തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളം യുഡിഎഫ് പക്ഷത്തേക്ക് ചാഞ്ഞു. ആറ് കോര്‍പ്പറേഷനുകളില്‍ നാല്, 86 മുനിസിപ്പാലിറ്റികളില്‍ 54, 152 ബ്ലോക്ക് പഞ്ചായത്തില്‍ 82, 941 ഗ്രാമ പഞ്ചായത്തുകളില്‍ 438, 14 ജില്ലാ പഞ്ചായത്തുകളില്‍ 7 ഇടങ്ങളില്‍ യുഡിഎഫ് ഭരണം ഉറപ്പിച്ചു.
കൊല്ലം, കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് വിജയിച്ചു. കോഴിക്കോട് മാത്രമാണ് എല്‍ഡിഎഫിന് നിലനിര്‍ത്താനായത്, എന്നാല്‍ ഗണ്യമായ തോതില്‍ സീറ്റുകള്‍ നഷ്ടപ്പെട്ടു. തിരുവനന്തപുരത്ത് എന്‍ഡിഎ മികച്ച ലീഡോടെ മുന്നേറുകയാണ്. മുനിസിപ്പാലിറ്റികളില്‍ 2020-ല്‍ നഷ്ടപ്പെട്ട ഭൂരിപക്ഷം യുഡിഎഫ് തിരിച്ചുപിടിച്ചു. ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫ് വന്‍ മുന്നേറ്റം നടത്തി.
പാലക്കാട് നഗരസഭയില്‍ യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമാണ്. പത്തുവര്‍ഷമായി ഭരണം നടത്തിയ ബിജെപി ഇത്തവണ പിന്നിലായി. കൊല്ലം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് വന്‍ തിരിച്ചടിയാണ് ഉണ്ടായത്. മുന്‍ മേയര്‍മാരായ ഹണി ബെഞ്ചമിന്‍, വി. രാജേന്ദ്രബാബു, മുന്‍ ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് എന്നിവര്‍ തോറ്റു. യൂത്ത് കോണ്‍ഗ്രസ് നേതാവ് കുരുവിള ജോസഫിനോട് ഹണി പരാജയപ്പെട്ടു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ് വിജയം നേടി. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ മുട്ടടയില്‍ അഡ്വ. അംശു വാമദേവനെ പരാജയപ്പെടുത്തിയാണ് വൈഷ്ണ വിജയിച്ചത്. ഹൈക്കോടതി വരെ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് മത്സരിക്കാന്‍ സാധിച്ചത്. ''മുട്ടടയിലെ സാധാരണക്കാരായ മനുഷ്യരുടെ വിജയമാണിത്'' എന്ന് വൈഷ്ണ പ്രതികരിച്ചു.
കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പിന്റെ വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ടി. രനീഷ് അട്ടിമറി വിജയം നേടി. മുന്‍ എംഎല്‍എ എ.വി. ഗോപിനാഥ് വന്‍ തോല്‍വി ഏറ്റുവാങ്ങി. അദ്ദേഹത്തിന്റെ ഐഡിഎഫ് സ്ഥാനാര്‍ഥികളും പരാജയപ്പെട്ടു.
കിഴക്കമ്പലത്തും കുന്നത്തുനാടും ട്വന്റി ട്വന്റി പരാജയപ്പെട്ടു; യുഡിഎഫ് വിജയിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഫ്രഷ്‌കട്ട് സമര സമിതി നേതാവും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ബാബു കുടുക്കില്‍ ഒളിവിലിരിക്കെ വിജയിച്ചു.
പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് ചരിത്രം കുറിച്ചു. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം നഗരസഭ പിടിച്ചെടുത്ത യുഡിഎഫ് 37 വാര്‍ഡുകളില്‍ 21 ഇടത്ത് വിജയിച്ചു. 1995-ല്‍ നഗരസഭ രൂപീകരിച്ചതിന് ശേഷം നടന്ന ആറ് തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം ഭരിച്ചിരുന്ന പെരിന്തല്‍മണ്ണയില്‍ ഇത്തവണ യുഡിഎഫ് മുന്നേറ്റം രേഖപ്പെടുത്തി. മുസ്ലീം ലീഗ്, കോണ്‍ഗ്രസ്, സ്വതന്ത്രര്‍ എന്നിവര്‍ ചേര്‍ന്നാണ് യുഡിഎഫ് ഭൂരിപക്ഷം നേടിയത്.
ഇതുവരെ ലഭ്യമായ വിവരം അനുസരിച്ച് അഞ്ചിടങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുണ്ട്