|
സ്വാതന്ത്ര്യമെന്ന അനുഭവത്തെ വിവരിക്കാന്‍ അക്ഷരങ്ങള്‍ മതിയാവില്ല. ജനാധിപത്യമെന്ന വാക്കിന്റെ അര്‍ഥം കുറിക്കാന്‍ മറ്റു പദങ്ങളും ഏറെയില്ല. ഇത് എന്റെ രാജ്യമെന്നു നിവര്‍ന്നു നിന്നു പറയാനുള്ള ശക്തി പകരുന്ന ഊര്‍ജത്തിനു പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല. സൂര്യനു താഴെ നിന്ന്, ആകാശത്തേയ്ക്കു നോക്കി ഞാന്‍ സ്വതന്ത്രനെന്ന് ഉറക്കെ വിളിച്ചു പറയാനുള്ള അവകാശത്തെ എത്ര പദങ്ങള്‍കൊണ്ടു വിവരിച്ചാലും അതിന്റെ സമ്പൂര്‍ണതയാകില്ല. സ്വാതന്ത്ര്യത്തിന്റെ ആകാശനീലിമയിലേക്കു മുഷ്ടിയുയര്‍ത്തി ഈജിപ്ഷ്യന്‍ ജനത ആസ്വദിക്കുന്നത് മനുഷ്യ സ്വാതന്ത്ര്യത്തിന്റെ ആ അന്തസാണ്. ഹോസ്‌നി മുബാറക്കിനെ പ്രസിഡന്റ് സ്ഥാനത്തു നിന്നു നീക്കി പുതിയൊരു യുഗത്തിലേക്ക് ഈജിപ്ത് പ്രവേശിക്കുമ്പോള്‍ അറബ് രാഷ്ട്രങ്ങള്‍ വിപ്ലവത്തിന്റെ തിരി കൊളുത്തുകയാണ്. മൂന്നു പതിറ്റാണ്ടിലേറെക്കാലം ഈജിപ്റ്റിലെ ഭരണാധികാരിയായിരുന്ന മുബാറക്കിനെതിരേ 2011ല്‍ ഇത്രമാത്രം എതിര്‍പ്പുണ്ടാകാന്‍ കാരണമെന്ത് ? പ്രക്ഷോഭങ്ങളുടെ ആരംഭം മുതല്‍ പതിവുതെറ്റി അമേരിക്ക ഇടപെടുന്നത് എന്തുകൊണ്ട് ? ചിന്തിക്കേണ്ടതുണ്ട് ഇപ്പോള്‍ ഭൂമിയില്‍ ജീവിക്കുന്നവരെല്ലാവരും.
ഗൂഗിള്‍ എന്ന സെര്‍ച്ച് എന്‍ജിന്റെ മാതൃരാജ്യം അമേരിക്കയാണ്. ആ സ്ഥാപനത്തിലെ ജോലിക്കാരനാണ് വെയ്ല്‍ ഗോനിം. ദുബായ് റീജിയന്റെ മുഖ്യ ഉദ്യോഗസ്ഥനായിരുന്ന വെയ്ല്‍ ഗോനിമിനെ ഈജിപ്ഷ്യന്‍ പോലീസ് അറസ്റ്റു ചെയ്തത് എന്തിനാണെന്ന് പിന്നീടു പരിശോധിക്കാം. ഭാര്യയോടൊപ്പം അമേരിക്കയില്‍ കഴിഞ്ഞിരുന്ന ഗോനിമിന്റെ ജന്മസ്ഥലം ഈജിപ്റ്റാണ്. അമേരിക്കയില്‍ ജോലി ചെയ്യുന്നത് ഈജിപ്ഷ്യന്‍ നിയമപ്രകാരം തെറ്റല്ല. ദൂബായില്‍ നിന്നു തിരിച്ചെത്തിയ ഉടനെ ഗോനിമിനെ ഈജിപ്ഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രസിഡന്റിനേതിരേ സമരം നടത്തിയിരുന്ന ഈജിപ്തിലെ പ്രതിപക്ഷം ഈ കേസ് ഏറ്റുപിടിച്ചു. അടുത്ത ദിവസം രാവിലെ ഗോനിം ജയില്‍ മോചിതനായി. തടവു ശിക്ഷ കഴിഞ്ഞിറങ്ങിയ ഗോനിമിനെ ടിവി ചാനല്‍ ഇന്റര്‍വ്യൂ ചെയ്തു. അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞ ഗോനിം ക്യാമറയ്ക്കു മുന്നില്‍ നിന്ന് ഇറങ്ങിപ്പോയി. ഈ നാട്ടില്‍ മക്കള്‍ നഷ്ടപ്പെടുന്ന അച്ഛനമ്മമാര്‍ അറിയുക , ഒരേയൊരാളാണ് കൊലപാതകത്തിനു പിന്നിലെന്നു പറഞ്ഞതിനു ശേഷമാണ് ഇന്റര്‍വ്യൂവിനിടെ ഗോനിം ഇറങ്ങിപ്പോയത്. തൊട്ടടുത്ത ദിവസം മുതല്‍ ഈജിപ്ഷ്യന്‍ സമരങ്ങളില്‍ സ്ത്രീകള്‍ പങ്കാളികളായി. ഏറ്റവുമൊടുവില്‍ മുബാറക്ക് സ്ഥാനമൊഴിഞ്ഞു. ജനങ്ങളൂടെ കൂട്ടായ്മ വിജയിച്ചു.
ഈജിപ്ഷ്യന്‍ വിജയഗാഥ അവിടെ നില്‍ക്കട്ടെ. തൊട്ടു പിന്നാലെയുണ്ടായ വിഷയങ്ങളെക്കുറിച്ചു ചിന്തിക്കാം. ടുണീഷ്യ , ബഹ്‌റിന്‍ , ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ ഭരണകൂടത്തിനെതിരേ ജനങ്ങള്‍ പ്രതിഷേധവുമായി ഇറങ്ങി. ഇറാനില്‍പ്പോലും സ്ത്രീകള്‍ മുദ്രാവാക്യങ്ങളുമായി റോഡിലിറങ്ങി. ലോകം മുഴുവന്‍ വാഹനങ്ങള്‍ക്ക് ഇന്ധനം വിതരണം ചെയ്യുന്ന , ലോകത്തിന്റെ ഓരോ സ്പന്ദനവും നിര്‍ണയിക്കുന്ന അറബ് രാഷ്ട്രങ്ങളില്‍ പെട്ടെന്നൊരു ദിവസം വിപ്ലവം പൊട്ടിപ്പുറപ്പെടാന്‍ കാരണമെന്ത് ? ഇത്രയും കാലം അടച്ചിട്ട മുറികള്‍ക്കുള്ളിലെ ഇരുട്ടില്‍ ശിരസു മുതല്‍ പാദം വരെ മൂടിയ വസ്ത്രമണിഞ്ഞു ജീവിക്കുന്ന അറേബ്യന്‍ വനിതകളെ സമരത്തിനു പ്രേരിപ്പിക്കുന്ന ചേതോവികാരത്തിന്റെ ഉറവിടം എവിടെയാണ് ? അറേബ്യന്‍ രാഷ്ട്രങ്ങള്‍ സ്വതന്ത്രമായാല്‍ , വ്യാപാര കരാറുകളുടെ പരിധിയിലേക്ക് എണ്ണഖനനം ചെയ്യുന്ന രാഷ്ട്രങ്ങളും പ്രവേശിച്ചാല്‍ , സ്വതന്ത്ര വ്യാപാര കരാര്‍ വ്യാപിപ്പിച്ചാല്‍ ആര്‍ക്കാണു നേട്ടം ? അറബ് രാഷ്ട്രങ്ങള്‍ ഔദ്യോഗികമായി സ്വതന്ത്ര്യമായാല്‍ അവിടെ ഇത്രയുമല്ലാതെ മറ്റൊന്നും സംഭവിക്കാന്‍ പോകുന്നില്ല.
യൂറോപ്പിനെ , പ്രത്യേകിച്ചും , യുകെയെ സംബന്ധിച്ചിടത്തോളം ആഴത്തില്‍ ചിന്തിക്കേണ്ട വിഷയമാണ് അറേബ്യന്‍ രാജ്യങ്ങളിലെ ഓരോ ചലനങ്ങളും. പബ്ബുകള്‍ , ഹോട്ടലുകള്‍ , റസ്റ്ററന്റുകള്‍ , മള്‍ട്ടിനാഷണല്‍ കമ്പനികള്‍ ... വിവിധ അറേബ്യന്‍ രാഷ്ട്രങ്ങളിലെ പൗരന്മാരല്ലേ ഇവിടെയെല്ലാം ജോലി ചെയ്യുന്നത്. സ്വന്തം ഐഡന്റിറ്റി വിവരങ്ങളില്‍ അവര്‍ക്കു ലഭിക്കുന്ന അഡീഷണല്‍ ബെനിഫിറ്റല്ല സ്വാതന്ത്ര്യം. മാതൃരാജ്യത്തിന്റെ വിശാലതയിലേക്കുള്ള ക്ഷണമാണ്. സ്വാഭാവികമായും പാശ്ചാത്യലോകത്തോടുള്ള സമീപനമാണ്. മിഡില്‍ ഈസ്റ്റ് കണ്‍ട്രീസ് എന്നു വിശേഷിപ്പിക്കുന്ന രാജ്യങ്ങളെല്ലാം സ്വതന്ത്രമായാല്‍ എന്തായിരിക്കും പാശ്ചാത്യരാഷ്ട്രങ്ങളുടെ നിലപാട്. ഉടമ്പടികളുടെയും കരാറുകളുടെയും രേഖകള്‍ക്ക് ആ രാജ്യങ്ങള്‍ വഴങ്ങിയാല്‍പ്പോലും ആ സമൂഹത്തെ നിയന്ത്രിക്കാനാകുമോ അവിടത്തെ പുതു ഭരണകൂടങ്ങള്‍ക്ക് ? മറ്റൊരു അഫ്ഗാന്‍ , അല്ലെങ്കിലൊരു ഇറാഖ്. അതുമല്ലെങ്കില്‍ ഒരു വിയറ്റ്‌നാം. ഇതിനപ്പുറമെന്തെങ്കിലും അവിടെ സംഭവിക്കുമെന്നു വിശ്വസിക്കണമെങ്കില്‍ വെറും ഉട്ടോപ്യന്‍ ചിന്താഗതിയില്‍ ജീവിക്കേണ്ടിവരും.
സ്വന്തം ജോലിയും ജീവിത സാഹചര്യങ്ങളുമായി ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം അന്നം മുട്ടിക്കുന്ന കേസല്ല അറേബ്യന്‍ രാഷ്ട്രങ്ങളിലെ പ്രക്ഷോഭവും സമരങ്ങളും. നൂറ്റാണ്ടുകളോളം ഒരു കച്ചവടക്കമ്പനിയുടെ കോളനിയായിരുന്ന ഇന്ത്യയിലെ പൗരന്മാരെ സംബന്ധിച്ചിടത്തോളം അറിഞ്ഞിരിക്കേണ്ടതുണ്ട്് ലോകത്തു നടക്കുന്ന ഓരോ സ്വാതന്ത്ര്യ സമരങ്ങളും. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സ്വാതന്ത്ര്യ സമരങ്ങള്‍ നിസ്വാര്‍ഥമല്ല. ആരുടെയൊക്കെയോ താത്പര്യത്തിനു വഴങ്ങി ആരൊക്കെയോ നടത്തുന്ന പ്രോഗ്രാമുകള്‍. അറേബ്യന്‍ രാഷ്ട്രങ്ങളിലേക്ക് കണ്ണു നട്ടിരിക്കുന്നത് ആരാണ് ? അറേബ്യന്‍ രാഷ്ട്രങ്ങളിലേക്കു നുഴഞ്ഞു കയറാന്‍ കാത്തിരിക്കുന്നത് ആരാണ് ? |