ലണ്ടന്‍: ബ്രിട്ടനില്‍ വെച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായാല്‍ ന്യൂനപക്ഷ വംശജരായ രോഗികള്‍ മരണപ്പെടാനുള്ള സാധ്യത കാല്‍ശതമാനത്തിലേറെയെന്ന് റിപ്പോര്‍ട്ട്. വെള്ളക്കാരായ രോഗികള്‍ ഇതേ അവസ്ഥ നേരിട്ടാല്‍ രക്ഷപ്പെടുന്നതുമായി കണക്കുകള്‍ താരതമ്യം ചെയ്യുമ്പോഴാണ് നിറത്തിന്റെയും, വംശത്തിന്റെയും പേരില്‍ വ്യത്യാസം നിലനില്‍ക്കുന്നതായി കണ്ടെത്തുന്നത്. യൂണിവേഴ്സിറ്റി ഓഫ് ബര്‍മിംഗ്ഹാമിലെ ഗവേഷകര്‍ ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ പിന്തുണയോടെ നടത്തിയ പഠനത്തിലാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാക്കുന്ന രോഗികളുടെ 12 ക്ലിനിക്കല്‍ ട്രയല്‍സില്‍ നിന്നുള്ള ഡാറ്റ പരിശോധിച്ചത്. വംശീയ ന്യൂനപക്ഷങ്ങളില്‍ നിന്നുള്ള രോഗികളില്‍ ശരാശരി 17 മാസത്തിന് ശേഷം 36% ഉയര്‍ന്ന മരണനിരക്ക് ഉള്ളതായി ഗവേഷകര്‍ കണ്ടെത്തി.
വംശീയ ന്യൂനപക്ഷങ്ങളില്‍ പെട്ട രോഗികള്‍ക്ക് ആര്‍ട്രിയല്‍ ഫൈബ്രിലേഷന്‍, ഹൃദയമിടിപ്പിലെ വ്യത്യാസം എന്നിവ കൂടി ഉണ്ടെങ്കില്‍ 17 മാസത്തെ ഫോളോഅപ്പ് കാലയളവിനുള്ളില്‍ മരിക്കാനുള്ള സാധ്യത ഇരട്ടിയാണെന്നും ഡാറ്റ വ്യക്തമാക്കുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുമ്പോള്‍ സാധാരണമായി പ്രിസ്‌ക്രൈബ് ചെയ്യുന്ന ബീറ്റാ ബ്ലോക്കറുകള്‍ വെള്ളക്കാരായ രോഗികളില്‍ മരണം കുറയ്ക്കുമ്പോള്‍ കാല്‍ശതമാനം വംശീയ ന്യൂനപക്ഷ രോഗികളില്‍ ഫലം സൃഷ്ടിക്കുന്നില്ല. സ്ത്രീകള്‍, കറുത്തവര്‍, ഏഷ്യന്‍ വംശജര്‍ എന്നിവര്‍ക്ക് പുറമെ പണം അധികമില്ലാത്ത ആളുകള്‍ക്കും ഇംഗ്ലണ്ട് എന്‍എച്ച്എസില്‍ ഹൃദയ വാല്‍വ് ശസ്ത്രക്രിയ നടത്തിനല്‍കാനുള്ള സാധ്യത കുറവാണെന്ന് മുന്‍ ഗവേഷണങ്ങള്‍ തെളിയിച്ചു.