സൂപ്പര്‍സ്റ്റാറിന്റെ അട്ടഹാസ പ്രകടനവുമായി ജയിലര്‍ 2: ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ തന്നെ സൂപ്പര്‍ ഹിറ്റ്
Text By: UK Malayalam Pathram
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആദ്യഭാഗം സംവിധാനം ചെയ്ത നെല്‍സണ്‍ ദിലീപ് കുമാര്‍ തന്നെയാണ് രണ്ടാം ഭാഗവും അണിയിച്ചൊരുക്കുന്നത്. ആക്ഷന്‍, മാസ് രംഗങ്ങള്‍, മികച്ച താരനിര എന്നിവകൊണ്ട് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ഒക്ടോബര്‍ 15ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
Watch Video Trailer:
ആദ്യഭാഗത്തിലെ പ്രധാന വില്ലനായിരുന്ന വര്‍മന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ കണ്ടെത്താനുള്ള ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്റെ ദൗത്യമാണ് രണ്ടാം ഭാഗത്തിന്റെ പ്രമേയമെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയതാരം സുരാജ് വെഞ്ഞാറമൂട് പ്രധാന പ്രതിനായക കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്. വര്‍മന്റെ വിശ്വസ്തനായി എത്തുന്ന സുരാജിന്റെ കഥാപാത്രം ചിത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.
ആദ്യഭാഗത്തില്‍ ശ്രദ്ധേയമായ കാമിയോ വേഷത്തില്‍ എത്തിയ മോഹന്‍ലാലിന്റെ മാത്യു എന്ന കഥാപാത്രവും 'ജയിലര്‍ 2' ല്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്. മോഹന്‍ലാലിന്റെ സാന്നിധ്യം ട്രെയിലറിലൂടെ തന്നെ ആരാധകരില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
വിദ്യാ ബാലന്‍, ശിവരാജ് കുമാര്‍, എസ് ജെ സൂര്യ, രമ്യാ കൃഷ്ണന്‍, ജാക്കി ഷ്രോഫ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇതുകൂടാതെ ഹക്കിം ഷാ, കോട്ടയം നസീര്‍, മിര്‍ണ, സുജിത് ശങ്കര്‍, സുനില്‍ സുഗത, ഷംന കാസിം, രാജേഷ് മാധവന്‍, അന്ന രേഷ്മ രാജന്‍ തുടങ്ങിയ മലയാളി താരങ്ങളുടെയും ശ്രദ്ധേയ സാന്നിധ്യമുണ്ട്.
അനിരുദ്ധ് രവിചന്ദറിന്റെ പശ്ചാത്തല സംഗീതവും വിജയ് കാര്‍ത്തിക് കണ്ണന്റെ ഛായാഗ്രഹണവും ട്രെയിലറിന് കൂടുതല്‍ മികവ് പകരുന്നുണ്ട്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കേരള, കര്‍ണാടക വിതരണാവകാശം ശ്രീ ഗോകുലം മൂവീസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ വിതരണ പങ്കാളി.
2023ല്‍ പുറത്തിറങ്ങിയ 'ജയിലര്‍' ആഗോള ബോക്‌സ് ഓഫീസില്‍ 600 കോടിയിലധികം രൂപ കളക്ഷന്‍ നേടി വന്‍വിജയമായിരുന്നു. പുതിയ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ അതേ വിജയം 'ജയിലര്‍ 2' ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍