കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമിക്ക് ശുദ്ധിപത്രം നല്‍കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് നേതാക്കളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. കോണ്‍ഗ്രസിന്റേയും ലീഗിന്റേയും നേതാക്കള്‍ അവരെക്കുറിച്ച് നല്ലവര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും, എന്നാല്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്ന മുസ്ലീം ബഹുജനങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയെ കുറിച്ചുള്ള നിലപാടില്‍ ഒരുമാറ്റവും വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂര്‍ പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
- ജമാഅത്തെ ഇസ്ലാമി മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോവാന്‍ കാരണം അവരുടെ നിലപാടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
- തെരഞ്ഞെടുപ്പില്‍ വിശ്വാസമില്ലാത്തതും രാജ്യത്തിന്റെ പൊതുവായ കാര്യങ്ങളില്‍ താല്‍പ്പര്യമില്ലാത്തതുമാണ് അവരെ ഒറ്റപ്പെടുത്തിയത്.
- സ്വന്തം നിലപാടുകള്‍ മാത്രം പിന്തുടര്‍ന്നതോടെ, വലിയതോതില്‍ നുണപ്രചാരണത്തിന് ശ്രമിക്കുന്ന അവസ്ഥയിലാണ് അവര്‍ എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫില്‍ നിന്ന് ആളുകള്‍ വലിയ രീതിയില്‍ കൊഴിഞ്ഞുപോകുന്ന സാഹചര്യത്തിലാണ് പുതിയ മാര്‍ഗങ്ങള്‍ തേടുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഏതെങ്കിലും പുതിയ ശക്തിയെ കൂട്ടുകിട്ടുമോ എന്ന ശ്രമത്തിലാണ് യുഡിഎഫ്, എന്നാല്‍ ഇന്ന് എത്തി നില്‍ക്കുന്നത് സാധാരണ മുന്നണികളുടെയൊന്നും ഭാഗമാക്കാന്‍ പറ്റാത്ത വര്‍ഗീയ തീവ്രവാദ ശക്തികളോടെയാണെന്നും അദ്ദേഹം വിമര്‍ശിച്ചു