ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും സമ്പന്ന കുടുംബമായി അറിയപ്പെടുന്ന ഇന്ത്യന്‍ വംശജരായ ഹിന്ദുജ സഹോദരന്മാരുടെ രണ്ടാമന്‍ ഗോപീചന്ദ് പി. ഹിന്ദുജ (85) ലണ്ടനില്‍ അന്തരിച്ചു. ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2023ല്‍ മൂത്ത സഹോദരന്‍ ശ്രീകാന്ത് ഹിന്ദുജയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഗോപീചന്ദ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനമേറ്റത്.
48 രാജ്യങ്ങളിലായി വ്യാപിച്ച ബിസിനസ് സാമ്രാജ്യത്തിന്റെ അധിപന്മാരാണ് ഹിന്ദുജ സഹോദരന്മാര്‍. ഗ്രൂപ്പിനെ ആഗോളതലത്തില്‍ കോര്‍പറേറ്റ് സ്ഥാപനമാക്കി വളര്‍ത്തുന്നതില്‍ ഗോപീചന്ദ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഹിന്ദുജ ഗ്രൂപ്പിന്റെയും ഹിന്ദുജ ഓട്ടോമോട്ടീവ് ലിമിറ്റഡിന്റെയും ചെയര്‍മാനായിരുന്നു അദ്ദേഹം.
പ്രകാശ് ഹിന്ദുജയും അശോക് ഹിന്ദുജയുമാണ് മറ്റ് സഹോദരങ്ങള്‍. 1950ല്‍ കുടുംബ ബിസിനസില്‍ ചേര്‍ന്ന ഗോപീചന്ദ് മുംബൈയിലെ ജയ്ഹിന്ദ് കോളജില്‍ നിന്നും ബിരുദം നേടിയശേഷം വെസ്റ്റ്മിനിസ്റ്റര്‍ സര്‍വകലാശാലയും റിച്ച്മണ്ട് കോളജും വഴി ഉന്നത ബിരുദവും ഡോക്ടറേറ്റും നേടി.
ബിസിനസ് സാമ്രാജ്യവും സാമൂഹ്യപ്രവര്‍ത്തനങ്ങളും
ഹിന്ദുജ ഗ്രൂപ്പിന്റെ ബിസിനസ് ഓട്ടോമോട്ടീവ്, ബാങ്കിങ്, ഫിനാന്‍സ്, ഐടി, ഹെല്‍ത്ത് കെയര്‍, റിയല്‍ എസ്റ്റേറ്റ്, പവര്‍, മീഡിയ, വിനോദം തുടങ്ങിയ പതിനൊന്ന് മേഖലകളിലായി വ്യാപിച്ചിരിക്കുന്നു. 1984ല്‍ ഗള്‍ഫ് ഓയിലും 1987ല്‍ അശോക് ലൈലാന്‍ഡും ഗ്രൂപ്പ് ഏറ്റെടുത്തു.
ഇന്ത്യയിലെ സിന്ധ് പ്രദേശത്തില്‍ നിന്നുള്ള കുടുംബമാണ് ഹിന്ദുജമാര്‍. 1919ല്‍ പരമാനന്ദ് ദീപ്ചന്ദ് ഹിന്ദുജയാണ് ബിസിനസ് സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇറാനിലായിരുന്നു തുടക്കം. ഇന്ത്യയില്‍ നിന്ന് ഇറാനിലേക്ക് ഉള്ളിയും കിഴങ്ങും ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ കയറ്റി അയച്ചതായിരുന്നു ആദ്യ ബിസിനസ്. പിന്നീട് പ്രവര്‍ത്തനങ്ങള്‍ ലണ്ടനിലേക്ക് മാറ്റി.
2024ലെ സണ്‍ഡേ ടൈംസ് റിച്ച് ലിസ്റ്റ് പ്രകാരം 32.3 ബില്യന്‍ പൗണ്ടാണ് ഹിന്ദുജ സഹോദരന്മാരുടെ ആസ്തി. ഇവരുടെ വിവിധ കമ്പനികളിലായി രണ്ട് ലക്ഷത്തോളം പേരാണ് ജോലി ചെയ്യുന്നത്. ഹിന്ദുജ ഫൗണ്ടേഷനിലൂടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഗ്രൂപ്പ് നേതൃത്വം നല്‍കുന്നു.