ലണ്ടന്‍: ഇംഗ്ലണ്ടില്‍ 100 പുതിയ ജിപി സര്‍ജറികള്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച് കണ്‍സര്‍വേറ്റീവുകള്‍. കൂടാതെ തങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കൂടുതല്‍ ചികിത്സകള്‍ നല്‍കാനുള്ള ഒരുക്കങ്ങള്‍ സമൂഹത്തില്‍ തന്നെ ലഭ്.മാക്കാനുള്ള പദ്ധതികളും ടോറികള്‍ വിഭാവനം ചെയ്യുന്നു. ജിപിമാരെ കാണാതെ ഫാര്‍മസികള്‍ക്ക് നല്‍കാന്‍ കഴിയുന്ന ചികിത്സകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും പാര്‍ട്ടി പറയുന്നു. രോഗികള്‍ക്ക് എളുപ്പത്തില്‍ ആവശ്യമായ ചികിത്സകള്‍ ലഭിക്കുമെന്ന് മാത്രമല്ല, ആശുപത്രികള്‍ക്ക് മേലുള്ള സമ്മര്‍ദം കുറയ്ക്കാനും സഹായിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനാക് പദ്ധതിയെ വിശേഷിപ്പിക്കുന്നു.
എന്നാല്‍ ആരോഗ്യ മേഖലയിലെ ടോറികളുടെ മറ്റൊരു പൊള്ള വാഗ്ദാനം മാത്രമാണിതെന്ന് ലേബര്‍ ആരോപിച്ചു. ജനുവരിയില്‍ ആരംഭിച്ച ഫാര്‍മസി ഫസ്റ്റ് സ്‌കീം വിപുലീകരിക്കാനാണ് ടോറികള്‍ ആഗ്രഹിക്കുന്നത്. ഇതോടെ സാധാരണ ബുദ്ധിമുട്ടുകള്‍ക്ക് ആദ്യം ഫാര്‍മസിയിലേക്ക് പോകാന്‍ ജനങ്ങള്‍ക്ക് സാധിക്കും. ജിപിമാരെ കാണാനുള്ള തിരക്ക് കുറയാനും, ഗര്‍ഭനിരോധന ഗുളിക ഉള്‍പ്പെടെയുള്ളവയ്ക്ക് പ്രിസ്‌ക്രിപ്ഷന്‍ നേടാനും കഴിയും. ആക്നെ, ചെസ്റ്റ് ഇന്‍ഫെക്ഷന്‍ തുടങ്ങി വിവിധ അവസ്ഥകള്‍ക്ക് ചികിത്സ നല്‍കാനും ഫാര്‍മസികള്‍ക്ക് അനുമതി നല്‍കും. ഇതോടെ 20 മില്ല്യണ്‍ ജിപി അപ്പോയിന്റ്മെന്റുകള്‍ സ്വതന്ത്രമാക്കാന്‍ കഴിയുമെന്ന് കണ്‍സര്‍വേറ്റീവുകള്‍ പറയുന്നു.