ലണ്ടന്‍: കേരളത്തിലെ ഒരു ചെറുപട്ടണത്തില്‍ നിന്നുമാണ് നഴ്സായ അഖില്‍ ജെന്നി യുകെയിലേക്ക് വിമാനം കയറിയത്. നാട്ടിലെ കടക്കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു ഏജന്റ് ഓഫര്‍ ചെയ്ത കെയര്‍ വര്‍ക്കര്‍ ജോലിയില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് ജെന്നി യുകെയില്‍ എത്തിയത്. ചികിത്സയ്ക്കായി എടുത്ത ലോണുകള്‍ തിരിച്ചടക്കാനാണ് താന്‍ ഈ അവസരം ഉപയോഗിച്ചതെന്ന് അഖില്‍ ഗാര്‍ഡിയനോട് പറഞ്ഞു. 'നഴ്സിംഗ് യോഗ്യതയുണ്ടായിരുന്നു, യുകെയിലേക്ക് വരാനും ആഗ്രഹിച്ചു. അപ്പോഴാണ് ഷിന്റോ സെബാസ്റ്റിയന്‍ ബ്രിട്ടനില്‍ നല്ല ശമ്പളത്തില്‍ കെയര്‍ വര്‍ക്കര്‍ ജോലി ഓഫര്‍ ചെയ്തത്. എന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അത് മതിയായിരുന്നു', ജെന്നി പറയുന്നു.
എന്നാല്‍ ഏതാനും മാസം കൊണ്ട് തന്നെ ഇന്ത്യയില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഇമിഗ്രേഷന്‍ ഏജന്റ് സെബാസ്റ്റ്യന്റെ ഓഫര്‍ വെറും പൊളിവായിരുന്നുവെന്ന് ജെന്നി തിരിച്ചറിഞ്ഞു. നാട്ടിലെ കുടുംബസ്വത്ത് വിറ്റാണ് ഏജന്റിന് പണം നല്‍കിയത്. എന്നാല്‍ ബ്രിട്ടനില്‍ സ്പോണ്‍സര്‍ ചെയ്ത കമ്പനി കെയര്‍ ജോലി നല്‍കിയതുമില്ല. ഇതോടെ ചെറിയ ജോലികളില്‍ കുറഞ്ഞ വരുമാനത്തില്‍ കുടുങ്ങി നില്‍ക്കാന്‍ ജെന്നി ഉള്‍പ്പെടെയുള്ളവര്‍ നിര്‍ബന്ധിതമാകുകയാണ്. നാടുകടത്തല്‍ ഭയന്ന് എംപ്ലോയറെ മാറാനും, കടം ഭയന്ന് നാട്ടിലേക്കും മടങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. 8000 പൗണ്ട് മുതല്‍ 20000 പൗണ്ട് വരെ ഈടാക്കിയാണ് വിസയ്ക്കും, വിമാന ടിക്കറ്റ്, അക്കൊമഡേഷന്‍ എന്നിവ ഓഫര്‍ ചെയ്യുന്നത്. എന്നാല്‍ യുകെയില്‍ കെയറര്‍ ജോലിക്ക് എത്തുന്ന പലര്‍ക്കും ഓഫര്‍ ചെയ്ത ജോലി ലഭ്യമാകുന്നില്ല. ചിലപ്പോള്‍ ക്ലീനറായും, ഡ്രൈവറായും വരെ ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നതായും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പറയുന്നു.