Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
ബേസിങ്‌സ്റ്റോക്ക് ഡപ്യൂട്ടി മേയറായി മലയാളി സജീഷ് ടോം; യുകെ രാഷ്ട്രീയത്തില്‍ അപൂര്‍വ നേട്ടം
reporter

ലണ്ടന്‍: യുകെയിലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ ഹാംഷയര്‍ കൗണ്ടിയിലെ ഏക Labour Party കൗണ്‍സിലറായി വിജയിച്ച മലയാളി സജീഷ് ടോം, ഇപ്പോള്‍ ബേസിങ്‌സ്റ്റോക്ക് ബറോ കൗണ്‍സിലിന്റെ പുതിയ ഡപ്യൂട്ടി മേയറായും ചുമതലയേറ്റു. യുകെ രാഷ്ട്രീയത്തില്‍ തന്നെ അപൂര്‍വമായി കണക്കാക്കപ്പെടുന്ന നേട്ടമാണിത്. ഒരേസമയം കൗണ്ടി കൗണ്‍സിലിലും ബറോ കൗണ്‍സിലിലും അംഗമാകുന്നതു തന്നെ അപൂര്‍വമായിരിക്കെ, അതിനൊപ്പം ഒരു ബറോയുടെ ഡപ്യൂട്ടി മേയര്‍ പദവിയിലേക്കും എത്തുന്ന ആദ്യ മലയാളികളില്‍ ഒരാളായി സജീഷ് മാറുകയാണ്. 2021 മുതല്‍ ബേസിങ്‌സ്റ്റോക്ക് ബറോ കൗണ്‍സിലിലെ പോപ്പിലി വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന സജീഷ് ടോം ഓരോ തിരഞ്ഞെടുപ്പിലും മികച്ച ഭൂരിപക്ഷത്തോടെയാണ് വിജയിച്ചുവരുന്നത്. ഈ വര്‍ഷം ഹാംഷയര്‍ കൗണ്ടിയിലെ ബേസിങ്‌സ്റ്റോക്ക് നോര്‍ത്ത് ഡിവിഷനില്‍ നിന്നാണ് അദ്ദേഹം വിജയിച്ചത്. പരമ്പരാഗതമായി ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമായിരുന്ന മണ്ഡലത്തില്‍ ഇത്തവണ Reform UK വലിയ മുന്നേറ്റം നടത്തിയ സാഹചര്യത്തില്‍ സജീഷിന്റെ വിജയം പ്രത്യേക ശ്രദ്ധ നേടിയിരുന്നു. വിജയസാധ്യത കുറവാണെന്ന് ലേബര്‍ പാര്‍ട്ടിക്കുള്ളിലും വിലയിരുത്തലുണ്ടായിരുന്ന സാഹചര്യത്തിലാണ് അദ്ദേഹം മുന്നേറ്റം നടത്തിയത്.

യുകെ രാഷ്ട്രീയ ചരിത്രത്തില്‍ ഡപ്യൂട്ടി മേയര്‍, മേയര്‍ സ്ഥാനങ്ങളിലെത്തിയ മലയാളികള്‍ വളരെ കുറവാണ്. ഓമന ഗംഗാധരന്‍, ഫിലിപ്പ് എബ്രഹാം, മഞ്ജു ഷാഹുല്‍ ഹമീദ്, ടോം ആദിത്യ, ബൈജു തിട്ടാല എന്നിവരുടെ നിരയിലേക്കാണ് ഇപ്പോള്‍ സജീഷ് ടോമിന്റെ പേരും ചേര്‍ക്കപ്പെടുന്നത്. യുകെയിലെ മേയറല്‍ പ്രോട്ടോകോള്‍ അനുസരിച്ച് അടുത്ത വര്‍ഷം മേയില്‍ സജീഷ് ടോം മേയര്‍ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. കോട്ടയം ജില്ലയില്‍ വൈക്കം ചെമ്പ് അയ്യനംപറമ്പില്‍ കുടുംബാംഗമായ സജീഷിന്റെ കുടുംബം ഇപ്പോള്‍ എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ തെക്കന്‍ പറവൂരിലാണ് താമസം. ഭാര്യ ആന്‍സി ഹാംഷയര്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെ ഐസിയു വിഭാഗത്തില്‍ ഡപ്യൂട്ടി സിസ്റ്ററാണ്. മകള്‍ അലീന ലണ്ടനില്‍ ജോലി ചെയ്യുന്നു. 2015-16 കാലഘട്ടത്തില്‍ യുക്മയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായും പിന്നീട് നാല് വര്‍ഷം ദേശീയ പബ്ലിക് റിലേഷന്‍സ് ഓഫീസറായും സജീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ബേസിങ്‌സ്റ്റോക്ക് മള്‍ട്ടികള്‍ച്ചറല്‍ ഫോറത്തിന്റെ ട്രഷററായും ശ്രദ്ധേയ പ്രവര്‍ത്തനം കാഴ്ചവെച്ച അദ്ദേഹം 2012ല്‍ ''മേയേഴ്‌സ് വോളന്ററി അവാര്‍ഡ്'' നേടിയിരുന്നു. ബേസിങ്‌സ്റ്റോക്ക് എന്‍എച്ച്എസ് ഹോസ്പിറ്റലിലെ അഡ്മിന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന സജീഷ്, തൊഴിലാളി സംഘടനാ രംഗത്തും സജീവമാണ്. യുകെയിലെ പ്രമുഖ തൊഴിലാളി യൂണിയനായ UNISON ല്‍ ബ്രാഞ്ച് ചെയര്‍പേഴ്‌സണ്‍, ലേബര്‍ലിങ്ക് ഓഫീസര്‍, സൗത്ത് ഈസ്റ്റ് റീജനല്‍ ഫിനാന്‍സ് കമ്മിറ്റി അംഗം, റീജനല്‍ വെല്‍ഫെയര്‍ കമ്മിറ്റി അംഗം തുടങ്ങിയ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window