Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
 
 
എഡിറ്റോറിയല്‍
  Add your Comment comment
രാഷ്ട്രീയവും രാംദേവും രണ്ടായിത്തന്നെ നില്‍ക്കട്ടെ
Editor
ഒരു വലിയ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന അര്‍ഥവും പ്രതീകവും യാഥാര്‍ഥ്യവുമാണ് ആര്‍ഷം എന്ന വാക്ക് ഉള്‍ക്കൊള്ളുന്നത്. നൂറ്റാണ്ടുകള്‍ പലതു കടക്കുമ്പോഴും ഈയൊരു സാത്വികതയുടെ നിഷ്‌കളങ്കത പവിത്രമായി കാത്തുപോന്നു ഭാരതം. വാക്കിന്റെ നാനാര്‍ഥങ്ങളിലേക്കു ചികഞ്ഞുപോവുകയല്ല , നാനാത്വത്തിലെ ഏകത്വമെന്നു പിന്നീടു പ്രചരിപ്പിക്കപ്പെട്ട സത്യത്തിന്റെ കഴമ്പിനെ അംഗീകരിക്കുകയായിരുന്നു ഇന്ത്യക്കാര്‍ . സിന്ധു നദിയുടെ തീരത്തു നിന്ന് ഗംഗയുടെ സമൃദ്ധമായ ഭൂപ്രദേശത്തേക്കു കുടിയേറിയവരെ ആര്യന്മാരെന്നും ദ്രാവിഡരെന്നും കാലം വിലയിരുത്തി. ആദ്യം കൃഷിയും പിന്നീടു വ്യവസായവും ഇവിടത്തുകാര്‍ സ്വയം സൃഷ്ടിച്ചപ്പോള്‍ , വിദേശാധിപത്യം ഭാഷയും പുത്തന്‍ രീതികളും ആധുനികതയുടെ വൈവിധ്യങ്ങളും അവര്‍ക്കു കൈമാറി. ഷെര്‍ഷമാരും മുഗളരും വിജയനഗര സാമ്രാജ്യവും കര്‍ണാടകയിലെ ചക്രവര്‍ത്തികളും മൈസൂര്‍ മഹാരാജാവുമൊക്കെ പരിപാലിച്ചിട്ടും എണ്ണിയാലൊടുങ്ങാത്ത നാട്ടുരാജ്യങ്ങളുള്ള ഭൂപ്രദേശം കടല്‍കടന്നെത്തിയവര്‍ക്കു കീഴടങ്ങി.

സ്വാതന്ത്ര്യമെന്ന വിശാലമായ ആകാശത്തേയ്ക്ക് മഹാത്മജിയിലൂടെ പറന്നുയര്‍ന്നപ്പോള്‍ പലവിധ സംസ്‌കാരങ്ങളുടെ ചേരുവയായിരുന്നു ഇന്ത്യ. ആര്‍ഷഭാരത സംസ്‌കാരമെന്ന താത്വികത അപ്പോഴെല്ലാം കാമ്പുചോരാതെ നിലനിന്നു. വര്‍ഷങ്ങളേറെക്കഴിഞ്ഞപ്പോള്‍ , ആര്‍ഷഭാരതമെന്ന വാക്കിനു കാവിയുടെ പ്രതിച്ഛായ വന്നു. അത് ഒരു വിഭാഗത്തിന്റെ പ്രതീകമായി പരിണമിപ്പിക്കാന്‍ ശ്രമമുണ്ടായി. അവിടെ യോജിപ്പിക്കപ്പെടുകയോ, ഏകോപിപ്പിക്കപ്പെടുകയോ ചെയ്തില്ല ആര്‍ഷഭാരതം, പകരം വിഘടനമുണ്ടാവുകയല്ലേ ഉണ്ടായത് ? ആര്‍ഷഭാരതത്തിന്റെ കാവല്‍ക്കാരാവാന്‍ ഇന്ത്യക്കാര്‍ ഇറങ്ങിപ്പുറപ്പെടുന്നതിലെ കറയറ്റ സ്‌നേഹം പ്രകടിപ്പിക്കാനുള്ള ശ്രമങ്ങളാണിതെന്നു വിശ്വസിക്കാന്‍ വയ്യ. അതേ സംസ്‌കാരത്തിന്റെ പേരു പറഞ്ഞ്, ഈ നാടിന്റെ പ്രതീകമായ യോഗാഭ്യാസമെന്ന കലയേയും, പ്രാര്‍ഥനയെന്ന ധ്യാനത്തെയും ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. അതു തുറന്നു പറഞ്ഞേ പറ്റൂ. ബാബ രാംദേവ് എന്ന യോഗാചാര്യന്റെ ഇച്ഛാശക്തിയും കര്‍മധീരതയും യോഗയോടുള്ള നിസീമമായ താത്പര്യവും അംഗീകരിച്ചുകൊണ്ടു തന്നെ പറയാം, ആഡംബരത്തിന്റെ ചൂട്ടുവിളക്കായി ഉപയോഗിച്ചിരിക്കുന്നു ഇതുവരെ പറഞ്ഞതിനെയെല്ലാം. ബാബ രാംദേവ് ഇപ്പോള്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള സദുദ്ദേശങ്ങളെയെല്ലാം മാനിക്കാം. അതോടൊപ്പം തന്നെ യോഗാചാര്യന്‍ തുടങ്ങി വച്ച സമര മുറയുടെ രീതികളെയൊന്നു വിലയിരുത്താം.

മുപ്പത് അടി ഉയരമുള്ള സമരപ്പന്തല്‍ . അയ്യായിരത്തോളം സീലിങ് ഫാനുകളും എയര്‍ കൂളറുകളും. ഏഴു ബിഗ് സ്‌ക്രീന്‍ ടിവി. നൂറ് ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറ. ലോ നോയ്‌സ് സൗണ്ട് സിസ്റ്റം. - മേയ് പതിമൂന്നു മുതല്‍ മുപ്പതു വരെ നടത്താനിരുന്ന സമരത്തിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതു നന്നായി എന്നു പറയാതിരിക്കുന്നതെങ്ങനെ. എയര്‍ കണ്ടീഷന്‍ ചെയ്ത ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍. ഒരു ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാനുള്ള സൗകര്യം. 1,300 ടോയ്‌ലറ്റുകള്‍ . ഇതിനെല്ലാംകൂടി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഈടാക്കാന്‍ തീരുമാനിച്ചിരുന്നത് 3.10 ലക്ഷം രൂപ. ടെന്റ് ഒരു മാസം പരിപാലിക്കാന്‍ വേണ്ടിയിരുന്ന ചെലവ് രണ്ടു കോടി രൂപ. ഇതൊക്കെ മനസിലാക്കിയ ശേഷം രാംവേദിന്റെ കുട്ടിക്കാലത്തെക്കുറിച്ചൊന്ന് അന്വേഷിക്കാം.

സൈക്കിളിന്റെ ടയറും ട്യൂബും പഞ്ചറൊട്ടിക്കാന്‍ വകയില്ലാതായപ്പോള്‍ വീട്ടില്‍ നിന്ന് ഒളിച്ചോടി രാംകൃഷ്ണ യാദവ് എന്ന ഹരിയാനക്കാരന്‍ പയ്യന്‍. പിന്നീടുള്ള ചരിത്രമൊക്കെ വിശദമായി പറയാനുള്ള അവസരമല്ല ഇത്. ഇപ്പോള്‍ സ്‌കോട്ട്‌ലന്‍ഡില്‍ ഒരു ദ്വീപ് സ്വന്തമായുണ്ട് ബാബയ്ക്ക്. പഴയ രാംകൃഷ്ണ യാദവില്‍ നിന്ന് എത്രമാത്രം വളര്‍ന്നു ബാബ രാംദേവ്. ഹരിയാനയിലെ മഹേന്ദ്രഗിരി ജില്ലയിലുള്ള ഹസാരിബാഗ് അലി സയ്യദ്പൂര്‍ ഗ്രാമത്തില്‍ 1965ലാണ് രാംകൃഷ്ണ യാദവ് ജനിച്ചത്. അച്ഛന്റെ പേര് രാംനിവാസ് യാദവ്. അമ്മ ഗുലാബ് ദേവി. ഒരു സാധാരണ കര്‍ഷക കുടുംബം. ജീവിതത്തിന്റെ കഷ്ടപ്പാടുകളില്‍ നിന്ന് രക്ഷനേടി ഒളിച്ചോടിയതിനെക്കുറിച്ചൊക്കെ സ്വന്തം വെബ്‌സൈറ്റില്‍ രാംദേവ് വിശദീകരിച്ചിട്ടുണ്ട്. എട്ടാം ഗ്രേഡ് വരെ ഷാജാദ്പുരില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. അതു കഴിഞ്ഞ് ഖാന്‍പുരിലെ ഗുരുകുലത്തില്‍ സംസ്‌കൃതയും യോഗയും പഠിച്ചു. ആചാര്യ ബനദേവ്ജിയെ പരിചയപ്പെട്ടു, യോഗ പഠനം പൂര്‍ത്തീകരിച്ചു. പിന്നീടു ബാബ രാംദേവായി. 1995ലാണ് രാംദേവിന്റെ നല്ലകാലം തുടങ്ങുന്നത്.

ആചാര്യ ബാലകൃഷ്ണയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുമായി ചേര്‍ന്ന് ദിവ്യയോഗ് മന്ദിര്‍ ട്രസ്റ്റ് രൂപീകരിച്ചത് ആ വര്‍ഷമാണ്. 2003ല്‍ ആസ്ത ടിവിയുടെ പ്രഭാത പരിപാടിയില്‍ അവതരിപ്പിച്ചു തുടങ്ങിയ യോഗ ഡെമോണ്‍സ്‌ട്രേഷന്‍ ക്ലിക്കായി. പതഞ്ജലി യോഗപീഠ് ആരംഭിച്ചപ്പോഴേയ്ക്കും രാംദേവ് ലോക പ്രശസ്തനായിരുന്നു. ലോകത്തെ ഏറ്റവും വലിയ യോഗ-ആയുര്‍വേദ കേന്ദ്രമായി പതഞ്ജലിയെ മാറ്റുകയെന്നതായിരുന്നു ലക്ഷ്യം. ഇപ്പോള്‍ ആയിരം കോടി രൂപയുടെ ആസ്തിയുണ്ട് ഹരിദ്വാറിലെ ഈ സ്ഥാപനത്തിനെന്ന് രാംദേവ് കോടതിയെ ബോധിപ്പിച്ചു കഴിഞ്ഞു. മുന്നൂറുപേരെ കിടത്തി ചികിത്സിക്കാവുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി. യോഗ റിസെര്‍ച്ച് സെന്റര്‍ . ഒരു യൂണിവേഴ്‌സിറ്റി. ആയുര്‍വേദ ഫാര്‍മസി. ഫുഡ് പാര്‍ക്ക്. കോസ്മറ്റിക്‌സ് നിര്‍മാണ യൂണിറ്റ്. ആസ്ത ടിവി ചാനലിന്റെ മേജര്‍ ഷെയര്‍. - പതഞ്ജലി യോഗ് പീഠ് ട്രസ്റ്റിന്റെ സ്വത്തുക്കളുടെ വിശദവിവരമാണിത്.

ലോകം മുഴുവന്‍ പ്രശസ്തി നേടിയ സഹസ്രകോടി ആസ്തിയുള്ള ഒരു ചാരിറ്റി ട്രസ്റ്റിന്റെ ഉടമ എന്നു ബാബ രാംദേവിനെ വിശേഷിപ്പിച്ചാല്‍ അതു വിനയത്തിനു കോട്ടമാകില്ല. യോഗയും ആരോഗ്യപ്രചാരണങ്ങളുമെല്ലാം കടന്ന് അഴിമതിക്കെതിരേ പോരാടാന്‍ രാംദേവിനുണ്ടായ ഉള്‍വിളിയെ അഭിനന്ദിക്കാം. അതോടൊപ്പം അടുത്തിടെയുണ്ടായ ചില രാഷ്്ട്രീയ സംഭവ വികാസങ്ങളും വിലയിരുത്താം. രാഷ്ട്രീയത്തിലേക്കു വരുന്നതിനെക്കുറിച്ച് പ്രവചിച്ചിരുന്നു ബാബ രാംദേവ്. പദവിയും സ്ഥാനവുമൊന്നും വേണ്ട എന്നും ഇതിനൊപ്പം പറഞ്ഞു. ഭരണത്തെ ശുദ്ധീകരിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമേയുള്ളൂ. ഒരു രാഷ്്ട്രീയ പാര്‍ട്ടി രൂപീകരിക്കാനും 534 ലോക്‌സഭാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും പദ്ധതിയുണ്ട്. - ഈ ചുരുക്കിപ്പറച്ചിലിന്റെ അജണ്ടയുടെ ദീര്‍ഘവീക്ഷണത്തില്‍ വലിയ രാഷ്്ട്രീയ സ്വപ്‌നങ്ങളുണ്ടെന്നു തിരിച്ചറിയാന്‍ വലിയ പാണ്ഡിത്യമൊന്നും ആവശ്യമില്ല. കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് ഇതു നേരത്തേ കണ്ടു, ബിജെപി അതിനു മുമ്പേ മനസിലാക്കി. ലോകത്തുള്ളവരെല്ലാം ഇതെല്ലാം കണ്ടും കേട്ടും അന്തംവിട്ടിരിക്കുന്നു.
 
Other News in this category

 
 




 
Close Window