Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് കോണ്‍ഗ്രസ്, പിരിവിന് ഇറങ്ങാന്‍ മടിച്ച് പിസിസികള്‍
reporter

ദില്ലി: കോണ്‍ഗ്രസിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പിരിവിന് ഇറങ്ങാന്‍ പിസിസികള്‍ക്ക് മടി. സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ തുറക്കാന്‍ പോലും പണം ഇല്ലാത്ത നിലയില്‍ സാമ്പത്തിക പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ് നേതൃത്വം. അതേസമയം ക്രൗഡ് ഫണ്ടിംഗ് വിജയിക്കുമോയെന്ന ആശയക്കുഴപ്പത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പിസിസി നേതൃത്വങ്ങള്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തെ ആശങ്കയറിയിച്ചു. ഭാരത് ജോഡോ ന്യായ് യാത്രക്ക് പിരിച്ചതിന് പിന്നാലെ വീണ്ടും പണപ്പിരിവിന് ഇറങ്ങാന്‍ പല സംസ്ഥാന നേതൃത്വങ്ങളും കേന്ദ്ര നേതൃത്വത്തെ വിമുഖത അറിയിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികള്‍ക്ക് വ്യക്തിപരമായി ഉണ്ടാകുന്ന ബാധ്യത ആദായ നികുതി വിലക്ക് നീക്കിയാല്‍ പരിഹരിക്കാമെന്ന ഉറപ്പാണ് പിസിസികള്‍ക്ക് എഐസിസി നേതൃത്വം നല്‍കിയത്.

മുന്‍കാലങ്ങളിലുണ്ടാകാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വലയ്ക്കുന്നത്. നാല് ബാങ്കുകളിലെ 11 അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലാത്ത സ്ഥിതിയിലാണ് പാര്‍ട്ടി നേതൃത്വം. ചെലവുകള്‍ക്കായി സംസ്ഥാന ഘടകങ്ങള്‍ക്ക് ഇതുവരെ എഐസിസി പണം നല്‍കിയിട്ടില്ല. ക്രൗഡ് ഫണ്ടിംഗിലൂടെയോ , സംഭാവനകള്‍ സ്വീകരിച്ചോ പണം കണ്ടെത്താനാണ് പിസിസികളോട് പറഞ്ഞത്. സ്വന്തം നിലക്ക് സ്ഥാനാര്‍ത്ഥികളും പണം കണ്ടെത്താന്‍ ശ്രമം നടത്തണം.

പ്രതിസന്ധി തുടര്‍ന്നാല്‍ യാത്രാ ചെലവടക്കം ബാധ്യതയാകും. അതിനാല്‍ പ്രധാന നേതാക്കള്‍ക്ക് പഴയതുപോലെ സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്താനാവില്ല. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നും മുന്നിലില്ലെന്ന് നേതാക്കള്‍ പറയുന്നു. മോദി ഭരണം തുടരുമെന്ന പ്രചാരണം നിലനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന് സംഭാവന നല്‍കുന്നവരുടെ എണ്ണവും കുറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് ഇത്രയും ഭാരിച്ച ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നതും പ്രതിസന്ധിയാണ്. ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോണ്‍ഗ്രസിന്റെ ഹര്‍ജി തള്ളിയിരുന്നു. അദായ നികുതി റിട്ടേണ്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തി, അനുവദനീയമായതിലും കൂടുതല്‍ തുക സംഭാവനയായി കൈപ്പറ്റി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്.

 
Other News in this category

 
 




 
Close Window