|
അറിഞ്ഞിരിക്കുമല്ലോ കേരളത്തില്‍ നിധി കുഴിച്ചെടുത്തകാര്യം. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനുള്ളില്‍ രാജകൊട്ടാരത്തിന്റെ സ്വത്തുശേഖരമുണ്ടെന്ന് അറിയാമായിരുന്നെങ്കിലും അത് ഇത്രയുമുണ്ടെന്ന് കരുതിയിരുന്നില്ല, ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരും പദ്മനാഭപുരം കൊട്ടാരത്തിലെ പുതുതലമുറയും. ഒരുലക്ഷം കോടിയുടെ അമൂല്യ രത്‌നങ്ങളും സ്വര്‍ണവും വിഗ്രഹവുമൊക്കെയാണിത്. ഈ പറഞ്ഞത് സ്വര്‍ണത്തിന്റേയും വെള്ളിയുടേയും അപൂര്‍വ മരതകങ്ങളുടേയും ഇപ്പോഴത്തെ മാര്‍ക്കറ്റ് മൂല്യം അനുസരിച്ചുള്ള വില മാത്രം. ഇത്രയും വസ്തുക്കള്‍ ഒരു ലേലത്തിനു വച്ചാലോ? അല്ലെങ്കില്‍ താത്പര്യപ്പെട്ട് ആരെങ്കിലും വാങ്ങാനെത്തിയാലോ? വില്‍ക്കുന്നവര്‍ പറയുന്നതാണ് അതിന്റെ വില, തര്‍ക്കമില്ല.
ഇന്ത്യയില്‍ ഏറ്റവുമധികം സ്വത്തുള്ള ക്ഷേത്രമേത് എന്ന ചോദ്യത്തിന് ഉത്തരം ഇനി കേരളത്തിനു സ്വന്തം. അല്‍പ്പം ചരിത്രം ചികഞ്ഞുകൊണ്ടു പറയുകയാണെങ്കില്‍ ഇതിനു മുമ്പ് ആര്‍ക്കും അറിയില്ലേ ക്ഷേത്രത്തിനുള്ളില്‍ ഇത്രയധികം സ്വത്തു വകകളുണ്ടെന്നകാര്യം. ഓസ്‌ട്രേലിയയെ ചൂണ്ടിക്കാണിച്ച് സര്‍ സിപി പണ്ടു കേരളത്തിന്റെ നിലനില്‍പ്പു ചൂണ്ടിക്കാണിച്ചത് അറയിലിരിക്കുന്ന ഈ സ്വത്തുകൂടി മനസില്‍ക്കൂട്ടിയിട്ടാകുമോ? വെറുതേയൊരു സംശയം ഏതൊരു പൗരന്റെയും ജന്മാവകാശമാണല്ലോ. മാര്‍ത്താണ്ഡവര്‍മയെന്ന മഹാനായ രാജാവിന്റെ കഴിവും പ്രാഗത്ഭ്യവും തന്റേടവും ദീര്‍ഘവീക്ഷണവും അതിമഹത്തരം, ശ്ലാഘനീയം. ഇന്നു ലക്ഷം കോടി വിലമതിക്കുമെന്നു വിദഗ്ധ സംഘം കണക്കാക്കിയ സ്വത്ത് വേണമെങ്കില്‍ സ്വന്തം കൊട്ടാരത്തിന്റെ നിലവറയില്‍ കുഴിച്ചിടാമായിരുന്നു ആ രാജാവിന്. പദ്മനാഭ ദാസന്മാരാണ് ഈ കൊട്ടാരത്തിലുള്ളവരെന്നു പില്‍ക്കാല തലമുറയ്ക്ക് നിര്‍ദേശം നല്‍കി. അകക്കണ്ണില്‍ ഭാവി ദര്‍ശിച്ച് സ്വത്തു വകകള്‍ ക്ഷേത്രത്തിന്റെ കരിങ്കല്‍ ചുമരിനുള്ളില്‍ ഒളിപ്പിച്ചു. ഒരുകാലത്തും ഒരാളും വാതില്‍ തള്ളിത്തുറന്നു മോഷ്ടിക്കില്ലെന്ന് ഉറപ്പു വരുത്തി. ദൂര്‍ത്തടിച്ചു നശിപ്പിക്കാന്‍ അനുവദിച്ചില്ല ഒന്നും.
ഭാഷാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്ന കാലത്ത് നാട്ടുരാജ്യങ്ങളും ശക്തിയുള്ള ചക്രവര്‍ത്തിമാരും സ്വന്തം നിലപാടുകള്‍ പല തരത്തില്‍ വ്യക്തമാക്കിയതു ചരിത്രം. ഹൈദരാബാദിലെ നൈസാമിനെ ഇന്ത്യന്‍ യൂണിയനിലേക്കു ചേര്‍ക്കാന്‍ ഏറെ പാടുപെടേണ്ടിവന്നു ദേശീയ നേതാക്കന്മാര്‍ക്ക്. കൊട്ടാരം വേണ്ട പകരം ഭൂമി മാത്രം യൂണിയനില്‍ ലയിപ്പിച്ചാല്‍ മതിയെന്നു പറഞ്ഞപ്പോള്‍ നൈസാം വഴങ്ങി. ഒരു കണ്ടീഷനോടെയായിരുന്നു ആ ഒത്തുതീര്‍പ്പ്. കുറച്ചു സമയം തരണമെന്നാണു നൈസാം പറഞ്ഞത്. നേരം പുലരുന്നതിനു മുമ്പ് ഹൈദരാബാദിലെ വിവിധ ആരാധനാലയങ്ങളിലും സമ്പന്നരുടെ വീടുകളിലും സൂക്ഷിച്ചിട്ടുള്ള സ്വത്തു വകകളെല്ലാം കൊട്ടാരത്തിലേക്കു കടത്തി നൈസാം. അതിനു ശേഷം ഇന്ത്യ യൂണിയനില്‍ ലയിച്ചു. ഇന്ന് ലോകത്തെ വലിയ സമ്പന്ന കുടുംബങ്ങളിലൊന്നാണ് നൈസാം രാജവംശം.
അറുപതു വര്‍ഷം മുമ്പുള്ള ഈ സംഭവം വിലയിരുത്തിക്കൊണ്ടുവേണം പദ്മനാഭപുരം കൊട്ടാരത്തിലെ നിധിയെക്കുറിച്ചു ചിന്തിക്കാന്‍. വേണമെങ്കില്‍ മാര്‍ത്താണ്ഡവര്‍മയ്ക്കുമാകാമായിരുന്നു ഇത്. മാര്‍ത്താണ്ഡവര്‍മ സ്വത്തുക്കളെല്ലാം പൊതുസ്ഥലമായ ക്ഷേത്രത്തില്‍ നിക്ഷേപിക്കുകയാണു ചെയ്തത്. ഓസ്‌ട്രേലിയ നില്‍ക്കുന്നതുപോലെ കേരളത്തിനു സ്വന്തം രാജ്യമായി നിലനില്‍ക്കാന്‍ ശേഷിയുണ്ടെന്ന് സര്‍ സിപി പറഞ്ഞത് കേരളത്തിന്റെ മൂന്നു ഭാഗവും കടലാണ് എന്ന വ്യാപാരമാര്‍ഗം മാത്രം ലക്ഷ്യം വച്ചാകുമോ. സാധ്യത വളരെ കുറവ്. കേരളത്തിന് സ്വതന്ത്ര രാജ്യമായി നിലനില്‍ക്കാനുള്ള സാമ്പത്തിക ശേഷിയുണ്ടെന്നുള്ള തിരിച്ചറിവുകൂടി ഉണ്ടായതുകൊണ്ടാവില്ലേ ആ തീരുമാനം. ഇന്ത്യയില്‍ അന്ന് സ്വന്തമായി വൈദ്യുതി ഉത്പാദനം, ബസ് സര്‍വീസ് തുടങ്ങിയ സൗകര്യങ്ങളുള്ള ഒരേയൊരു സ്ഥലം തിരുവിതാംകൂര്‍ ഉള്‍പ്പെടുന്ന ഇന്നത്തെ കേരളമാണെന്നത് ഓര്‍ക്കണം. ഓസ്‌ട്രേലിയയുടെയും കേരളത്തിന്റേയും മാപ്പ് പരിശോധിച്ചാല്‍ രണ്ടിന്റേയും ഏകദേശ സാമ്യം മനസിലാകും. ഓസ്‌ട്രേലിയയെപ്പോലെ ഈ ഭൂപ്രദേശത്തിനും ഒറ്റയ്ക്കു നില്‍ക്കാമെന്നതായിരുന്നു സര്‍ സിപിയുടെ വാദം.
ആ ജാതകം വീണ്ടും പരിശോധിച്ചതുകൊണ്ട് യാതൊരു ഗുണവുമില്ല. ഇപ്പോള്‍ കിട്ടിയിട്ടുള്ള സ്വത്തിന്റെ പേരില്‍ അഭിമാനിക്കാം. അത്രയും സ്വത്തു വകകള്‍ സംരക്ഷിക്കാന്‍ നാഷണല്‍ മ്യൂസിയം കാണിച്ച താത്പര്യത്തെ സ്‌നേഹത്തോടെ മടക്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിവേകത്തേയും ബുദ്ധികൂര്‍മതയേയും അഭിനന്ദിക്കാം. രാവും പകലുമില്ലാതെ കാവല്‍ ഏര്‍പ്പെടുത്തി സ്വത്തുക്കള്‍ സംരക്ഷിക്കാനാണു തീരുമാനം. ഇതിനായി സ്‌പെഷ്യല്‍ കണ്‍ട്രോള്‍ സെല്ലും പട്രോളിങ് പോലീസും പ്രവര്‍ത്തിക്കും. കേന്ദ്ര സേനയുടെ സഹായമില്ലാതെ തന്നെ സ്വത്ത് കാത്തു സൂക്ഷിക്കാനുള്ള ശേഷി കേരളത്തിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ, സ്വത്തു വകകള്‍ ദരിദ്ര വിഭാഗത്തിനു ദാനം ചെയ്യണമെന്ന ചിന്തകളും പല ഭാഗത്തു നിന്നുമുണ്ടായി. നിഷ്‌കളങ്കമായ ആ ആവശ്യങ്ങള്‍ മനസിലാക്കിക്കൊണ്ടുതന്നെ പറയാം, പ്രായോഗികമാകുമോ അത്?
അമൂല്യ പൈതൃകങ്ങള്‍ അതുപോലെത്തന്നെ നിലനില്‍ക്കട്ടെ. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നു കൊണ്ടുവന്ന അപൂര്‍വങ്ങളിലപൂര്‍വമായ സ്വത്തുക്കളുണ്ട് ബ്രിട്ടീഷ് കൊട്ടാരത്തില്‍ . അവശ്യസമയത്ത് ചൂണ്ടിക്കാണിക്കാനും, എണ്ണം പറഞ്ഞ് അഭിമാനിക്കാനുമുള്ള വകയാണ് ഇംഗ്ലീഷുകാര്‍ക്ക് അത്. അതുപോലെ അനന്തപത്മനാഭസവിധത്തിലെ നിധി അവിടെ സുരക്ഷിതമായിരിക്കട്ടെ. അതിന്റെ സുരക്ഷിതത്വം പറഞ്ഞതുപ്രകാരം കാത്തുസൂക്ഷിക്കട്ടെ കേരളത്തിലെ ഇപ്പോഴത്തെ ഭരണകൂടവും ഇനി വരാനിരിക്കുന്നവരും. |