ലണ്ടന്‍: പൊതുനിരത്തില്‍ കാറുകള്‍ മത്സരിച്ചോടിച്ചതിനെത്തുടര്ന്ന് അമ്മയും നാലുവയസ്സുകാരിയായ മകളും മരിച്ച കേസില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ക്ക് ആകെ 28 വര്‍ഷം തടവ്. ഹര്‍ദീപ് ഭാച്ചുവിന് (29) പന്ത്രണ്ട് വര്‍ഷവും ജസ്കമല് റിയാറ്റിന് (37) പതിനാറ് വര്‍ഷവുമാണ് ലീഡ്സ് ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. അപകടകരമായ ഡ്രൈവിങ്ങിലൂടെ രണ്ടുപേരുടെ മരണത്തിന് കാരണമായതിനാണ് ശിക്ഷ. 2023 ജനുവരിയില്‍ വടക്കന്‍ ഇംഗ്ലണ്ടിലെ ലീഡ്സിലുള്ള സ്കോട്ട് ഹാള്‍ റോഡിലായിരുന്നു അപകടം. സ്കൂളിലേക്ക് നടന്നുപോകുകയായിരുന്ന ജസ്റ്റീന ഹുല്ബോജ് (27), മകള്‍ ലെന സെപ്ചോര് (4) എന്നിവരാണ് മരിച്ചത്. ഭാച്ചു ഓടിച്ചിരുന്ന ഔഡി നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് കയറി ഇരുവരെയും ഇടിക്കുകയായിരുന്നു. അപകടത്തിനു തൊട്ടുമുമ്പ് ഭാച്ചുവിന്റെ ഔഡിയും റിയാറ്റിന്റെ ബിഎംഡബ്ല്യുവും മത്സരിച്ചോടുന്നതിന്റെ ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ ലഭിച്ചു. മണിക്കൂറില്‍ 40 മൈല്‍ വേഗപരിധിയുള്ള റോഡില്‍ ഭാച്ചുവിന്റെ കാര്‍ ഏകദേശം 90 മൈല്‍ വേഗത്തിലാണ് സഞ്ചരിച്ചിരുന്നതെന്ന് വിചാരണയില്‍ വ്യക്തമായി.
പരസ്പരം മുന്‍പരിചയമില്ലാതിരുന്ന ഇരുവരും ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയപ്പോള്‍ കാറുകളുടെ ശേഷിയെക്കുറിച്ച് സംസാരിച്ചതിനു പിന്നാലെയാണ് മത്സരയോട്ടം ആരംഭിച്ചത്. ഭാച്ചു കുറ്റം സമ്മതിച്ചപ്പോള്‍ റിയാറ്റ് ഉത്തരവാദിത്തം നിഷേധിച്ചു. എന്നാല്‍ ദൃശ്യങ്ങളടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ റിയാറ്റും കുറ്റക്കാരനാണെന്ന് കണ്ടെത്തി. പൊതുനിരത്ത് മത്സരയോട്ടത്തിനുള്ള ഇടമല്ലെന്നും ശക്തിയേറിയ കാര്‍ സ്വന്തമായുള്ളത് അതിന്റെ പരമാവധി വേഗം റോഡില്‍ പരീക്ഷിക്കാനുള്ള അനുമതിയല്ലെന്നും ജഡ്ജി റേ സിങ് വ്യക്തമാക്കി. ഇരുവര്‍ക്കും ആറുവര്‍ഷത്തെ ഡ്രൈവിങ് വിലക്കും ഏര്‍പ്പെടുത്തി. വീണ്ടും വാഹനമോടിക്കാന്‍ വിപുലമായ ഡ്രൈവിങ് പരീക്ഷ വിജയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.