ലണ്ടന്‍: ട്രെയിനുകളില്‍ അക്രമസംഭവങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ റെയില്‍ സുരക്ഷ പുനഃപരിശോധിക്കാന്‍ ഉത്തരവിട്ടു. 2014-15 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം മൂവായിരത്തില്‍ നിന്നും പതിനായിരത്തിലേക്കാണ് അക്രമസംഭവങ്ങള്‍ ഉയര്‍ന്നതെന്ന് ഓഫീസ് ഓഫ് റെയില്‍ & റോഡ് നടത്തിയ പരിശോധനയില്‍ വ്യക്തമാകുന്നു.
2024-25 വര്‍ഷത്തില്‍ റെയില്‍വെ യാത്രകളില്‍ റിപ്പോര്‍ട്ട് ചെയ്ത കുറ്റകൃത്യങ്ങളില്‍ 5.4% വര്‍ധനവുണ്ടായതായി ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പോലീസ് അറിയിച്ചു. എന്നാല്‍, തെളിയിച്ച കുറ്റകൃത്യങ്ങളുടെ ശതമാനം 11.9% ആയി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2023-24ല്‍ ഇത് 12.5% ആയിരുന്നു.
ശനിയാഴ്ച രാത്രി എല്‍എന്‍ഇആര്‍ ട്രെയിനില്‍ 11 പേര്‍ക്ക് കുത്തേറ്റ സംഭവമാണ് സുരക്ഷാ പുനഃപരിശോധനയ്ക്ക് കാരണമായത്. ഡോങ്കാസ്റ്ററില്‍ നിന്നും ലണ്ടനിലേക്കുള്ള യാത്രക്കിടയില്‍ 14 മിനിറ്റ് നീണ്ട അക്രമം നടന്നതായാണ് റിപ്പോര്‍ട്ട്. ഡ്രൈവറുടെ ത്വരിത പ്രതികരണത്തിലൂടെ ഹണ്ടിംഗ്ടണ്‍ സ്റ്റേഷനിലേക്ക് ട്രെയിന്‍ വഴിതിരിച്ചുവിട്ടു, പോലീസിന് ഇടപെടാന്‍ സാധിച്ചു.
2025 ജൂണ്‍ വരെ കത്തിയും മൂര്‍ച്ചയുള്ള ആയുധങ്ങളുമായി ബന്ധപ്പെട്ട് 394 കേസുകളാണ് ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പോലീസ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ഹെയ്ദി അലക്സാന്‍ഡര്‍ അറിയിച്ചു. റെയില്‍ ശൃംഖലകളില്‍ സുരക്ഷ ശക്തമാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.