Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
എഡിറ്റോറിയല്‍
  Add your Comment comment
നാടിന്റെ സ്‌പന്ദനമാകട്ടെ പ്രവാസ ജീവിതത്തിന്റെ ജീവവായു
Editor
കേരളം പുതിയൊരു ഭരണത്തിനായി കാത്തിരിക്കുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞ്‌ ഒരു ദിവസത്തെ ഇടവേളയില്‍ വിഷുവിന്റെ വിരുന്ന്‌. കാര്‍ഷിക കേരളത്തിന്റെ സമൃദ്ധിയും സമ്പന്നതയും എന്നും നിലനില്‍ക്കട്ടെ. ഇപ്പോഴത്തെ നിലയില്‍ ചിന്തിച്ചുകൊണ്ടൊരു വിശകലനം അനിവാര്യം. സമ്മതിദാനാവകാശമെന്ന പൗരത്വ സ്വാതന്ത്ര്യത്തിന്റെ സ്വാഭാവിക ഭാവങ്ങളെല്ലാം തത്‌ക്കാലത്തേയ്‌ക്കു മാറ്റിവയ്‌ക്കാം. കേരളത്തിന്റെ ഭാവിയെക്കുറിച്ചു മാത്രം ചിന്തിക്കാം. എവിടെ നിന്നു തുടങ്ങണം, എവിടെ അവസാനിപ്പിക്കണം എന്ന നിലപാടില്‍ നിന്ന്‌ അല്‍പ്പമെങ്കിലും മുന്നോട്ടു പോയിട്ടുണ്ടോ സാക്ഷര കേരളം? അതു മലയാളികളുടെ ചിന്താശേഷിക്കനുസരിച്ച്‌ ആലോചിച്ചു തീരുമാനിക്കട്ടെ.
ഓരോ തെരഞ്ഞെടുപ്പും ഉയര്‍ത്തിവിടുന്ന കാഹളങ്ങള്‍ക്കപ്പുറമൊരു സാമൂഹിക ജീവിതമുണ്ട്‌. അവിടെയാണല്ലോ വികസനമെന്ന വാക്കിന്റെ അടിസ്ഥാന തത്വങ്ങള്‍ പാലിക്കപ്പെടേണ്ടതും സാധ്യമാക്കേണ്ടതും. ഇന്‍ക്രെഡിബിള്‍ ഇന്ത്യ, ഗോഡ്‌സ്‌ ഓണ്‍ കണ്‍ട്രി തുടങ്ങിയ വാചകപ്പെരുക്കത്തില്‍ വിദേശികളെ ആകര്‍ഷിച്ചതുകൊണ്ട്‌ ഓണം കേറാ മൂലകളിലെ പട്ടിണി മാറില്ല. മൂന്നു നേരം ഭക്ഷണം കഴിക്കുകയെന്ന മലയാളിയുടെ ശീലം പാലിക്കാനുള്ള നടപടികളെങ്കിലുമുണ്ടാകണം. രോഗം വന്നാല്‍ എല്ലാവര്‍ക്കും ചികിത്സയ്‌ക്കുള്ള സാഹചര്യം സൃഷ്ടിക്കപ്പെടണം. വിശന്ന വയറുമായി അന്തിയുറങ്ങാനുള്ള അവസ്ഥയുണ്ടാകരുത്‌. വിദ്യാഭ്യാസം സാര്‍വത്രികമാകണം. വാഹനവുമായി റോഡിലിറങ്ങിയാല്‍ സഞ്ചരിക്കാനുള്ള സൗകര്യമുണ്ടാകണം. പോകുന്ന ഓഫീസുകളില്ലെല്ലാം നൂറു രൂപയുടെ നോട്ട്‌ കാണിക്ക വയ്‌ക്കണമെന്ന ഇടപാട്‌ മാറണം... അങ്ങനെയങ്ങനെ കുറേ തീരുമാനങ്ങളുമായി പോളിംഗ്‌ ബൂത്തിലേക്കു പോയവരെല്ലാം വോട്ടു ചെയ്യാതെ മടങ്ങി വന്നിട്ടേ ഉണ്ടാകൂ.
ഈസ്റ്ററിന്റെ നിറവ്‌. നോമ്പു കാലം കഴിഞ്ഞതിന്റെ ആഘോഷം. പുതിയ തീരുമാനങ്ങളുമായി കുടുംബജീവിതത്തില്‍ വരുത്തിയ ചില്ലറ ഭേദഗതികള്‍. ഇതിനപ്പുറം സമൂഹത്തില്‍ എന്താണ്‌ സംഭവിച്ചതെന്ന്‌ ആലോചിക്കേണ്ടത്‌ ഓരോരുത്തരുടെയും അലിഖിതമായ ഉത്തരവാദിത്തമാണ്‌. വീടിന്റെ വാതില്‍പ്പടിയില്‍ കിടക്കുന്ന പഴത്തൊലി പെട്ടെന്ന്‌ എടുത്തുമാറ്റുന്നത്‌ വീട്ടിലെ ആരും അതില്‍ ചവിട്ടി വീഴരുതെന്നു വിചാരിച്ചാണ്‌. ഇതേ ചിന്ത സമൂഹത്തെക്കുറിച്ചുണ്ടെങ്കില്‍ എന്നേ നന്നാകുമായിരുന്നു കേരളം. അധികാരത്തിന്റെ പദവികളില്‍ എത്തുമ്പോള്‍ ഏല്‍പ്പിച്ചു വിട്ട കര്‍ത്തവ്യങ്ങളെ വകഞ്ഞു മാറ്റി വ്യക്തിഗതമായ നേട്ടങ്ങളിലേക്കു ചുരുങ്ങുന്നതാണ്‌ എല്ലാ ഭരണകൂടങ്ങളുടെയും ട്രാജഡി. അത്‌ ജനങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്നത്‌ പരോക്ഷമായ അപരാധം.
പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഇതിലൊന്നും പ്രത്യേകിച്ചു ചെയ്യാനില്ല. പക്ഷേ, കേരളത്തിന്റെ വളര്‍ച്ചയുടെ അഭ്യുദയകാംക്ഷികളല്ലേ മലയാളികളെല്ലാവരും. ഇവിടെയുണ്ടാകുന്ന ഓരോ മാറ്റത്തിന്റെയും ഗുണങ്ങളും ദോഷങ്ങളും ആധികാരികമായി എല്ലാവരെയും ബാധിക്കുന്നതല്ലേ. വിസ നിയമങ്ങളുടെ മാറ്റം നോക്കുന്ന അതേ ആവേശത്തോടെയല്ലേ കേരളത്തില്‍ ആരാണ്‌ അടുത്ത മുഖ്യമന്ത്രിയെന്ന്‌ അന്വേഷിക്കുന്നത്‌. ഓരോരുത്തരുടെയും ഉള്ളിന്റെയുള്ളിലുള്ള ധാര്‍മിക വികാരങ്ങളാണ്‌ അതെല്ലാം. വിഷുവും ഈസ്‌റ്ററും അസുലഭമായ മുഹൂര്‍ത്തങ്ങള്‍ തന്നെ. ആഘോഷത്തിന്‌ യാതൊരു കുറവും വരുത്തേണ്ടതില്ല. അതേ സമയം സമൂഹത്തിന്റെ, സ്വന്തം നാടിന്റെ പ്രശ്‌നങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാന്‍ ശ്രമിക്കേണ്ടത്‌ സ്വന്തം കര്‍ത്തവ്യത്തിന്റെ ഭാഗം തന്നെ. ഇലക്‌്‌ഷന്‍ കഴിഞ്ഞാലും, വിഷുവും ഈസ്റ്ററും ഓണവും ബലിപെരുന്നാളും കടന്നുപോയാലും കേരളനാടിന്റെ ഓരോ സ്‌പന്ദനവും തിരിച്ചറിയണം ലോകത്തിന്റെ ഓരോ കോണിലുമുള്ള മലയാളികളും. ഇപ്പോള്‍ അങ്ങനെയാണോ? സ്വയം വിലയിരുത്തുക, പ്രവാസ ജീവിതം നയിക്കുന്ന ഓരോരുത്തരും.
 
Other News in this category

 
 




 
Close Window