ലണ്ടന്‍: ബ്രിട്ടനില്‍ ദേശീയ അടിയന്തരാവസ്ഥ സൃഷ്ടിച്ച് തിരക്കേറിയ ആശുപത്രികളില്‍ കോറിഡോറിലും, സ്റ്റോര്‍ റൂമിലും രോഗികളെ ചികിത്സിക്കാന്‍ നിര്‍ബന്ധിതമാകുന്നുവെന്ന് യുകെ നഴ്സിംഗ് യൂണിയന്‍. ഈ അവസ്ഥ വര്‍ദ്ധിക്കുകയും, വ്യാപകമാകുകയും ചെയ്യുന്നതോടെ രോഗികളുടെ സുരക്ഷയെ ബാധിക്കുകയും, ചിലപ്പോള്‍ ഓക്സിജന്‍ പോലും ലഭിക്കാത്ത അവസ്ഥയും, ജീവനക്കാരുടെ ശ്രദ്ധ കിട്ടാതെ പോകുകയും ചെയ്യുന്നതായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് മുന്നറിയിപ്പ് നല്‍കി. 'ഇടനാഴി ചികിത്സ' രോഗികളുടെ അന്തസ്സിനെയും ബാധിക്കുന്നതായി ആര്‍സിഎന്‍ പറയുന്നു. മറ്റുള്ളവര്‍ കാണുന്ന തരത്തില്‍ സ്വകാര്യ പരിശോധനകള്‍ വിധേയമാകേണ്ടി വരികയും, ടോയ്ലറ്റ് സൗകര്യങ്ങള്‍ ലഭിക്കാത്ത അവസ്ഥയും നേരിടുന്നതായി യൂണിയന്‍ കൂട്ടിച്ചേര്‍ത്തു.
ആശുപത്രികള്‍ കനത്ത സമ്മര്‍ദം നേരിടുന്നതിനാല്‍ ചില രോഗികള്‍ 'തെറ്റായ സ്ഥലങ്ങളില്‍' ചികിത്സയിലിരിക്കെ മരണപ്പെടുന്നതായും ആര്‍സിഎന്‍ പറഞ്ഞു. കാര്‍ പാര്‍ക്ക് മുതല്‍ ഫ്രാക്ചര്‍ റൂം വരെ ഇതില്‍ പെടും. 'ഇടനാഴിയിലെ ചികിത്സ' രോഗികള്‍ക്ക് സൃഷ്ടിക്കുന്ന അപകടം ഓരോ സമയത്തും രേഖപ്പെടുത്താനും, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത സംഭവമായി ക്ലാസിഫൈ ചെയ്യാനുമാണ് ആര്‍സിഎന്‍ എന്‍എച്ച്എസിനോട് ആവശ്യപ്പെടുന്നത്. യുകെയിലെ 11,000 നഴ്സുമാര്‍ക്കിടയില്‍ നടത്തിയ ആര്‍സിഎന്‍ സര്‍വ്വെയിലാണ് രോഗികള്‍ക്കും, ജീവനക്കാര്‍ക്കും നേരിടുന്ന പ്രത്യാഘാതങ്ങള്‍ വ്യക്തമാക്കുന്നത്. രോഗികള്‍ക്ക് പൊതുസ്ഥലത്ത് ഇരിക്കുമ്പോള്‍ ക്യാന്‍സറുണ്ടെന്ന് വ്യക്തമാക്കേണ്ട ഗതികേട് പോലും നഴ്സുമാര്‍ക്ക് നേരിടേണ്ടി വരുന്നുണ്ടെന്നും ആര്‍സിഎന്‍ പറയുന്നു.