റിയാദ്: ഹൂത്തി ആക്രമണങ്ങളെ ചെറുക്കാന്‍ സൗദി അറേബ്യയ്ക്ക് പിന്തുണയുമായി ബ്രിട്ടന്‍ പോര്‍വിമാനങ്ങള്‍ വിന്യസിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രതിരോധ സഹകരണം ശക്തമാക്കുന്നതിനായി സൗദി മറ്റ് രാജ്യങ്ങളുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഇതിനിടെ റിയാദിനെ ലക്ഷ്യമിട്ട് ഹൂത്തികള്‍ വീണ്ടും ആക്രമണം നടത്തി. മിസൈലുകള്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തതായി സൗദി സേന അറിയിച്ചു. മേഖലയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഫ്രാന്‍സുമായി തന്ത്രപ്രധാന പ്രതിരോധ സഹകരണത്തിനുള്ള കരാറിലേക്ക് യുഎഇയും നീങ്ങുകയാണ്. ഇതിനായുള്ള ചട്ടക്കൂട് രൂപീകരിച്ചിട്ടുണ്ട്.
മറുവശത്ത്, അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തിന് പരിഹാരം കണ്ടെത്താനുള്ള നയതന്ത്ര നീക്കങ്ങളും സജീവമാകുന്നതായാണ് വിവരം. ടെഹ്‌റാനില്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ് ഇറാന്‍ സുരക്ഷാ നേതൃത്വവുമായി ചര്‍ച്ച നടത്തി. സമവായത്തിന്റെ ഭാഗമായി ഇറാന്റെ യുറേനിയം ശേഖരം ഏറ്റെടുത്ത് സൂക്ഷിക്കാമെന്ന് റഷ്യ നേരത്തേ അറിയിച്ചിരുന്നു. പാകിസ്ഥാന്‍ സൈനിക മേധാവിയുടെ ടെഹ്‌റാന്‍ സന്ദര്‍ശനവും ഈ പശ്ചാത്തലത്തില്‍ ശ്രദ്ധ നേടുന്നു. അമേരിക്കന്‍ പ്രതിരോധ നേതൃത്വത്തിലെ പീറ്റ് ഹെഗ്സെത്ത് മുന്‍കൂട്ടി പ്രഖ്യാപിക്കാത്ത സന്ദര്‍ശനത്തിനായി ഇസ്രയേലില്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഹോര്‍മൂസ് വഴി കടന്നുപോകുന്ന ഇന്റര്‍നെറ്റ് കേബിള്‍ ശൃംഖലയെ ലക്ഷ്യമിടുമെന്ന ഇറാന്റെ മുന്നറിയിപ്പ് മേഖലയില്‍ ആശങ്ക വര്‍ധിപ്പിച്ചു. പ്രതിരോധ നടപടികള്‍ക്കൊപ്പം നയതന്ത്ര ചര്‍ച്ചകളും മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ തുടര്‍നീക്കങ്ങള്‍ നിര്‍ണായകമാകും.