരുന്നത് ആകെ ഉദ്യോഗസ്ഥരുടെ 2.2 ശതമാനമായിരുന്നെങ്കില്‍ ഇത്തവണ അത് 2.3 ശതമാനമായി. റാങ്ക് അടിസ്ഥാനത്തില്‍ ഏകദേശം 2,653 കോണ്‍സ്റ്റബിള്‍മാര്‍, 508 സര്‍ജന്റുമാര്‍, 137 ഇന്‍സ്പെക്ടര്‍മാര്‍, 59 ചീഫ് ഇന്‍സ്പെക്ടര്‍ അല്ലെങ്കില്‍ അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരാണ് ദീര്‍ഘകാല അസുഖാവധിയിലുള്ളത്. മുതിര്‍ന്ന റാങ്കുകളെ അപേക്ഷിച്ച് കോണ്സ്റ്റബിള്മാര്ക്കിടയിലാണ് അവധിയുടെ നിരക്ക് കൂടുതല്‍. കോണ്‍സ്റ്റബിള്‍മാരില്‍ 2.4 ശതമാനവും സര്ജന്റുമാരില് 2.3 ശതമാനവും ഇന്‍സ്പെക്ടര്‍മാരില്‍ രണ്ടു ശതമാനവും ദീര്‍ഘകാല അസുഖാവധിയിലാണ്.
കാരണങ്ങളുടെ വിശദാംശങ്ങളില്ല
അംഗീകൃതമായ ശാരീരികമോ മാനസികമോ ആയ ആരോഗ്യപ്രശ്നത്തെ തുടര്‍ന്ന് 28 ദിവസത്തിലധികം ജോലിയില്‍നിന്നു വിട്ടുനില്‍ക്കുന്നതിനെയാണ് ഹോം ഓഫിസ് ദീര്‍ഘകാല അസുഖാവധിയായി കണക്കാക്കുന്നത്. എന്നാല്‍ പുതിയ കണക്കുകളില്‍ രോഗങ്ങളുടെയും പരുക്കുകളുടെയും പ്രത്യേക കാരണവിഭജനം നല്‍കിയിട്ടില്ല. ജോലിക്കിടെയുണ്ടാകുന്ന പരുക്കുകളും ആക്രമണങ്ങളും മാനസിക സമ്മര്‍ദവും ഉത്കണ്ഠയും വിഷാദവും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങളായി നേരത്തേ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
£150 മില്യണ്‍ ശമ്പളച്ചെലവെന്ന് വിലയിരുത്തല്‍
അസുഖാവധിയിലുള്ള ഉദ്യോഗസ്ഥരുടെ വാര്‍ഷിക അടിസ്ഥാന ശമ്പളം കണക്കിലെടുക്കുമ്പോള്‍ മൊത്തം ചെലവ് ഏകദേശം £150 മില്യണും പ്രതിവാര ചെലവ് £3 മില്യണോളവും വരുമെന്ന് ടാക്സ്പേയേഴ്സ് അലയന്‍സ് വിലയിരുത്തുന്നു. എന്നാല്‍ ഇത് ഹോം ഓഫിസിന്റെ ഔദ്യോഗിക അസുഖാവധി ചെലവുകണക്കല്ല; ശമ്പളത്തെ അടിസ്ഥാനമാക്കി സംഘടന നടത്തിയ ഏകദേശ കണക്കുകൂട്ടലാണ്. പൊതുജനങ്ങള്‍ കൂടുതല്‍ പൊലീസ് സാന്നിധ്യം ആവശ്യപ്പെടുന്ന സമയത്ത് ഇത്രയും ഉദ്യോഗസ്ഥര്‍ ദീര്‍ഘകാലം ജോലിയില്‍നിന്നു വിട്ടുനില്‍ക്കുന്നത് ആശങ്കാജനകമാണെന്ന് ടാക്സ്പേയേഴ്സ് അലയന്‍സ് ക്യാംപെയ്ന്സ് ഡയറക്ടര്‍ വില്യം യാര്‍വുഡ് പറഞ്ഞു. അസുഖാവധിയുടെ കാരണങ്ങള്‍ പരിശോധിച്ച് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ ആരോഗ്യ-ക്ഷേമ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം സേനകളിലെ ഹാജര്‍ മാനേജ്മെന്റും ശക്തിപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.