| റഷ്യയിലെ വിമാന നിര്‍മാണ കമ്പനിയായ  PJSC-UAC യുമായി ചേര്‍ന്ന് ഇന്ത്യയില്‍ എസ് ജെ- 100 യാത്രാവിമാനം  നിര്‍മിക്കുന്നതിനായി ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL)ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യയുടെ എയറോസ്‌പേസ് നിര്‍മ്മാണ ശേഷിക്ക് കരുത്തേകുന്ന സുപ്രധാന ചുവടുവെയ്പ്പുമാണിത്. 1988-ല്‍ AVRO HS-748 ന്റെ നിര്‍മ്മാണം അവസാനിച്ചതിന് ശേഷം ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ സമ്പൂര്‍ണ്ണ യാത്രാവിമാനമാണിത് എന്ന പ്രത്യേകതയും ഈ ചരിത്രപരമായ കരാറിനുണ്ട്.പ്രാദേശിക കണക്റ്റിവിറ്റിക്കായി രൂപകല്‍പ്പന ചെയ്ത ഇരട്ട എഞ്ചിന്‍, നാരോ-ബോഡി വിമാനമാണിത്.  ഇത് ഇന്ത്യയുടെ ഉഡാന്‍ പദ്ധതിക്ക് വലിയ ഉത്തേജനം നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ പ്രാദേശിക കണക്റ്റിവിറ്റിയില്‍ 200ല്‍ അധികം ജെറ്റുകള്‍ക്കും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ 350 വിമാനങ്ങള്‍ക്കും ആവശ്യമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ആഭ്യന്തര ഉപഭോക്താക്കള്‍ക്കായി വിമാനം നിര്‍മിക്കാനുള്ള അവകാശം ഈ കരാര്‍ എച്ച്എഎല്ലിന് നല്‍കുന്നു. ഇത് ഇന്ത്യയുടെ എയറോസ്‌പേസ് വ്യവസായത്തെ ശക്തിപ്പെടുത്താനും 'ആത്മനിര്‍ഭര്‍ ഭാരത്' സംരംഭത്തിന് സംഭാവന നല്‍കാനും സഹായിക്കും.
 |