Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
 
അസോസിയേഷന്‍
  Add your Comment comment
യുക്മ വെയില്‍സ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 10ന് പെനാര്‍ത്തില്‍; രജിസ്ട്രേഷന്‍ ഇന്ന് മുതല്‍; കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ ആതിഥേയരാകും
Text By: Benny Augustine
പെനാര്‍ത്ത് (കാര്‍ഡിഫ്): യുകെയിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക കൂട്ടായ്മയ്ക്ക് കൂടുതല്‍ നിറവും ആവേശവും പകരാന്‍ യുക്മ വെയില്‍സ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 10ന് രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ പെനാര്‍ത്തില്‍ നടക്കും. പെനാര്‍ത്തിലെ St Cyres School ആണ് കലാമേളയ്ക്ക് വേദിയാകുന്നത്. കലാമേളയുടെ നടത്തിപ്പിനായി റീജിയണല്‍ പ്രസിഡന്റ് ജോഷി തോമസിന്റെ അധ്യക്ഷതയില്‍ വിപുലമായ കമ്മിറ്റി രൂപികരിച്ചു കഴിഞ്ഞു. ഈ വര്‍ഷത്തെ കലാമേളക്ക് ആതിഥേയത്വം വഹിക്കുന്നത് ബിജു പോള്‍ പ്രസിഡന്റ് ആയുള്ള കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ (സി എം എ) ആണ്. മത്സരാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള രജിസ്ട്രേഷന്‍ ഇന്ന് മുതല്‍ ആരംഭിച്ചതായി കലാമേള കോഓര്‍ഡിനേറ്റര്‍ ജോബി മാത്യു അറിയിച്ചു.


കേരളത്തിന്റെ സമ്പന്നമായ കലാ-സാംസ്‌കാരിക പൈതൃകം പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കുകയും, വെയില്‍സിലെ വിവിധ മലയാളി അസോസിയേഷനുകളിലെ കലാപ്രതിഭകള്‍ക്ക് തങ്ങളുടെ കഴിവുകള്‍ അവതരിപ്പിക്കാനുള്ള വേദിയൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കലാമേള സംഘടിപ്പിക്കുന്നത്.


വെയില്‍സിലെ വിവിധ മലയാളി അസോസിയേഷനുകളില്‍ നിന്നുള്ള കുട്ടികളും മുതിര്‍ന്നവരും കലാമേളയില്‍ വിവിധ ഇനങ്ങളില്‍ പങ്കെടുക്കും. നൃത്തം, സംഗീതം, ലളിതഗാനം, നാടന്‍പാട്ടുകള്‍, പ്രസംഗം, സംഘനൃത്തം, ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, മറ്റ് കേരളീയ കലാരൂപങ്ങള്‍ തുടങ്ങി വിവിധ കലാ ഇനങ്ങളില്‍ മത്സരങ്ങളും അവതരണങ്ങളും അരങ്ങേറും.


വെയില്‍സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി കുടുംബങ്ങളുടെയും കലാസ്നേഹികളുടെയും സാന്നിധ്യം കലാമേളയെ കൂടുതല്‍ ശ്രദ്ധേയമാക്കും. നോര്‍ത്ത് വെയ്ല്‍സും സൗത്ത് വെയ്ല്‍സും ഒരുമിക്കുന്ന ഒരു സുവര്‍ണ്ണ അവസരം. കലാകാരന്മാരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, വിവിധ മലയാളി സംഘടനകളെ ഒരേ വേദിയില്‍ അണിനിരത്തി സൗഹൃദവും ഐക്യവും ശക്തിപ്പെടുത്താനും കലാമേള സഹായകമാകും.


യുക്മയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ മലയാളി സമൂഹത്തിന്റെ കലാ-സാംസ്‌കാരികവും തലമുറകളെ ബന്ധിപ്പിക്കുന്നതുമായ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിപാടികള്‍ യുകെയുടെ വിവിധ സ്ഥലങ്ങളില്‍ വിവിധ റീജിയനുകളില്‍ സംഘടിപ്പിക്കുന്നത്.

വേദിയുടെ വിലാസം

St Cyres School, Sully Road, Penarth, CF64 2XP


വെയില്‍സിലെ മലയാളി സമൂഹത്തിന് ഒരുമയുടെയും കലാസ്നേഹത്തിന്റെയും ഉത്സവമായി മാറുന്ന റീജിയണല്‍ കലാമേള 2026-നെ വിജയിപ്പിക്കാന്‍ എല്ലാ മലയാളി കുടുംബങ്ങളുടെയും സഹകരണവും സാന്നിധ്യവും സംഘാടകരായ യുക്മ വെയില്‍സ് റീജിയനും കാര്‍ഡിഫ് മലയാളി അസോസിയേഷനും അഭ്യര്‍ത്ഥിച്ചു.
 
Other News in this category

 
 




 
Close Window