Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.866 INR  1 EURO=110.4972 INR
ukmalayalampathram.com
Tue 01st Sep 2026
 
 
Teens Corner
  Add your Comment comment
എസ്.എന്‍.ഡി.പി. യോഗം യു.കെ.യുടെ ആഭിമുഖ്യത്തില്‍ ഈസ്റ്റ് ഹാമില്‍ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് മഹാ ജയന്തി ആഘോഷം ജനപങ്കാളിത്തം കൊണ്ടു മാതൃകയായി
Text By: UK Malayalam Pathram
എസ്.എന്‍.ഡി.പി. യോഗം യു.കെ.യുടെ ആഭിമുഖ്യത്തില്‍ ഈസ്റ്റ് ഹാമില്‍ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് മഹാ ജയന്തി ആഘോഷം പുതുമ നിറഞ്ഞതായിരുന്നു ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തിലും ജനപങ്കാളിത്തത്തോടെയും വന്‍ വിജയമായി. യൂണിറ്റ് നമ്പര്‍ 4 അരുവിപ്പുറം കുടുംബയോഗം ആതിഥേയത്വം വഹിച്ച ആഘോഷത്തില്‍ യുകെയുടെ വിവിധ വിദൂര ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും ശ്രീനാരായണീയരും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.


പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ. പ്രസിഡന്റ് രജനി ഷിബു പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. അരുവിപ്പുറം കുടുംബയോഗം സെക്രട്ടറി കൂടിയായ ജയന്തി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ രാം സാഗര്‍ സ്വാഗതം ആശംസിച്ചു.


തുടര്‍ന്ന് ദീപു ശാന്തിയുടെ കാര്‍മികത്വത്തില്‍ ഗുരുപൂജ നടന്നു. ഗുരുപൂജയെ തുടര്‍ന്ന് ജയന്തി സാംസ്‌കാരിക ഘോഷയാത്ര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വര്‍ണ്ണാഭമായി നടന്നു. പ്രശാന്ത സുന്ദരമായ അന്തരീക്ഷത്ത്തെയും തദ്ദേശവാസികളെയും അലോരസപ്പെടുത്താതെ പീതപതാകകള്‍ കൈകളിലേന്തി ഗുരുസ്തവം ചൊല്ലി നടന്ന ഘോഷയാത്ര മാതൃകയായി. ഘോഷയാത്രക്കുശേഷം നടന്ന വിഭവ സമൃദ്ധമായ ജയന്തി സദ്യയില്‍ നിരവധി പേര്‍ പങ്കെടുത്തു.


കുട്ടികള്‍ക്കായി ക്വിസ് മത്സരം ഉള്‍പ്പെടെയുള്ള വിജ്ഞാനപ്രദമായ പരിപാടികള്‍, ഗുരുദേവ കൃതികളുടെ പാരായണം, പ്രസംഗ മത്സരം എന്നിവയും നടന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ-കായിക മത്സരങ്ങളും സംഘടിപ്പിച്ചു.


ശ്രീനാരായണ കലോത്സവത്തിന് തുടക്കമായി

ജയന്തി ആഘോഷത്തോടനുബന്ധിച്ച് ശ്രീനാരായണ കലോത്സവത്തിനും തുടക്കമായി. ഗുരുദേവന്റെ ദര്‍ശനങ്ങളും കൃതികളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും കുട്ടികളിലെ വിജ്ഞാനപരവും സര്‍ഗാത്മകവും കലാപരവുമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കലോത്സവത്തിലൂടെ ലക്ഷ്യമിടുന്നത്.


പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ.യുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ശ്രീനാരായണ കലോത്സവം സംഘടിപ്പിക്കുമെന്നും, അതിന്റെ തുടക്കമാണ് ഇത്തവണത്തെ പരിപാടികളിലൂടെ കുറിച്ചിരിക്കുന്നതെന്നും പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ. കള്‍ച്ചറല്‍ സെക്രട്ടറി ജയപ്രകാശ് ഉള്ളൂര്‍ അറിയിച്ചു.


സര്‍വമത സാംസ്‌കാരിക സമ്മേളനം

''ശ്രീനാരായണ ദര്‍ശനങ്ങളുടെ കാലിക പ്രസക്തി പ്രവാസജീവിതത്തില്‍'' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സര്‍വമത സാംസ്‌കാരിക സമ്മേളനം ജയന്തി ആഘോഷത്തിലെ പ്രധാന ആകര്‍ഷണമായി.


പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ. വൈസ് പ്രസിഡന്റ് ശ്രീകാന്ത് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കള്‍ച്ചറല്‍ സെക്രട്ടറി ജയപ്രകാശ് ഉള്ളൂര്‍ സ്വാഗതം പറഞ്ഞു. പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ. പ്രസിഡന്റ് രജനി ഷിബു സമ്മേളനം ഉദ്ഘാടനം ചെയ്തു.


പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ. ജനറല്‍ സെക്രട്ടറി സുധാകരന്‍ പാലാ വിഷയാവതരണം നടത്തി.


തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സോഷ്യല്‍ ആക്ടിവിസ്റ്റും ഹ്യൂമാനിറ്റേറിയനുമായ ടോണി ചെറിയാന്‍, കൈരളി യു.കെ. സെക്രട്ടറി അനസ് സലാം, ശ്രീനാരായണ ഗുരു മിഷന്‍ യു.കെ. കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ സുരേഷ് കുമാര്‍ ഗംഗാധരന്‍ ,പ്രവാസി എസ് എന്‍ ഡി പി യോഗം യുകെ ഓര്‍ഗനൈസിംഗ് സെക്രട്ടറി ലെനിന്‍ കുമാര്‍ പുനലൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു .


പ്രവാസജീവിതത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ക്കുള്ള പ്രസക്തിയും ഗുരുസന്ദേശം പുതുതലമുറയിലേക്ക് പകര്‍ന്നു നല്‍കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.


പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ.യുടെ പുതിയ വെബ്സൈറ്റ് ലോഞ്ച് ചെയ്തു. ജയന്തി ആഘോഷത്തിന്റെ ഭാഗമായി പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ.യുടെ പുതിയ വെബ്സൈറ്റ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു.


ഗുരുദീപം കുടുംബയോഗം, ബ്രിസ്റ്റോള്‍ സെക്രട്ടറി കൂടിയായ മിഥുന്‍ രാജന്‍ .പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ.യുടെ വെബ്സൈറ്റ് സ്പെഷ്യല്‍ കോര്‍ഡിനേറ്റര്‍ കൂടിയാണ്. മിഥുന്‍ രാജനാണ് പുതിയ വെബ്സൈറ്റ് ലോഞ്ച് നിര്‍വഹിച്ചത്.


ഇനി മുതല്‍ പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ.യില്‍ അംഗത്വം എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെബ്സൈറ്റ് മുഖേന നേരിട്ട് അംഗത്വത്തിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍, പരിപാടികള്‍, അംഗത്വവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും പുതിയ വെബ്സൈറ്റ് സഹായകരമാകും.


സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ആധുനികവും സുതാര്യവുമായ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി പുതിയ വെബ്സൈറ്റ് ലോഞ്ച് ശ്രദ്ധേയമായ ചുവടുവയ്പ്പായി.


തുടര്‍ന്ന് വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണം, വിവിധ കലാപരിപാടികള്‍, നറുക്കെടുപ്പ്, ലേലം എന്നിവയും നടന്നു.

ജയന്തി ആഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച സംഘാടക സമിതി അംഗങ്ങളെയും വിവിധ കുടുംബയോഗങ്ങളെയും ഭാരവാഹികള്‍ അഭിനന്ദിച്ചു. ആതിഥേയരായ യൂണിറ്റ് നമ്പര്‍ 4 - അരുവിപ്പുറം കുടുംബയോഗത്തിന്റെ നേതൃത്വവും സംഘാടന മികവും പരിപാടിയുടെ വിജയത്തില്‍ നിര്‍ണായകമായി.


പ്രവാസി എസ്.എന്‍.ഡി.പി. യോഗം യു.കെ. എച്ച്ആര്‍ സെക്രട്ടറി അനുമോള്‍ രവി കൃതജ്ഞത രേഖപ്പെടുത്തി.


ഗുരുദേവന്റെ മഹത്തായ ദര്‍ശന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിച്ച ജയന്തി ആഘോഷം എല്ലാത്തരത്തിലും മാതൃകയായി. സംഘടനയുടെ സമാരംഭം മുതല്‍ ചതയ ദിനത്തില്‍ തന്നെ ശ്രീനാരായണ ജയന്തിയാഘോഷം നടത്തുന്നത് യുകെയിലെ ശ്രീനാരായണീയ സമൂഹത്തിന് മാതൃകയായിരുന്നു. മാനവിക ഐക്യത്തിന്റെയും കൂട്ടായ്മയുടെയും ശക്തമായ പ്രതിഫലനമായി മാറി മത ജാതി സ്പര്‍ദ്ധ മുതല്‍ യുദ്ധം വരെയുള്ള സാമൂഹ്യ തിന്മകളുടെ മേല്‍ വിജയിക്കേണ്ടതിന്റെ അനിവാര്യത അടിവരയിട്ടു പറയുന്ന ഗുരുദര്‍ശനം മറ്റെല്ലാ ദര്‍ശനങ്ങള്‍ക്കും അപ്പുറമാണെന്നും ലോകത്തെ അറിയിക്കേണ്ടതിന്റെ ഉത്തരവാദത്വം ഓരോ ശ്രീനാരായണീയനുമുണ്ടെന്നും പ്രവാസ ജീവിതത്തില്‍ ആ ചുമതല ഏറെ വലുതാണെന്നും അതാണ് പ്രവാസി എസ് എന്‍ ഡി പി യോഗം യുകെ ചെയ്യുവാന്‍ ശ്രമിക്കുന്നതെന്നും ഓരോ ജയന്തിയാഘോഷവും ഓര്‍മ്മപ്പെടുത്തുന്നതായി ഭാരവാഹികളും ജയന്തിയാഘോഷ കമ്മറ്റി ചെയര്‍മാന്‍ റാം സാഗറും ജനറല്‍ കണ്‍വീനര്‍ സുനില്‍ കാലടിയും (ദേവസ്വം സെക്രട്ടറി) ആഘോഷ കമ്മിറ്റി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സൗമ്യ അനീഷും അറിയിച്ചു.
 
Other News in this category

 
 




 
Close Window