Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
11-ാം വയസില്‍ വീടുവിട്ടിറങ്ങി, 22 വര്‍ഷത്തിന് ശേഷം സന്യാസിയായി ഭിക്ഷ യാചിച്ച് ആ വീട്ടില്‍ തിരിച്ചെത്തി
reporter

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 22 വര്‍ഷം മുന്‍പ് വീട് വിട്ടിറങ്ങിയ മകന്‍ തിരിച്ചെത്തിയത് സന്യാസിയായി. പൂര്‍ണമായി സന്യാസിയാകുന്നതിന് മുന്‍പ് ചെയ്ത് തീര്‍ക്കേണ്ട ചടങ്ങുകളുടെ ഭാഗമായി അമ്മയില്‍ നിന്ന് ദാനം സ്വീകരിക്കാനാണ് 33-ാം വയസില്‍ യുവാവ് തിരിച്ചെത്തിയത്. എന്നാല്‍ മകന്‍ വീട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം അധികംനേരം നീണ്ടുനിന്നില്ല. വീണ്ടും ഉപേക്ഷിച്ച് പോവരുത് എന്ന് വീട്ടുകാര്‍ കരഞ്ഞുപറഞ്ഞെങ്കിലും സന്യാസിയാവണമെന്ന ആഗ്രഹത്താല്‍ ദാനം സ്വീകരിച്ച ശേഷം മകന്‍ തിരികെ പോയി. അമേഠിയിലെ ഗ്രാമമാണ് ഒരേ സമയം സന്തോഷവും സങ്കടവും പകര്‍ന്നുനല്‍കിയ പുനഃസമാഗമത്തിന് വേദിയായത്. 2002ല്‍ 11-ാമത്തെ വയസില്‍ മാതാപിതാക്കളുമായി വഴക്കിട്ടാണ് പിങ്കു വീട് വിട്ടിറങ്ങിയത്. ഒരുപാട് സ്ഥലങ്ങളില്‍ മകനെ തെരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. 22 വര്‍ഷത്തിന് ശേഷം 33-ാം വയസില്‍ മകന്‍ ഗ്രാമത്തിലേക്ക് തിരിച്ചെത്തിയതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

പരമ്പരാഗത വേഷത്തിലാണ് പിങ്കു വീട്ടില്‍ മടങ്ങിയെത്തിയത്. സാരംഗി വായിച്ച് കൊണ്ടാണ് യുവാവ് വീട്ടിലേക്ക് കയറി ചെന്നത്. പൂര്‍ണമായി സന്യാസിയാവുന്നതിന് മുന്‍പ് ചെയ്ത് തീര്‍ക്കേണ്ട ചടങ്ങുകളുടെ ഭാഗമായാണ് പിങ്കു സ്വന്തം ഗ്രാമത്തില്‍ എത്തിയത്. ഉടന്‍ ഗ്രാമവാസികള്‍ മാതാപിതാക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. നിലവില്‍ പിങ്കുവിന്റെ മാതാപിതാക്കള്‍ ഡല്‍ഹിയിലാണ് താമസിക്കുന്നത്. ഇതറിഞ്ഞ വീട്ടുകാര്‍ ഉടന്‍ തന്നെ നാട്ടിലേക്ക് തിരിച്ചു.

ദേഹത്തെ പാട് കണ്ടാണ് മകനെ വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. മകന്‍ തിരിച്ചെത്തിയ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. അമ്മയില്‍ നിന്ന് ഭിക്ഷ വാങ്ങാനാണ് മകന്‍ എത്തിയത്. ഇത് വാങ്ങിയ ശേഷം പിങ്കു തിരിച്ചുപോയി. വീട്ടുകാരും ഗ്രാമവാസികളും നാട് വിട്ടുപോകരുതെന്ന് ഒരുപാട് അഭ്യര്‍ഥിച്ചെങ്കിലും മകന്‍ ചെവിക്കൊണ്ടില്ല. സന്യാസിയാവണമെന്ന ആഗ്രഹത്താല്‍ മകന്‍ തിരിച്ചുപോകുകയായിരുന്നു. മകന്‍ ഉള്‍പ്പെടുന്ന മതവിഭാഗം 11 ലക്ഷം രൂപയാണ് പിങ്കുവിനെ വിട്ടയക്കാന്‍ ആവശ്യപ്പെടുന്നതെന്ന് പിങ്കുവിന്റെ പിതാവ് ആരോപിക്കുന്നു. അതേസമയം, തന്റെ സന്ദര്‍ശനം കുടുംബ ബന്ധങ്ങളുമായി ബന്ധപ്പെട്ടല്ലെന്നും കേവലം മതപരമായ ആചാരം മാത്രമാണെന്നും പിങ്കു വ്യക്തമാക്കി.സന്യാസിയാവാന്‍ ആഗ്രഹിക്കുന്നതിനാല്‍ അമ്മമാരില്‍ നിന്ന് ദാനം സ്വീകരിക്കുന്ന ഒരു ചടങ്ങ് പൂര്‍ത്തിയാക്കാനാണ് ഇവിടെ എത്തിയതെന്നും പിങ്കു വിശദീകരിച്ചു.

 
Other News in this category

 
 




 
Close Window