Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5791 INR  1 EURO=106.1909 INR
ukmalayalampathram.com
Sat 14th Mar 2026
 
 
എഡിറ്റോറിയല്‍
  Add your Comment comment
നമ്മുടെ കുട്ടികളെ നാശത്തിലേക്കു നയിക്കരുത്
Editor
ഒരു മഹാവിപത്തായി മാറുകയാണോ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും? ബ്രിട്ടനിലെ പന്ത്രണ്ടു സര്‍വകലാശാലകളില്‍ നടത്തിയ ഒരു പഠനമാണ് ഇങ്ങനെയൊരു കുരുത്തംകെട്ട സംശയത്തിന്റെ പിറവിക്കു കാരണം. ഇരുപത്തിനാലു മണിക്കൂര്‍ നേരം മൊബൈല്‍ഫോണും ഇന്റര്‍നെറ്റും മാറ്റിവച്ചപ്പോള്‍ വിവിധ കോളെജുകളിലെ നൂറുകണക്കിനു വിദ്യാര്‍ഥികള്‍ മൗനികളായി! ദൂരവ്യാപകമായ അപകടത്തിന്റെ ലക്ഷണം തന്നെയാണിത്. കിളികളുടെ ശബ്ദവും കാറ്റില്‍ ഇലകള്‍ ഇളകുന്ന ശബ്ദവും കേട്ടപ്പോള്‍ കുട്ടികള്‍ കൗതുകത്തോടെ നോക്കിയെന്നാണു റിപ്പോര്‍ട്ട്. നമ്മുടെ കുട്ടികളുടെ ഭാവിയെ സംബന്ധിച്ചിടത്തോളം ഇതിനെക്കാള്‍ ഭയാനകമായ മറ്റൊരു കാര്യമില്ല. പുതുതലമുറ അഴിക്കാന്‍ വയ്യാത്ത വിധം ബന്ധനത്തിലായിരിക്കുന്നു, സംശയമില്ല.

മൊബൈല്‍ഫോണ്‍ , ഇമെയില്‍ , ടിവി, ഐപോഡ് എന്നീ ഉപകരണങ്ങളുടെ അടിമകളായിരിക്കുന്നു ബ്രിട്ടനിലെ കുട്ടികള്‍ എന്നാണ് ബൗണ്‍മൗത്ത് യൂണിവേഴ്‌സിറ്റിയിലെ ഡോ. ജെ. റോഡിമോസ് അഭിപ്രായപ്പെട്ടത്. രാവിലെ മുതല്‍ ഇലക്ട്രോണിക് ഡിവൈസുകളില്ലാതായ കുട്ടികള്‍ ഉച്ചയായപ്പോഴേയ്ക്കും വിഭ്രാന്തിയുടെ അവസ്ഥയിലായത്രെ. അസഹ്യമായ നിശബ്ദതയെ മറികടക്കാന്‍ ലാന്‍ഡ് ഫോണും പുസ്തകങ്ങളും അവര്‍ക്കു നല്‍കിയിരുന്നു. ട്വിറ്റര്‍ , ഫെയ്‌സ്ബുക്ക്, മൈസ്‌പെയ്‌സ് തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കുകളെക്കുറിച്ചു സംസാരിക്കാന്‍ പ്രേരിപ്പിച്ചപ്പോള്‍ കുട്ടികള്‍ ലഹരിക്ക് അടിമപ്പെട്ടവരെപ്പോലെ ആര്‍ത്തി കാണിച്ചു. ഇത്രയും മനസിലാക്കിയശേഷം മനസിനെ ഒരുകാര്യം പറഞ്ഞു പഠിപ്പിക്കുക, ആധുനികയുഗത്തിന്റെ സന്തതികളെക്കുറിച്ച് ആശങ്കപ്പെടേണ്ടതുണ്ട്. ഏതെങ്കിലും വിധത്തില്‍ ഇതു നിയന്ത്രിക്കേണ്ടതുമുണ്ട്.

ലോകത്തിനു മുന്നില്‍ ഇപ്പോഴും മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനേ ഇന്ത്യക്കു കഴിഞ്ഞിട്ടുള്ളൂ. സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും സാമ്പത്തികമായി കേരളം ഇപ്പോഴും പഴയ സ്ഥാനത്തു തന്നെ. പക്ഷേ, മൊബൈല്‍ ഫോണുകളുടെ കാര്യത്തില്‍ കേരളം ഇന്ത്യയിലെ നമ്പര്‍ വണ്‍ സംസ്ഥാനമെന്ന പേര് നേടിക്കഴിഞ്ഞു. അത്താഴത്തിനു വകയില്ലാത്ത വീട്ടിലും രണ്ടുംമൂന്നും മൊബൈല്‍ ഫോണുകളുണ്ട്. ഇത്രയും തിരിച്ചറിഞ്ഞാല്‍ ബ്രിട്ടനിലെ കാര്യം എടുത്തു പറയേണ്ടതില്ലല്ലോ.

സാങ്കേതികമായ പുരോഗമനം തീര്‍ച്ചയായും നല്ലതാണ്. ടെക്‌നിക്കല്‍ നോളജില്ലാതെ ഇനിയുള്ള കാലം ജീവിക്കാന്‍ പറ്റില്ലെന്നതും അംഗീകരിക്കാം. പക്ഷേ, മദ്യവും മയക്കുമരുന്നും പോലെ പുതുതലമുറ ഇലക്ട്രോണിക് ഡിവൈസുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് ആശാസ്യമല്ല. കംപ്യൂട്ടറിലും മൊബൈല്‍ ഫോണിലും കുട്ടികള്‍ ലഹരി കണ്ടെത്തുന്നത് തടയുക തന്നെ വേണം. ഇംഗ്ലീഷുകാരുടെ നാട്ടില്‍ ജീവിക്കുമ്പോള്‍ മലയാളിക്കുട്ടികള്‍ക്കു മാത്രം ഇതില്‍ നിന്നു മാറി നില്‍ക്കാനാവില്ല. അച്ഛന്റെയും അമ്മയുടെയും ശ്രദ്ധയും ഉപദേശങ്ങളും മാത്രമേ കുട്ടികള്‍ക്ക് ഇക്കാര്യത്തില്‍ കുട്ടികള്‍ക്കു തുണയാവുകയുള്ളൂ.

പന്ത്രണ്ടു സര്‍വകലാശാലകളിലെ കൗമാരപ്രായക്കാരിലാണ് സര്‍വെ നടത്തിയത്. ഫോണിന്റെയും കംപ്യൂട്ടറിന്റെയും മുന്നിലിരുന്ന് കുട്ടികള്‍ മരുങ്ങാത്തടിയന്മാരായാല്‍ എന്താകും അവസ്ഥ? ഭാവിയുടെ വാഗ്ദാനങ്ങളാണ് അവര്‍ . രക്ഷിതാക്കള്‍ എപ്പോഴും ഓര്‍ക്കുക, ലാളനകളും പ്രോത്സാഹനങ്ങളുമാകാം. മക്കള്‍ വഴിപിഴയ്ക്കാന്‍ അതു കാരണമാകരുത്. ശരാശരി ഒരാഴ്ചക്കാലം സ്വന്തം മക്കളെ ഫോണില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും മാറ്റിയിരുത്താന്‍ ശ്രമിച്ചാല്‍ മനസിലാകും പ്രശ്‌നത്തിന്റെ വ്യാപ്തിയും ആഴവും.

ഒരു സുപ്രഭാതത്തില്‍ ഇന്റര്‍നെറ്റ് നിലച്ച് കുട്ടികളെല്ലാം വഴിയാധാരമാകുമെന്നല്ല പറഞ്ഞതിനെല്ലാം അര്‍ഥം. മൊബൈല്‍ ടവറുകള്‍ ജാമായി ഹാന്‍ഡ്‌സെറ്റുകള്‍ സ്തംഭിക്കുമ്പോള്‍ കുട്ടികള്‍ കൂട്ടത്തോടെ ആത്മാഹൂതി ചെയ്യുമെന്നുമല്ല ഉദ്ദേശിച്ചത്. ബുദ്ധിയും വിവേകവും ചിന്തയും വ്യക്തിത്വവും പ്രതിഭയും വികസിക്കുന്ന പ്രായത്തില്‍ കുട്ടികള്‍ക്കു ജീവിതത്തെക്കുറിച്ചു ശരിയായ ദിശാബോധം നല്‍കണം. ആധുനിക സാങ്കേതിക ഉപകരണങ്ങള്‍ വിരിച്ച വലയിലേക്ക് എറിഞ്ഞുകൊടുക്കരുത് മക്കളെ. അവരുടെ ചിന്തകള്‍ ഒരിക്കല്‍ ഔട്ട് ഓഫ് കവറേജ് ആയാല്‍ , പിന്നീടു റെയ്ഞ്ചിലേക്കെത്തിക്കാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടിവരും. ഒരുപക്ഷേ, അത് ഒരിക്കലും സാധ്യമായില്ലെന്നും വരാം. തിരിച്ചറിയുക, കംപ്യൂട്ടര്‍ യുഗമാണ്. കരുതിയിരിക്കുക മാത്രമേ നിവൃത്തിയുള്ളൂ.
Show Users Comments >>
 
Other News in this category

 
 




 
Close Window