മലപ്പുറം: സിപിഎം പ്രാദേശിക നേതാവ് സെയ്തലവി മജീദ് സ്ത്രീകളെതിരെ നടത്തിയ പരാമര്‍ശം വിവാദമായി. മലപ്പുറം തെന്നലയില്‍ നടന്ന തെരഞ്ഞെടുപ്പ് വിജയാഘോഷ റാലിയിലാണ് മുന്‍ ലോക്കല്‍ സെക്രട്ടറി ആയിരുന്ന സെയ്തലവി പ്രസംഗിച്ചത്.
തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ മുസ്ലിം ലീഗ് വിവാഹം ചെയ്തുകൊണ്ടുവന്ന സ്ത്രീകളെ രംഗത്തിറക്കിയെന്നാണ് സെയ്തലവി ആരോപിച്ചത്. 'അന്യ ആണുങ്ങളുടെ മുമ്പില്‍ പോയി നിസ്സാര വോട്ടിനായി, സെയ്തലവി മജീദിനെ തോല്‍പ്പിക്കാന്‍, ഏതെങ്കിലും വാര്‍ഡ് പിടിച്ചെടുക്കാന്‍, കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ കൊണ്ടുപോയി കാഴ്ചവെക്കാനുള്ളതല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
'ഞങ്ങളൊക്കെ മക്കളെക്കൊണ്ട് കല്യാണം കഴിപ്പിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയായ മക്കള്‍ വീട്ടിലുണ്ട്. അവര്‍ ഭര്‍ത്താക്കന്മാരുടെ കൂടെ അന്തിയുറങ്ങാനാണ്' എന്ന പരാമര്‍ശവും അദ്ദേഹം നടത്തി.
കുടക്കല്‍ ഒന്നാം വാര്‍ഡില്‍ നിന്നാണ് സെയ്തലവി മജീദ് വിജയിച്ചത്. മത്സരിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ലോക്കല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. തെരഞ്ഞെടുപ്പില്‍ വനിതാ ലീഗിന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെ കൂട്ടായ്മ സംഘടിപ്പിച്ച് നടത്തിയ പ്രചാരണമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്ന് വ്യക്തമാക്കുന്നു.
സ്ത്രീവിരുദ്ധ പരാമര്‍ശം വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിരിക്കുകയാണ്