കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പുറത്തുവന്നതിനേക്കാള്‍ അപ്പുറത്തുള്ള കാര്യങ്ങള്‍ ഇനിയും പുറത്തുവരാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ക്രിമിനല്‍ സംഘങ്ങളും ലൈംഗിക വൈകൃത കുറ്റവാളികളും സമൂഹത്തിന് മുന്നില്‍ 'വെല്‍ ഡ്രാഫ്റ്റഡ്' എന്ന് പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിച്ചാലും പൊതുസമൂഹം അത് തള്ളിക്കളയും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീകളെ ഭീഷണിപ്പെടുത്തി, 'കൊന്നു തള്ളും' എന്ന തരത്തിലുള്ള ഭീഷണികള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ പല യുവതികളും യഥാര്‍ഥ വസ്തുതകള്‍ പുറത്തുപറയാന്‍ ഭയപ്പെടുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു അവസ്ഥ ഉണ്ടാകുന്നത് ഗൗരവത്തോടെ കാണേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന കെപിസിസി പ്രസിഡന്റിന്റെ പ്രതികരണത്തിന് മറുപടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
ശബരിമല പ്രശ്നം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ബാധിക്കില്ലെന്നും, ശബരിമലയുമായി ബന്ധപ്പെട്ട് നടക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ നടന്നുവെങ്കിലും സര്‍ക്കാര്‍ കര്‍ക്കശമായ നിലപാട് സ്വീകരിച്ചതിനാല്‍ വിശ്വാസികളുടെ പിന്തുണ ലഭിച്ചതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബിജെപിയും യുഡിഎഫും ദുഷ്പ്രചാരണത്തിലൂടെ രാഷ്ട്രീയ നേട്ടം നേടാന്‍ ശ്രമിക്കുന്നുവെന്നും, ഈ വിഷയത്തില്‍ ഇരുവരും ഒരേ വണ്ടിയിലാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ തോതിലുള്ള പിന്തുണ ലഭിക്കുന്നുണ്ടെന്നും, ഈ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടുമെന്നും, യുഡിഎഫിന്റെ കേന്ദ്രങ്ങളില്‍ അടക്കം എല്‍ഡിഎഫ് മുന്നേറും എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു