|
പുതിയ ഭരണം. ശുഭപ്രതീക്ഷ. ആകാശത്തോളം സ്വപ്‌നം കാണാനുള്ള വകയുണ്ട് പ്രഖ്യാപനങ്ങളില്‍ . കേരളത്തില്‍ ഭരണം ഏറ്റെടുത്ത യുഡിഎഫ് മുന്നണിയുടെ സാരഥ്യത്തിലുള്ള മന്ത്രി സഭയ്ക്ക് ആശംസകള്‍ . അംഗബലംകൊണ്ടു ഭൂരിപക്ഷം അളന്നാല്‍ കുറവാണെങ്കിലും ജയം എപ്പോഴും ജയം തന്നെ. കേരളത്തിലെ ജനങ്ങള്‍ ഭരണത്തിനുള്ള ചുമതല അവരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. മന്ത്രിസ്ഥാനത്തിനുവേണ്ടി കലികൊണ്ടുള്ള പോരാട്ടങ്ങളുണ്ടായില്ല, പോര്‍വിളികള്‍ക്കും അവസരമില്ലായിരുന്നു. എല്ലാം ഭംഗിയായി കൈകാര്യം ചെയ്തതു കെപിസിസി ഭാരവാഹികളാണോ കേന്ദ്രനേതൃത്വമാണോ അതോ ഇടനിലക്കാരെ വച്ചുള്ള സമവായങ്ങളാണോ എന്ന കാര്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. എന്തായാലും വലിയ പ്രശ്‌നങ്ങളില്ലാതെ, സന്തോഷത്തോടെ, ശുഭകരമായ പ്രതീക്ഷകളോടെ മന്ത്രിസഭ അധികാരത്തിലേക്ക്. പൊരിഞ്ഞ പോരാട്ടത്തിനൊടുവില്‍ ആരാണ് കേരളത്തില്‍ അധികാരത്തിലെത്തുകയെന്ന വിഷയത്തിനു വിരാമം. യുഡിഎഫ് മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം ബഹുദൂരത്തിലാകുമെന്നു പ്രതീക്ഷിക്കാം.
രണ്ടു കാലില്‍ ചുവടുറപ്പിച്ചു നില്‍ക്കാനുള്ള ശ്രമങ്ങളാകും തുടക്കമെന്നതു സ്വാഭാവികം, അതില്‍ കുറ്റം കാണേണ്ടതില്ല. അടിയന്തരാവശ്യങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്ന പ്രഖ്യാപനത്തെ വിശ്വസിച്ചുകൊണ്ട് ഇനിയുള്ള ഓരോ നടപടികളെയും വിലയിരുത്താം. സത്യപ്രതിജ്ഞയ്ക്കുശേഷം ഉമ്മന്‍ചാണ്ടിയുടെ വാഗ്ദാനങ്ങള്‍ അഭിനന്ദനാര്‍ഹം, ആശാവഹം. കേരളം നേരിടുന്ന പ്രധാനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന വാക്കില്‍ തുടങ്ങുന്നു ആ നിശ്ചയങ്ങള്‍ . പ്രാഥമിക മന്ത്രി സഭായോഗത്തിനുശേഷമുള്ള പ്രഖ്യാപനമായതുകൊണ്ട് കാതുകൂര്‍പ്പിച്ചു കേള്‍ക്കാം അതെല്ലാം. ബ്രിട്ടനില്‍പ്പോലും കേട്ടിട്ടില്ലാത്ത തോതിലുള്ള പെട്രോള്‍ വില വര്‍ധനയുടെ അടിവേരില്‍ പിടിച്ചുകൊണ്ട് വിലക്കയറ്റത്തിന്റെ തീയില്‍ വെള്ളമൊഴിച്ചു തണുപ്പിച്ചു മുഖ്യമന്ത്രി. പെട്രോള്‍ വില വര്‍ധിപ്പിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് വാര്‍ഷിക വരുമാനത്തില്‍ അധികമായി കിട്ടുക 131.94 കോടി രൂപയാണ്. അത്രയും കോടി കേരള സര്‍ക്കാരിനുവേണ്ടെന്നു കണ്ണുമടച്ചു പറയാനുള്ള ചങ്കൂറ്റം കാണിച്ചു ഉമ്മന്‍ചാണ്ടി. യുഡിഎഫ് മന്ത്രിസഭ മുമ്പ് അധികാരത്തിലിരുന്ന കാലത്ത്, കൃത്യമായി പറഞ്ഞാല്‍ , 2005ല്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനത്തിന്റെ തുടര്‍ച്ച തന്നെയാണിത്.
എന്‍ഡോസള്‍ഫാന്‍ എന്ന മാരകവിഷത്തിന്റെ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുമെന്ന തീരുമാനം മനുഷ്യത്വത്തോടെ അംഗീകരിക്കണം, പ്രശംസിക്കണം. അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടതും എന്നാല്‍ പൂര്‍ണമായും നടപ്പാക്കാന്‍ പറ്റാതെ പോയതുമായ ജനകീയ പ്രശ്‌നങ്ങളിലൊന്നാണിതെന്നതു ശ്രദ്ധേയം. എന്‍ഡോസള്‍ഫാന്റെ പ്രത്യാഘാതങ്ങളേറ്റ് 2008 വരെ മരിച്ച 486 ആളുകളില്‍ 178 കുടുംബങ്ങള്‍ക്ക് ഇതുവരെ അമ്പതിനായിരം രൂപ ധനസഹായം നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കെല്ലാം ഒരുലക്ഷം രൂപ വീതവും , നേരത്തേ സഹായം ലഭിച്ചവര്‍ക്ക് അമ്പതിനായിരം കൂടിയും നല്‍കുമെന്ന് പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ലാതെ തന്നെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്‍ഡോസള്‍ഫാന്‍ എന്ന മാരകവിപത്ത് കേരളത്തില്‍ കര്‍ശനമായും നിയന്ത്രിക്കുമെന്നും പറഞ്ഞു ഉമ്മന്‍ചാണ്ടി.
സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സംബന്ധിച്ചുള്ള ആശങ്കകള്‍ ഇല്ലാതാക്കിക്കൊണ്ട് ഏകജാലക സംവിധാനത്തിലൂടെ രണ്ടാംഘട്ട അലോട്‌മെന്റ് പരിഗണിക്കുമെന്ന് അറിയിച്ചു. വോട്ടു തന്നു വിജയിപ്പിച്ച കര്‍ഷകരോട് നന്ദികേടു കാണിച്ചില്ല. കൃഷിനാശം സംഭവിച്ചവര്‍ക്ക് ദുരിതാശ്വാസവും, വരുന്ന വിളയെടുപ്പിന് കൊയ്ത്തുയന്ത്രവും നല്‍കുമെന്നു വാക്കു നല്‍കി. ചികിത്സാച്ചെലവിന്റെ ഭാരം കുറയ്ക്കാന്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. ആദിവാസികളെയും മറ്റു പിന്നോക്ക വിഭാഗങ്ങളെയും പിന്തുണയ്ക്കും. ഒരു രൂപയ്ക്ക് ഒരു കിലോ അരി ലഭ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കും. സര്‍ക്കാര്‍ സര്‍വീസില്‍ കഴിഞ്ഞ ജനുവരി മുതലുള്ള എല്ലാ നിയമനങ്ങളെക്കുറിച്ചും പരിശോധിക്കുമെന്നും അറിയിച്ചു.
അഴിമതി, കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസുകള്‍ , രാഷ്്ട്രീയ കൊലപാതകങ്ങള്‍ , ഐസ്‌ക്രീം കേസ് ഉള്‍പ്പെടെയുള്ള സ്ത്രീപീഡനക്കേസുകള്‍ ... നൂലാമാലക്കേസുകളെക്കുറിച്ചൊന്നും തത്ക്കാലം മിണ്ടാതിരുന്നത് ആലോചനാപൂര്‍വമുള്ള തീരുമാനമായിരിക്കാം. അതെന്തുമാകട്ടെ. പരാജയം സമ്മതിച്ച കേരളത്തിലെ എല്‍ഡിഎഫ് സാരഥികളെ കുറ്റം പറയുന്നത് തോല്‍വി സമ്മതിച്ച പോരാളിയെ വീണ്ടും മര്‍ദ്ദിക്കുന്നതിനു തുല്യമായതിനാല്‍ അത് ഇപ്പോള്‍ അനുചിതം തന്നെ. വി.എസ്. അച്യുതാനന്ദന്‍ , സ്വന്തം പാര്‍ട്ടിയുടെ നിലപാടുകളെ വെല്ലുവിളിച്ച് ഉറക്കെ വിളിച്ചു പറഞ്ഞ കുറേ അഴിമതിക്കഥകള്‍ ഇന്നല്ലെങ്കില്‍ നാളെ പുറത്തുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതു നടപ്പാക്കാനുള്ള സാഹചര്യം അച്യുതാനന്ദന് ഭരണകാലത്ത് ഉണ്ടായില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കഴിയുമോ, മുഖം നോക്കാതെ അത്തരം കേസുകളിലെ പ്രതികളെ വെളിച്ചത്തുകൊണ്ടുവരാന്‍ ? ഇപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ച ശേഷം, ആ കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ ഒട്ടും സംശയിക്കണ്ട മലയാളികള്‍ ഭൂരിപക്ഷത്തോടെ അടുത്ത തവണയും യുഡിഎഫിനെ അധികാരത്തിലേറ്റും. പ്രഥമമന്ത്രിസഭായോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞകാര്യങ്ങള്‍ പുത്തനച്ചിയുടെ ആവേശമല്ലെന്നു വിശ്വസിക്കാം. ബാക്കിയെല്ലാം കാത്തിരുന്നു കാണാം. |