Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
 
 
എഡിറ്റോറിയല്‍
  Add your Comment comment
ഇനി നിയമങ്ങളുടെ കാലം, പ്രവാസികള്‍ക്ക് പരീക്ഷണത്തിന്റേയും
എഡിറ്റര്‍
പുത്തന്‍ നിയമങ്ങള്‍ നടപ്പാകുന്നു. ബ്രിട്ടനിലെ കുടിയേറ്റക്കാര്‍ ഇന്നുവരെ കണ്ടതില്‍ വച്ച് ഏറ്റവും കാര്‍ക്കശ്യമുള്ള നടപടികളുടെ കാലമാണിനി. ഡിപ്പന്റഡ് എന്ന വാക്കിന്റെ ചതുര്‍ഭാഗങ്ങളിലും ഹോം ഓഫീസിന്റെയും ബോര്‍ഡര്‍ ഏജന്‍സിയുടെയും വിലങ്ങുകള്‍ വീഴുന്നു. സ്റ്റുഡന്റ് വിസയുടെ സ്വാതന്ത്രങ്ങളും അവസാനിച്ചുവെന്നു പറയാം. സ്വപ്നഭൂമിയെന്നു യുണൈറ്റഡ് കിങ്ഡത്തെ വാഴ്‌ത്തേണ്ടുന്ന അവസ്ഥയുടെ പടിവാതില്‍ , 2011നെ അങ്ങനെത്തന്നെ വിശേഷിപ്പിക്കണം. കുടിയേറ്റത്തിന്റെ വഴിയില്‍ വന്‍മതില്‍ നിര്‍മിച്ച് വിദേശികളെ അകറ്റി നിര്‍ത്തുമ്പോള്‍ ഒരു ചോദ്യം സാധാരണക്കാര്‍ക്കു സ്വയം ചോദിക്കാം. 2012 ഒളിംപിക്‌സിന് കമ്പു നാട്ടാനും കുറ്റിയടിക്കാനും മണ്ണു ചുമക്കാനും വഴി തെളിക്കാനും എവിടെ നിന്നു കിട്ടും തൊഴിലാളികളെ ?

ആത്മാര്‍ഥതയുടെ പേരില്‍ എക്കാലത്തും പ്രശംസിക്കപ്പെട്ടിട്ടുള്ള അധ്വാനമാണ് ഇന്ത്യക്കാരുടേത്, വിശിഷ്യ കേരളീയരുടേത്. എന്‍എച്ച്എസിന്റെ രേഖകളിലെവിടെയും അടച്ച് ആക്ഷേപിക്കപ്പെട്ടിട്ടില്ല ഇന്ത്യന്‍ നഴ്‌സുമാരും ഡോക്ടര്‍മാരും. വര്‍ണവെറിയുടെ പേരില്‍ ആക്ഷേപിക്കപ്പെടുന്നുവെന്ന ആരോപണങ്ങള്‍ മലയാളികള്‍ സ്വയം ചാര്‍ത്തിയെടുത്ത മുദ്രയാണോ അല്ലയോ എന്നുള്ളതു സംബന്ധിച്ച വിധി കാലത്തിനു വിടാം. അതേ സമയം, കുടിയേറ്റം നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ മറുവശങ്ങള്‍ ചിന്തിക്കുന്നതു നല്ലതാണ്. ഓരോരോ വിസകളുടെ പേരുകള്‍ എടുത്തു പറയാതെ തന്നെ മനസിലാക്കാം, മാന്‍ പവര്‍ ഷോര്‍ട്ടേജിലേക്കാണു ബ്രിട്ടന്‍ നീങ്ങുന്നത്.

പ്രവചനങ്ങള്‍ നടത്താനുള്ള കാലാനുഗതമായ അവകാശം സാമ്പത്തികകാര്യ വിദഗ്ധര്‍ തന്നെ കൈകാര്യം ചെയ്യട്ടെ. പകരം, ഇവിടെ കുടിയേറിയ മലയാളികളുടെ ജീവിതച്ചെലവിലേക്കും ആശ്രിതരുടെ കുടിയേറ്റത്തിലേക്കും തുറിച്ചു നോക്കാം. ഇരുപതു മണിക്കൂര്‍ നിര്‍ബന്ധമായും ക്ലാസ് അറ്റന്‍ഡ് ചെയ്യണമെന്ന നിബന്ധനയ്ക്കു കീഴെ ബാക്കി സമയത്തിന്റെ ചുരുങ്ങിയ ഇടവേളയില്‍ മാത്രമാണോ സ്റ്റുഡന്റ് വിസയിലെത്തിയവര്‍ ജോലി ചെയ്യുന്നത്? അല്ല എന്നു തന്നെയാണ് മറുപടി. അങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നതുകൊണ്ടാണ് ബ്രിട്ടനിലെ മലയാളികള്‍ പട്ടിണിയില്ലാതെ ജീവിക്കുന്നത്. നൂറ് പൗണ്ട് എന്നു കേള്‍ക്കുമ്പോള്‍ ഉള്‍ക്കിടിലമുണ്ടാകുന്നവരാണു മലയാളികളെന്ന ആരോപണങ്ങളെ കാറ്റില്‍പ്പറത്താം. കാരണം, ഒരോ പൗണ്ടിനും അതിന്റെ മൂല്യം നിശ്ചയിക്കുന്നത് അധ്വാനത്തിന്റെ കാഠിന്യമാണ്. ജോലി ചെയ്യുന്ന ഭാര്യയുടെ പേരില്‍ ഇവിടെയെത്തുന്ന ഭര്‍ത്താവിനു സ്റ്റുഡന്റ് വിസയില്‍ വന്ന് ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണോ സൃഷ്ടിക്കപ്പെടുന്നത്? ഭാഷാ പ്രാവീണ്യം സംബന്ധിച്ച കുരുക്കുകള്‍ വിസിറ്റിങ് വിസകളെപ്പോലും കുരുക്കിലാക്കുമോ? ആശങ്കകള്‍ ഒഴിയുന്നില്ല.

ശരാശരി നിരക്കില്‍ കൂട്ടി നോക്കിയാല്‍ ഗള്‍ഫിന്റെ മറ്റൊരു മുഖമായി മാറുകയാണ് യുകെ. കൊച്ചിയില്‍ പ്രമുഖ സ്ഥാപനങ്ങള്‍ നല്‍കുന്ന ശമ്പളത്തെക്കാള്‍ അയ്യായിരം രൂപ കൂടുതല്‍ സമ്പാദിക്കാനാവുന്നില്ല ഇപ്പോള്‍ ദുബായിയിലുള്ള കമ്പനിയിലെ എന്‍ആര്‍ഐകള്‍ക്ക്. സ്റ്റുഡന്റ് വിസയില്‍ എത്തിയവര്‍ക്ക് ബ്രിട്ടനിലെ ഒഴിവു സമയത്തില്‍ ഇതിലേറെ സമ്പാദിക്കാനാകുന്നുണ്ടോ? അതിനു കഴിയുന്നെങ്കില്‍ മലയാളിയുടെ ആര്‍ജവം പ്രശംസിക്കാതെ വയ്യ. പക്ഷേ, ആ സാഹചര്യവും ഇല്ലാതാവുകയാണ്.

ബ്രിട്ടന്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധിക്കു കാരണം കുടിയേറ്റക്കാരാണെന്നതു പൊള്ളയായ ആരോപണം. ഏറെ വൈകാതെ അതു തിരിച്ചറിയാം. ഒളിംപിക്‌സ് വേദിയിലേക്ക് ശതകോടികളാണ് ഒഴുകിയെത്തുക. സമ്പന്നതയുടെ മച്ചുകളില്‍ കഴിയുന്നവര്‍ക്ക് ഒരിക്കലും ചെയ്യാനാകാത്ത കുറേ ജോലികളുണ്ട് ബ്രിട്ടനില്‍ . ആഫ്രിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നുമുള്ള കുടിയേറ്റക്കാരെക്കൊണ്ടു മാത്രം സാധ്യമായ പ്രവൃത്തികള്‍ . കുടിയേറ്റ നിയന്ത്രണത്തില്‍ അന്ന് ഇളവ് വരുത്തുമായിരിക്കാം. പക്ഷേ, അപ്പോഴേയ്ക്കും നൂറു കണക്കിനു മലയാളികള്‍ക്ക് 2011ന്റെ ആരംഭത്തില്‍ സൃഷ്ടിക്കപ്പെടുന്ന നിയന്ത്രണങ്ങള്‍ പ്രശ്‌നമായിത്തീര്‍ന്നിട്ടുണ്ടാകും. നിയമത്തിന്റെ കടുംകട്ടികള്‍ എത്രയും പെട്ടെന്ന് അയവു വരട്ടെ എന്നു പ്രതീക്ഷിക്കുക മാത്രമേ ഇപ്പോള്‍ നിവൃത്തിയുള്ളൂ. ബാക്കിയുള്ളതെല്ലാം പ്രവാസികളുടെ വിധി.
 
Other News in this category

 
 




 
Close Window