ലണ്ടന്‍: ബ്രിട്ടനില്‍ വിനോദസഞ്ചാരിയുടെ 38,000 പൗണ്ട് (ഏകദേശം 38 ലക്ഷം രൂപ) വിലമതിക്കുന്ന റോളക്‌സ് വാച്ച് കവര്‍ന്ന കേസില്‍ മൊറോക്കന്‍ പൗരന് തടവ് ശിക്ഷ. സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. വ്യാജ ജനന സര്‍ട്ടിഫിക്കറ്റുമായി ബ്രിട്ടനിലെത്തി രണ്ട് മാസത്തിനകം കൃത്യം നടത്തിയതായും ശിക്ഷാനന്തര നാടുകടത്തലിനും കോടതി ഉത്തരവിട്ടതായും റിപ്പോര്‍ട്ടുണ്ട്.
22 വയസ്സുള്ള മൊറോക്കന്‍ സ്വദേശിയായ അയ്‌ലാന്‍ സ്‌നൂസി ആണ് ശിക്ഷിക്കപ്പെട്ടത്. ഈ വര്‍ഷം ഏപ്രില്‍ 30നാണ് സംഭവം നടന്നത്. ഹോങ്കോങ് സ്വദേശിയായ വൂസാങ് ഹ്വാങ് ജോലി കഴിഞ്ഞ് ഹീത്രോ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുന്‍പ് ലണ്ടനിലെ മെയ്ഫെയറിലെ മാര്‍ക്കറ്റ് മ്യൂസ് സന്ദര്‍ശിക്കുകയായിരുന്നു. ഈ സമയത്താണ് പ്രതി പിന്നിലൂടെ പിടികൂടി ബലം പ്രയോഗിച്ച് വാച്ച് കവര്‍ന്നത്. ആക്രമണത്തില്‍ ഹ്വാങ്ങിന് പരുക്കേറ്റു.
സംഭവത്തിന് പിന്നാലെ പ്രതിയെ ഉടന്‍ തന്നെ അധികൃതര്‍ പിടികൂടി. കോടതിയില്‍ ഹ്വാങ് നല്‍കിയ മൊഴിയില്‍, ആക്രമണത്തില്‍ താന്‍ ഭയന്നുപോയതായും യുകെയിലേക്ക് വീണ്ടും വരേണ്ടതുണ്ടോ എന്നതിനെക്കുറിച്ച് ആലോചിച്ചുവെന്നും വ്യക്തമാക്കിയിരുന്നു. പ്രായം 16 ആണെന്ന് വ്യാജ ജനന സര്‍ട്ടിഫിക്കറ്റിലൂടെ അവകാശവാദം ഉന്നയിച്ച് ശിക്ഷ കുറയ്ക്കാന്‍ ശ്രമിച്ചതായി കണ്ടെത്തിയതും കേസില്‍ നിര്‍ണായകമായി. കുറ്റം സമ്മതിച്ച അയ്‌ലാന്‍ സ്‌നൂസിക്ക് 18 മാസത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷാനന്തര നാടുകടത്തലിനും കോടതി ഉത്തരവിട്ടിട്ടുണ്ട്.