ലണ്ടന്‍: വിദേശ ജോലിക്കാരെ ചൂഷണം ചെയ്ത് ബ്രിട്ടീഷ് സോഷ്യല്‍ കെയര്‍ ഏജന്‍സികള്‍. ഇല്ലാത്ത ജോലിക്ക് ആയിരക്കണക്കിന് പൗണ്ട് ഏജന്റുമാര്‍ക്ക് നല്‍കി യുകെയില്‍ എത്തിയ മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് കുടുക്കില്‍ ചാടിയിരിക്കുന്നത്. ജോലിയില്ലാതെ വന്നതോടെ തങ്ങളുടെ കടം വീട്ടാന്‍ പലരും ബുദ്ധിമുട്ടുകയാണ്. 11 വ്യത്യസ്ത കെയര്‍ പ്രൊവൈഡര്‍മാര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഡസന്‍ കണക്കിന് ആളുകളാണ് യുകെ കെയര്‍ ഹോമുകളിലും, റസിഡന്‍ഷ്യല്‍ കെയറിലും ജോലി കരസ്ഥമാക്കാനായി ഏജന്റുമാര്‍ക്ക് വലിയ തോതില്‍ പണം നല്‍കിയത്. എന്നാല്‍ യുകെയില്‍ എത്തിയ ഇവര്‍ക്ക് പരിമിതമാ ജോലിയോ, ജോലി ഇല്ലാത്ത അവസ്ഥയോ നേരിടേണ്ട ഗതികേടിലാണ്.
സ്വദേശത്ത് നിന്നും വീടും, സ്ഥലവും ഉള്‍പ്പെടെ വിറ്റവരുണ്ട്. ലക്ഷങ്ങള്‍ കടം വാങ്ങി പണം ഏജന്റുമാര്‍ക്ക് നല്‍കിയവരും മിനിമം വേജില്‍ താഴെ കൃത്യമല്ലാത്ത ജോലികള്‍ ചെയ്യേണ്ട ഗതികേടിലാണ്. അടുത്ത തെരഞ്ഞെടുപ്പ് വിജയിച്ചാല്‍ ഈ കളികള്‍ നിയന്ത്രിക്കുമെന്നാണ് ലേബറും, കണ്‍സര്‍വേറ്റീവുകളും പറയുന്നത്. ടോറികള്‍ വിദേശ ജോലിക്കാര്‍ തങ്ങളുടെ ബന്ധുക്കളെ യുകെയിലേക്ക് കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ നടപടികള്‍ മാറ്റം വരുത്തില്ലെന്നും, നെറ്റ് മൈഗ്രേഷന്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടി വരുമെന്നുമാണ് ലേബറും വ്യക്തമാക്കുന്നത്.