ലണ്ടന്‍: ഇംഗ്ലണ്ടിന്റെ വിവിധ മേഖലകളിലും വെയില്‍സിന്റെ ചില ഭാഗങ്ങളിലും കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് യാത്രാതടസ്സം. ചിലയിടങ്ങളില്‍ ദൃശ്യപരിധി 50 മീറ്ററില്‍ താഴെയായതോടെ മെറ്റ് ഓഫീസ് യെല്ലോ മുന്നറിയിപ്പ് നല്‍കി. നവംബര്‍ എട്ട് ഞായറാഴ്ച വൈകിട്ട് ആറുമുതല്‍ നവംബര്‍ ഒമ്പത് തിങ്കളാഴ്ച രാവിലെ 11 വരെയാണ് റിപ്പോര്‍ട്ടില്‍ അറിയിച്ച മുന്നറിയിപ്പിന്റെ കാലാവധി. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, മിഡ്ലന്‍ഡ്സ്, ലണ്ടന്‍, തെക്കുകിഴക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് മൂടല്‍മഞ്ഞ് യാത്രയെ ബാധിച്ചത്. ബസ്, ട്രെയിന്‍ സര്‍വീസുകള്‍ വൈകാനും വിമാനങ്ങള്‍ റദ്ദാക്കാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഇതിനിടെ കെന്റിലെ എം20 മോട്ടോര്‍വേയില്‍ നവംബര്‍ ഏഴ് ശനിയാഴ്ച വൈകിട്ട് 30ലേറെ വാഹനങ്ങള്‍ കൂട്ടിയിടിച്ചു. മെയ്ഡ്സ്റ്റോണിന് സമീപം ഹോളിങ്‌ബോണിലുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 11 പേര്‍ക്ക് പാരാമെഡിക്കുകളുടെ പരിചരണം നല്‍കി. അപകടത്തെത്തുടര്‍ന്ന് ഇരുദിശകളിലെയും ഗതാഗതം നിര്‍ത്തിവച്ച മോട്ടോര്‍വേ ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെ തുറന്നു. അപകടസമയത്ത് പ്രദേശത്ത് കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നുവെന്ന് നാഷനല്‍ ഹൈവേസ് വ്യക്തമാക്കി. യാത്രയ്ക്കുമുമ്പ് ഗതാഗത വിവരങ്ങള്‍ പരിശോധിക്കണമെന്നും വാഹനങ്ങളുടെ വേഗം കുറച്ച് മുന്നിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഫോഗ് ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.