Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
രാജ്യം കൊടുംചൂടിലേക്ക്, ഉഷ്ണതരംഗത്തിനും സാധ്യത
reporter

 ന്യൂഡല്‍ഹി: ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത് അനുഭവപ്പെടാനിരിക്കുന്നത് കടുത്ത ചൂട്. ഏപ്രില്‍ 19 മുതല്‍ ജൂണ്‍ ഒന്നുവരെ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് രാജ്യം തയാറെടുക്കുന്ന വേളയില്‍ ചൂട് പാരമ്യത്തിലായിരിക്കും. മധ്യ, പടിഞ്ഞാറന്‍ ഭാഗങ്ങളിലായിരിക്കും ചൂട് ഏറ്റവും കൂടുതല്‍ ആഘാതം സൃഷ്ടിക്കുകയെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മോഹപത്ര അറിയിച്ചു.

ഏപ്രില്‍-ജൂണ്‍ കാലയളവില്‍ രാജ്യത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും സാധാരണയിലും ഉയര്‍ന്നനിരക്കില്‍ താപനില ഉയരാന്‍ സാധ്യതയുണ്ട്. പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖല, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, വടക്കന്‍ ഒഡിഷ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ പരമാവധി താപനിലക്ക് സാധ്യതയുണ്ടെന്ന് മോഹപത്ര പറഞ്ഞു. ഈ കാലയളവില്‍ സമതലങ്ങളിലെ മിക്ക ഭാഗങ്ങളിലും സാധാരണ ചൂടിനേക്കാള്‍ താപനിലയുള്ള കൂടുതല്‍ ദിവസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 10 മുതല്‍ 20 ദിവസം വരെ ഉഷ്ണതരംഗം ഉണ്ടാകാനിടയുണ്ട്. സാധാരണഗതിയില്‍ ഇത് നാലുമുതല്‍ എട്ട് ദിവസം വരെയാണ് ഉണ്ടാകാറ്. ഗുജറാത്ത്, മധ്യ മഹാരാഷ്ട്ര, ഉത്തര കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്, ഒഡിഷ, ഛത്തീസ്ഗഡ്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗത്തിന്റെ ആഘാതം കൂടുതലായി അനുഭവപ്പെടാന്‍ സാധ്യതയെന്ന് മോഹപത്ര പറഞ്ഞു.

ഏപ്രിലില്‍ രാജ്യത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും സാധാരണയേക്കാള്‍ ഉയര്‍ന്ന താപനില ഉണ്ടാകാന്‍ സാധ്യതയുണ്ട്. ദക്ഷിണേന്ത്യയുടെ മധ്യ ഭാഗങ്ങളിലായിരിക്കും കൂടുതല്‍ സാധ്യത. പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയിലെ ചില ഭാഗങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഏപ്രിലില്‍ സാധാരണ മുതല്‍ സാധാരണയിലും താഴെയുള്ള പരമാവധി താപനിലയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഏപ്രിലില്‍ മധ്യേന്ത്യയിലെയും വടക്കന്‍ സമതലങ്ങളിലെയും ദക്ഷിണേന്ത്യയിലെയും പല പ്രദേശങ്ങളിലും സാധാരണ ചൂടിന് മുകളിലുള്ള ഉഷ്ണതരംഗ ദിവസങ്ങള്‍ക്ക് സാധ്യതയുണ്ട്. ഈ പ്രദേശങ്ങളില്‍ രണ്ട് മുതല്‍ എട്ട് ദിവസം വരെയാണ് ഉഷ്ണ തരംഗത്തിന് സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര കര്‍ണാടക, ഒഡിഷ, മധ്യപ്രദേശ്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ ഏപ്രിലില്‍ ഉഷ്ണതരംഗത്തിന്റെ ആഘാതം കനത്ത തോതില്‍ അനുഭവപ്പെടുമെന്നാണ് പ്രവചനം.

 
Other News in this category

 
 




 
Close Window