ലണ്ടന്‍: ബ്രിട്ടനില്‍ വീസാപ്രകാരം വാഗ്ദാനം ചെയ്ത ജോലി നല്‍കാതിരുന്നതിനാല്‍ മലയാളി യുവാവിന് £30,000 നഷ്ടപരിഹാരം നല്‍കണമെന്ന് യുകെ തൊഴില്‍ ട്രൈബ്യൂണല്‍ വിധിച്ചു. ഒരുവര്‍ഷത്തെ ശമ്പളവും അനുബന്ധ ആനുകൂല്യങ്ങളും പരിഗണിച്ചാണ് വിധി. കേരളത്തില്‍ നിന്നുള്ള ഷബിന്‍ ഷാജി 2023-ല്‍ രോഗിപരിചരണ മേഖലയിലെ തൊഴില്‍വീസയില്‍ ബ്രിട്ടനിലെ സ്റ്റാന്‍ഫഡിലെത്തിയിരുന്നു. ബ്രെക്‌സിറ്റിനു ശേഷമുള്ള യുകെയിലെ വീസാനയത്തിന്റെ അടിസ്ഥാനത്തില്‍ സ്വാന്‍ കെയര്‍ സൊലൂഷന്‍സ് എന്ന സ്ഥാപനമാണ് അദ്ദേഹത്തിന് സ്‌പോണ്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്. എന്നാല്‍ യുകെയിലെത്തിയ ശേഷം ഒരുവര്‍ഷത്തോളം സ്ഥാപനത്തില്‍ നിന്ന് അദ്ദേഹത്തിന് ജോലി നല്‍കിയില്ലെന്നാണ് പരാതി.
യുകെയിലെ ആരോഗ്യപരിചരണ മേഖലയില്‍ നിരവധി ജോലി അവസരങ്ങളുണ്ടെന്ന യൂട്യൂബ് ഇന്‍ഫ്‌ലുവന്‍സറുടെ പ്രചാരണം വിശ്വസിച്ചാണ് ഷബിന്‍ കേരളത്തിലെ ജോലി ഉപേക്ഷിച്ച് വിദേശത്തേക്ക് പോകാന്‍ തീരുമാനിച്ചത്. അതേ യൂട്യൂബറാണ് ഏജന്റിനെ പരിചയപ്പെടുത്തിയതെന്നും, ഏജന്റിന് £17,000 നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് വാട്‌സ്ആപ്പ് വഴിയാണ് യുകെ കമ്പനിയുടെ അഭിമുഖം നടന്നത്.
സ്‌പോണ്‍സര്‍ ചെയ്ത തൊഴിലുടമയുമായി ബന്ധപ്പെട്ട വീസാ നിബന്ധനകള്‍ കാരണം ഷബിന് മറ്റൊരു ജോലിക്ക് അപേക്ഷിക്കാനോ ജോലി ചെയ്യാനോ കഴിഞ്ഞില്ല. ഇതുമൂലം ഏകദേശം ഒരുവര്‍ഷത്തോളം സൗജന്യ ഭക്ഷണകേന്ദ്രങ്ങളെ ആശ്രയിക്കേണ്ടിവന്ന സാഹചര്യവും തൊഴില്‍ ട്രൈബ്യൂണല്‍ പരിഗണിച്ചു. വാഗ്ദാനം ചെയ്ത ജോലി നല്‍കാതെ വിദേശ തൊഴിലാളികളെ അനിശ്ചിതത്വത്തിലാക്കുന്ന പ്രവണതയ്ക്കെതിരെ നിര്‍ണായകമായ വിധിയാണിതെന്ന് വിലയിരുത്തപ്പെടുന്നു.