ന്യൂയോര്‍ക്ക്: സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറച്ചു. അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്കില്‍ കാല്‍ശതമാനം കുറവ് വരുത്തിയതോടെ അടിസ്ഥാന പലിശനിരക്ക് 3.50-3.75 ശതമാനമായി.
2024 മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തോളം കാലം പലിശനിരക്കില്‍ മാറ്റമൊന്നും വരുത്തിയിരുന്നില്ല. തുടര്‍ന്ന് സെപ്റ്റംബറിലാണ് ആദ്യമായി നിരക്ക് കുറച്ചത്. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാണ് അമേരിക്കന്‍ കേന്ദ്രബാങ്ക് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്.
പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്നതിനൊപ്പം തൊഴില്‍ വിപണി തളര്‍ച്ചയിലാണ്. സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ കരുത്തുപകരാനും തൊഴില്‍ വിപണി സംരക്ഷിക്കാനുമാണ് പലിശനിരക്ക് വീണ്ടും കുറയ്ക്കാന്‍ കേന്ദ്രബാങ്ക് തീരുമാനിച്ചത്. വില സ്ഥിരപ്പെടുത്തുന്നതിനൊപ്പം തൊഴില്‍ വിപണി സംരക്ഷിക്കേണ്ട അതിസങ്കീര്‍ണമായ സാഹചര്യം കേന്ദ്രബാങ്ക് നേരിടുന്നുണ്ട്.
യുഎസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ പുതിയ ഡാറ്റ കേന്ദ്രബാങ്കിന്റെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. സെപ്റ്റംബറില്‍ തൊഴിലില്ലായ്മ നിരക്ക് 4.4 ശതമാനമായി ഉയര്‍ന്നു. സമ്പദ് വ്യവസ്ഥ 119,000 തൊഴിലവസരങ്ങള്‍ ചേര്‍ത്തെങ്കിലും ഫെഡറല്‍ ഗവണ്‍മെന്റ് അടച്ചുപൂട്ടല്‍ നിയമനങ്ങളെ ബാധിച്ചതോടെ നേട്ടത്തിന് മങ്ങലേല്‍പ്പിച്ചതായി വിലയിരുത്തുന്നു