ലണ്ടന്‍: 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി പ്രഖ്യാപിച്ച സമൂഹമാധ്യമ നിയന്ത്രണങ്ങളുടെ പരിധിയില്‍ ഓണ്‍ലൈന്‍ വ്യാപാര പ്ലാറ്റ്ഫോമുകളെയും ഉള്‍പ്പെടുത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആലോചിക്കുന്നു. വിന്റഡ്, ഇബേ തുടങ്ങിയ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഗൗരവമായി പരിശോധിക്കുകയാണെന്ന് സാംസ്‌കാരിക സെക്രട്ടറി ലിസ നാന്‍ഡി വ്യക്തമാക്കി. ഇത്തരം പ്ലാറ്റ്ഫോമുകളിലെ മെസേജിങ് സൗകര്യത്തിലൂടെ അപരിചിതര്‍ക്ക് കുട്ടികളുമായി നേരിട്ട് ബന്ധപ്പെടാനാകുന്നതാണ് പ്രധാന ആശങ്ക. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഡെപോപ്പ്, ഫേസ്ബുക്ക് മാര്‍ക്കറ്റ്പ്ലേസ് എന്നിവയെയും നിയന്ത്രണങ്ങളുടെ പരിധിയില്‍ കൊണ്ടുവന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. വിന്റഡിനും ഇബേയ്ക്കും നിലവില്‍ ഉപയോക്താക്കള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണമെന്ന നിബന്ധനയുണ്ട്. നിര്‍ദിഷ്ട നിയമത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാകാനുണ്ടെന്നും സര്‍ക്കാരുമായി സഹകരിക്കുമെന്നും ഇബേ അറിയിച്ചു. വിന്റഡ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഇന്‍സ്റ്റഗ്രാം, ടിക് ടോക്, സ്‌നാപ്ചാറ്റ്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നടപടികള്‍ 2027 വസന്തകാലത്ത് നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ട ചട്ടങ്ങള്‍ ഈ വര്‍ഷാവസാനത്തോടെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രായപരിശോധന ഫലപ്രദമാക്കാനുള്ള മാര്‍ഗങ്ങള്‍ കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററായ ഓഫ്കോം വിലയിരുത്തിയിട്ടുണ്ട്. ഫോട്ടോ തിരിച്ചറിയല്‍ രേഖകള്‍, ഡിജിറ്റല്‍ ഐഡി, ബാങ്കിങ് വിവരങ്ങള്‍, മുഖത്തിന്റെ സവിശേഷതകളിലൂടെ പ്രായം കണക്കാക്കുന്ന സാങ്കേതികവിദ്യ എന്നിവയാണ് പരിശോധിച്ച പ്രധാന മാര്‍ഗങ്ങള്‍.