ലണ്ടന്‍ ന്മ 'ഫ്‌ലോട്ടിങ് ടെറര്‍' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അപകടകരമായ കടല്‍ജീവിയായ പൊര്‍ച്ചുഗീസ് മാന്‍ ഓ വാറിന്റെ വ്യാപനം യു.കെ. തീരങ്ങളില്‍ ആശങ്കയുണര്‍ത്തുന്നു. വെയില്‍സിലെ പ്രശസ്തമായ അബറവോണ്‍ ബീച്ചും മറ്റ് വെല്‍ഷ് തീരങ്ങളും ഉള്‍പ്പെടെ നിരവധി ബീച്ചുകളില്‍ ഈ ജീവികളെ കണ്ടെത്തിയതായി പോര്‍ട്ട് ഗാര്‍ഡ് സ്ഥിരീകരിച്ചു.
മരിച്ചാലും കുത്തേല്‍പ്പിക്കാന്‍ കഴിവുള്ള വിഷമുള്ള കൈകള്‍
ജെല്ലിഫിഷയുമായി സാമ്യമുള്ള ഈ ജീവിയുടെ നീലനിറത്തിലുള്ള നീളന്‍ കൈകള്‍ മരിച്ച ശേഷവും കുത്തേല്‍പ്പിക്കാന്‍ കഴിവുള്ളവയാണ്. കുത്തേല്‍ക്കുന്നത് തീവ്രമായ വേദന, തടിപ്പ്, പനി, ശ്വാസതടസ്സം, ഷോക്ക്, അപൂര്‍വമായി മാരകമായ അലര്‍ജി പ്രതികരണങ്ങള്‍ എന്നിവയ്ക്ക് കാരണമാകാം.
കാറ്റും തിരമാലയും വഴി തീരത്തടിയുന്നു
പര്‍പ്പിള്‍ നിറത്തിലുള്ള വലിയ ഭാഗവും നീന്താന്‍ കഴിയാത്ത ഘടനയും ഉള്ള ഈ ജീവികള്‍ ശക്തമായ കാറ്റിലും തിരമാലകളിലുമാണ് തീരത്തടിയുന്നത്. തീരത്തടിഞ്ഞ ഇവയെ നീക്കം ചെയ്യുമെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
തീരപ്രദേശങ്ങളിലെ സന്ദര്‍ശകര്‍ക്ക് അടിയന്തര ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടകരമായ സ്വഭാവം ഉള്ളതായിട്ടും, ഈ അതിശയകരമായ കടല്‍ജീവിയെ കാണാനായി ജനങ്ങള്‍ ബീച്ചുകളിലേക്ക് എത്തുന്നുവെന്നും അധികൃതര്‍ അറിയിച്ചു.
സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ച് തീരസന്ദര്‍ശനം നടത്തണമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.