Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8119 INR  1 EURO=110.6807 INR
ukmalayalampathram.com
Mon 01st Jun 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടില്‍ രോഗികള്‍ക്ക് സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ്: നിയമനിര്‍മാണവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ ആരോഗ്യ-സാമൂഹിക പരിചരണ രംഗത്ത് രോഗികളുടെ ചികിത്സാ വിവരങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഓരോ രോഗിക്കും സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമനിര്‍മാണവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്നോട്ട്. ഈ സംവിധാനം നിലവില്‍ വന്നാല്‍ വര്‍ഷംതോറും ഏകദേശം 20,000 എ ആന്‍ഡ് ഇ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാനും, 20 ദശലക്ഷം പൗണ്ട് വരെ ലാഭിക്കാനും കഴിയുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. എന്‍എച്ച്എസ് മോഡണൈസേഷന്‍ ബില്ലിലാണ് ഈ നിര്‍ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബില്ലിന്റെ ഭാഗമായി നിലവിലുള്ള എന്‍എച്ച്എസ് ഇംഗ്ലണ്ട് പിരിച്ചുവിടുകയും, അതിന്റെ ചുമതലകള്‍ ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പ് ഏറ്റെടുക്കുകയും ചെയ്യും.

പുതിയ സംവിധാനപ്രകാരം ആശുപത്രികള്‍, ജിപിമാര്‍, സാമൂഹിക പരിചരണ സേവനങ്ങള്‍ എന്നിവിടങ്ങളിലെ രോഗിവിവരങ്ങള്‍ സുരക്ഷിതമായി പരസ്പരം പങ്കുവെക്കാനാകും. ഇതോടെ രോഗികള്‍ക്ക് ഓരോ ചികിത്സാ ഘട്ടത്തിലും തങ്ങളുടെ ചികിത്സാ ചരിത്രം ആവര്‍ത്തിച്ച് വിശദീകരിക്കേണ്ട സാഹചര്യം ഒഴിവാകും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗിയുടെ സമ്പൂര്‍ണ മെഡിക്കല്‍ വിവരങ്ങള്‍ ഒരിടത്ത് ലഭ്യമാകുമെന്നും സര്‍ക്കാര്‍ പറയുന്നു.

സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനവും വെര്‍ച്വല്‍ പരിചരണ സംവിധാനവും സംയോജിപ്പിക്കുന്നതിലൂടെ പ്രായാധിക്യമുള്ള രോഗികളുടെ എ ആന്‍ഡ് ഇ സന്ദര്‍ശനങ്ങള്‍ വര്‍ഷത്തില്‍ 10,000 വരെ കുറയുമെന്നാണ് വിലയിരുത്തല്‍. തെറ്റായ രോഗനിര്‍ണയങ്ങള്‍ കുറയുന്നതിലൂടെ മറ്റൊരു 10,000 സന്ദര്‍ശനങ്ങളും ഒഴിവാക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് കണക്കാക്കുന്നു. കൂടാതെ, ഡോക്ടര്‍മാരുടെ ഏകദേശം അഞ്ച് ലക്ഷം മണിക്കൂര്‍ ജോലിസമയം ലാഭിക്കാനും, വര്‍ഷം 6,000 ആശുപത്രി പ്രവേശനങ്ങള്‍ കുറയ്ക്കാനും ഈ സംവിധാനം സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, രോഗികളുടെ മെഡിക്കല്‍ വിവരങ്ങളുടെ നിയന്ത്രണം ആരോഗ്യവകുപ്പിലേക്ക് മാറുന്നതിനെതിരെ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ആശങ്ക പ്രകടിപ്പിച്ചു. നിലവില്‍ രോഗികളുടെ വിവരങ്ങളുടെ നിയന്ത്രണം പ്രധാനമായും ജിപിമാരുടെ കൈവശമാണ്. ഈ അധികാരം നഷ്ടപ്പെടുന്നത് രോഗികളുടെ വിശ്വാസത്തെയും സ്വകാര്യതയെയും ബാധിക്കാമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്.

 
Other News in this category

 
 




 
Close Window