ലണ്ടന്‍: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ നടക്കും. സ്വദേശികള്‍ക്കൊപ്പം ലോകത്തിലെ വിവിധ ഇടങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാരും തിരഞ്ഞെടുപ്പ് ഫലമറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഫലം ആകാംക്ഷയോടെയാണ് വിദേശ രാജ്യങ്ങളും നോക്കിക്കാണുന്നത്. യുകെയിലും മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ ഏറെ ആകാംഷയിലും ആവേശത്തിലുമാണ്. മിക്കയിടങ്ങളിലും വിവിധ ചാനലുകളിലെ തിരഞ്ഞെടുപ്പ് ഫല അവലോകനം തത്സമയസംപ്രേഷണം ബിഗ്‌സ്‌ക്രീനില്‍ കാണുവാന്‍ വിവിധ സംഘടനകളും സൗഹൃദ കൂട്ടായ്മകളും അവസരം ഒരുക്കിയിട്ടുണ്ട്. മിക്ക ഇടങ്ങളിലും വിവിധ രാഷ്ട്രീയ അനുഭാവം ഉള്ള സുഹൃത്തുക്കള്‍ ഒരുമിച്ചിരുന്നു ടിവി കാണാനുള്ള ഒരുക്കങ്ങളും നടത്തി വരുന്നു.
യുകെ സമയം അതി രാവിലെ 3 മണി മുതല്‍ തിരഞ്ഞെടുപ്പ് ഫല സൂചനകള്‍ വന്നു തുടങ്ങും. ഇതിനായി മിക്കവരും അവധിയെടുത്താണ് കാത്തിരിക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ സര്‍ക്കാരിനെ നയിക്കുമെന്ന് പ്രവചിക്കുന്നുവെങ്കിലും അട്ടിമറി പ്രതീക്ഷിക്കുന്നവരും കുറവല്ല. പ്രവാസി വോട്ടവകാശം ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും ഈ തിരഞ്ഞെടുപ്പിനെ ഏറെ ആകാംക്ഷയോടെയാണ് യുകെ മലയാളികള്‍ അടക്കമുള്ള പ്രവാസി ലോകം ഉറ്റുനോക്കുന്നത്. നിരവധി പ്രവാസികളെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഫ്‌ലൈറ്റ് ചാര്‍ജ് വരെ നല്‍കി നാട്ടിലെത്തിച്ച് വോട്ട് ചെയ്യിപ്പിച്ചതും വാര്‍ത്തയായിരുന്നു. ഗള്‍ഫ് നാടുകളിലെ പ്രവാസികളെയാണ് കൂടുതലും ഈ വിധത്തില്‍ നാട്ടിലെത്തിച്ചത്. ഇന്ത്യക്കാരുടെ പുതിയ ഭരണാധികാരി ആരായിരിക്കും എന്നറിയാന്‍ ലോകരാജ്യങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.