ലണ്ടന്‍: പൊതുധനകാര്യങ്ങളില് സമ്മര്‍ദം വര്‍ധിക്കുന്നതിനിടെ, ക്ഷേമാനുകൂല്യങ്ങള്‍ ഉയര്‍ത്താനും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഊര്‍ജബില്‍ സഹായം നല്‍കാനും ബ്രിട്ടീഷ് ബജറ്റില്‍ 650 കോടി പൗണ്ടിലേറെ നീക്കിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അതേസമയം, ക്ഷേമച്ചെലവ് നിയന്ത്രിക്കുന്നതിനുള്ള നിര്‍ണായക പരിഷ്കാരങ്ങള്‍ ചാന്‍സലര്‍ ജോണ്‍ ഹീലി പ്രഖ്യാപിച്ചേക്കില്ലെന്ന സൂചന പ്രതിപക്ഷ വിമര്‍ശനത്തിന് വഴിയൊരുക്കി. ലേബര്‍ പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടനുസരിച്ച്, ഏകദേശം ഒരുകോടി പേര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ 3.5 ശതമാനം വര്‍ധന വരുത്താന്‍ 550 കോടി പൗണ്ടാണ് വകയിരുത്തുന്നത്. ശൈത്യകാലത്ത് ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നവര്‍ക്കും കുറഞ്ഞ വരുമാനക്കാര്‍ക്കും ഊര്ജച്ചെലവില് സഹായം നല്കാന് കുറഞ്ഞത് 100 കോടി പൗണ്ട് കൂടി നീക്കിവെക്കുമെന്നാണ് പ്രതീക്ഷ.
ആഗോള സമ്പദ്വ്യവസ്ഥ പ്രതിസന്ധി നേരിടുമ്പോള്‍ കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുകയാണ് ബജറ്റിന്റെ ലക്ഷ്യമെന്ന് ചാന്‍സലര്‍ വ്യക്തമാക്കി. ദൈനംദിന ചെലവുകളുടെ ഭാരം കുറയ്ക്കുന്നതിനൊപ്പം ഭാവിയില്‍ ഊര്‍ജബില്ലുകള്‍ താഴ്ത്താനുള്ള ദീര്‍ഘകാല നടപടികളും പ്രഖ്യാപിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍, ക്ഷേമാനുകൂല്യങ്ങള്‍ ലഭിക്കാത്ത കുടുംബങ്ങള്‍ക്കുള്ള അടിയന്തര സഹായം പരിമിതമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്‍എച്ച്എസ് പ്രിസ്ക്രിപ്ഷന് ചാര്‍ജ് നിലവിലെ 9.90 പൗണ്ടില്‍ മരവിപ്പിക്കുന്നതടക്കമുള്ള നടപടികളാണ് പരിഗണനയിലുള്ളത്. ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിത്തീരുവയിലെ ഇളവുകള്‍ വഴി ശരാശരി കുടുംബത്തിന് ആഴ്ചയില്‍ ഏകദേശം 40 പെന്‍സ് മാത്രമേ ലാഭിക്കാനാകൂവെന്ന കണക്കും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
മുന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് നിശ്ചയിച്ച ധനകാര്യ ചട്ടങ്ങള്‍ പാലിക്കുമെന്ന് ഹീലി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, രോഗാവസ്ഥയുമായി ബന്ധപ്പെട്ട ആനുകൂല്യച്ചെലവ് നിയന്ത്രിക്കാന്‍ പുതിയ പരിഷ്കാരങ്ങള്‍ ഉണ്ടായേക്കില്ലെന്നാണ് സൂചന. ഔദ്യോഗിക പ്രവചനങ്ങള്‍ പ്രകാരം, ഈ ചെലവ് കഴിഞ്ഞ വര്‍ഷത്തെ 8,300 കോടി പൗണ്ടില്‍നിന്ന് ദശാബ്ദത്തിന്റെ അവസാനത്തോടെ 10,900 കോടി പൗണ്ടിലെത്തിയേക്കാം. ക്ഷേമച്ചെലവ് നിയന്ത്രിക്കുന്നതില്‍ വീണ്ടും വീഴ്ചയുണ്ടായാല്‍ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി കൂടുതല്‍ വഷളാകുമെന്ന് ഷാഡോ ട്രഷറി മന്ത്രി റിച്ചാര്‍ഡ് ഫുള്ളര്‍ മുന്നറിയിപ്പ് നല്കി. ഉയരുന്ന നികുതിഭാരവും കടബാധ്യതയും നേരിടാന്‍ ശക്തമായ തീരുമാനങ്ങള്‍ ആവശ്യമാണെന്നും ജോലി ചെയ്യുന്ന കുടുംബങ്ങളില്‍നിന്ന് കൂടുതല്‍ നികുതി പിരിച്ച് ആനുകൂല്യങ്ങള്‍ക്കായി ചെലവഴിക്കുന്നതിന്റെ നീതി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുന്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി സര് മെല്‍ സ്ട്രൈഡും ക്ഷേമച്ചെലവില്‍ ഇടപെടല്‍ ആവശ്യപ്പെട്ടു. തൊഴില്‍ ചെയ്യാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ സംവിധാനം പരിഷ്കരിക്കണമെന്നും രോഗാവസ്ഥയുമായി ബന്ധപ്പെട്ട ആനുകൂല്യച്ചെലവിലെ വര്‍ധന ഗൗരവമായി കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്‍ ചീഫ് ഇക്കണോമിസ്റ്റ് ആന്‍ഡി ഹാള്ഡെയ്നും ബജറ്റില്‍ ക്ഷേമപരിഷ്കാരങ്ങളുടെ പ്രാരംഭ നടപടികളെങ്കിലും പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. ചെലവ് നിയന്ത്രിക്കുന്നതിനുള്ള നീക്കം സര്‍ക്കാരിന്റെ പരിഷ്കരണ പ്രതിബദ്ധതയില്‍ വിപണികള്‍ക്ക് വിശ്വാസം നല്‍കുമെന്നും കടമെടുപ്പിന്റെ ചെലവ് കുറയ്ക്കാന്‍ സഹായിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിഷ്കാരങ്ങള്‍ വൈകുന്നത് സ്വന്തം പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പുകളെ നേരിടാനുള്ള പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിന്റെ ശേഷിയെ ബാധിച്ചേക്കാമെന്നും ഹാള്ഡെയ്ന് മുന്നറിയിപ്പ് നല്കി. കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനൊപ്പം ക്ഷേമച്ചെലവും നികുതിഭാരവും എങ്ങനെ നിയന്ത്രിക്കുമെന്നതാകും ബജറ്റിലെ പ്രധാന ചര്‍ച്ച.