ലണ്ടന്‍: കുട്ടികളെ ലക്ഷ്യമിട്ട് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യാജ അശ്ലീല ചിത്രങ്ങള്‍ സൃഷ്ടിക്കുകയും ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി മുന്നറിയിപ്പ്. കുട്ടികളുടെ സംരക്ഷണ സംഘടനയായ NSPCC യും അതിന്റെ Childline സേവനവുമാണ് ഗുരുതര വിവരങ്ങള്‍ പുറത്തുവിട്ടത്. ഓണ്‍ലൈന്‍ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പരാതികളില്‍ 36 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തിനിടെ 2,444 കൗണ്‍സിലിംഗ് സെഷനുകള്‍ നടന്നപ്പോള്‍, അതില്‍ 1,043 പരാതികളും ബ്ലാക്ക്‌മെയിലുമായി ബന്ധപ്പെട്ടവയായിരുന്നു. കുട്ടികളെ വലയിലാക്കാന്‍ കുറ്റവാളികള്‍ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൗമാരക്കാരിയായ പെണ്‍കുട്ടിയെന്ന വ്യാജേന കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് സ്വകാര്യ ചിത്രങ്ങള്‍ കൈപ്പറ്റുന്നതും പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതുമാണ് പ്രധാന രീതികളില്‍ ഒന്ന്.
കൂടാതെ, കുട്ടികളുടെ സാധാരണ ഫോട്ടോകള്‍ എഐ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങളാക്കി മാറ്റി പ്രചരിപ്പിക്കുന്ന സംഭവങ്ങളും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമായ സാഹചര്യത്തില്‍, സ്‌കൂളുകളുടെ വെബ്സൈറ്റുകളിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും കുട്ടികളുടെ മുഖചിത്രങ്ങള്‍ ഒഴിവാക്കണമെന്ന് സുരക്ഷാ വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ സുരക്ഷ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍എസ്പിസിസി രംഗത്തെത്തി. 16 വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. 18 വയസ്സിന് താഴെയുള്ള ഉപയോക്താക്കള്‍ സ്വകാര്യ ചിത്രങ്ങള്‍ പങ്കിടുന്നതും സൃഷ്ടിക്കുന്നതും തടയാന്‍ ടെക് കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായും യുകെ സര്‍ക്കാര്‍ വക്താവ് അറിയിച്ചു.