ലണ്ടന്‍: നികുതി പിഴിച്ചില്‍ തടയുന്നതിനുള്ള പുതിയ പദ്ധതികളുടെ ഭാഗമായി, യുകെ വിട്ടുപോകുന്നവരുടെ ബിസിനസ്സ് ആസ്തികളില്‍ 20% നികുതി ചുമത്താന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് തയ്യാറെടുക്കുന്നു. രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുന്നതിനും പൊതുഖജനാവിലേക്ക് അധിക വരുമാനം എത്തിക്കുന്നതിനുമാണ് ഈ നീക്കം.
ട്രഷറിയുടെ പുതിയ പദ്ധതികള്‍ പ്രകാരം, യുകെ ഉപേക്ഷിച്ച് വിദേശത്തേക്ക് പോകുന്നവരുടെ ആസ്തികള്‍ വിറ്റഴിക്കുമ്പോള്‍ 'സെറ്റ്ലിംഗ് അപ്പ് ചാര്‍ജ്ജ്' എന്ന പേരില്‍ 20% ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്സ് ചുമത്താനാണ് ലക്ഷ്യം. ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ജി7 രാജ്യങ്ങളില്‍ ഇതുപോലുള്ള ആദ്യ നീക്കമായിരിക്കും ഇത്. ഏകദേശം 2 ബില്ല്യണ്‍ പൗണ്ട് വരുമാനം ഇതിലൂടെ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
നിലവില്‍ എക്സ്പാറ്റ് സ്റ്റാറ്റസ് ഉള്ളവര്‍ 6000 പൗണ്ടിന് മുകളിലുള്ള ഭൂമി, പ്രോപ്പര്‍ട്ടി എന്നിവ വിറ്റഴിക്കുമ്പോള്‍ ഈ നികുതി ഇളവ് ലഭിക്കുന്നില്ല. എന്നാല്‍ ഓഹരി പോലുള്ള ചില ആസ്തികള്‍ വിറ്റഴിക്കുമ്പോള്‍ ഇളവ് ലഭിക്കുന്നുണ്ട്. പുതിയ നയപ്രകാരം, രാജ്യമൊഴിഞ്ഞ് പോകുന്നവര്‍ വിറ്റഴിക്കുന്ന എല്ലാ ആസ്തികളിലും 20% നികുതി ബാധകമാകും.
അതേസമയം, ഈ നീക്കങ്ങള്‍ ഇപ്പോഴും ആലോചനാ ഘട്ടത്തിലാണെന്നും, അന്തിമ ബജറ്റ് പ്രഖ്യാപനത്തില്‍ ഏത് പദ്ധതികള്‍ ഉള്‍പ്പെടുമെന്നത് വ്യക്തമല്ലെന്നും ട്രഷറി സ്രോതസ്സുകള്‍ വ്യക്തമാക്കുന്നു.
ഇതിനിടെ, നികുതി വര്‍ധനവും, ബിസിനസ്സ് നിക്ഷേപങ്ങളിലെ ഇടിവും മൂലം അടുത്ത വര്‍ഷം യുകെയുടെ സമ്പദ് വ്യവസ്ഥാ വളര്‍ച്ച 1 ശതമാനത്തില്‍ താഴെയാകും എന്ന മുന്നറിയിപ്പും ഇവൈ ഐറ്റം ക്ലബ് നല്‍കിയിട്ടുണ്ട്. ബജറ്റ് അവതരണം മൂന്ന് ആഴ്ച മാത്രം അകലെ നില്‍ക്കുമ്പോള്‍ ബ്രിട്ടന്റെ വളര്‍ച്ചാ നിരക്ക് താഴ്ത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രവാസികള്‍ അവരുടെ ആസ്തികള്‍ വിറ്റു നാട്ടിലേയ്ക്കോ മറ്റ് വിദേശ രാജ്യങ്ങളിലേയ്ക്കോ പോകാനാണ് പദ്ധതിയിടുന്നത്. പുതിയ നികുതി നീക്കങ്ങള്‍ ഇവര്‍ക്ക് വലിയ സാമ്പത്തിക ആഘാതമാകുമെന്നതില്‍ സംശയമില്ല.