ലണ്ടന്‍: ബ്രിട്ടനിലേക്ക് വരുന്ന കുടിയേറ്റക്കാരുടെ എണ്ണം പരിമിതപ്പെടുത്താനായി പുതിയ ഇമിഗ്രേഷന്‍ ക്യാപ്പ് ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനവുമായി ഋഷി സുനാക്. നിയമപരമായ കുടിയേറ്റം വെട്ടിക്കുറയ്ക്കാന്‍ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. മഹാമാരിക്ക് ശേഷം റെക്കോര്‍ഡ് നിരക്കില്‍ കുടിയേറ്റം ഉയര്‍ന്നിരുന്നു. ഓരോ വര്‍ഷവും അനുവദിക്കുന്ന വിസകളുടെ എണ്ണത്തില്‍ പരിധി ഏര്‍പ്പെടുത്താനാണ് പുതിയ നിര്‍ദ്ദേശത്തിലെ പ്രസക്തഭാഗം. ഇതോടെ വേക്കന്‍സികളിലേക്ക് ജോലിക്കാരെ കണ്ടെത്താന്‍ ബ്രിട്ടനില്‍ നിന്നുള്ളവരെ തന്നെ പരിശീലിപ്പിച്ച് എടുക്കാതെ ചില സ്ഥാപനങ്ങള്‍ക്ക് മറ്റ് മാര്‍ഗ്ഗമില്ലാത്ത അവസ്ഥയാകും.
ഈ വര്‍ഷം കുടിയേറ്റക്കാരുടെ എണ്ണത്തില്‍ 300,000 കുറവ് വരുത്താന്‍ നിലവിലെ പദ്ധതികള്‍ സഹായിക്കും. ഇതിനൊപ്പമാണ് വിസകളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കവും ഉള്‍പ്പെടുത്തുകയെന്ന് സുനാക് പറഞ്ഞു. അതേസമയം ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ അനധികൃത കുടിയേറ്റക്കാരുടെ ആഗോള കേന്ദ്രമായി യുകെ മാറുമെന്നും സുനാക് കുറ്റപ്പെടുത്തി. 'നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാന്‍ അവര്‍ക്ക് പദ്ധതികളില്ല. ഞങ്ങള്‍ക്ക് ബോട്ടുകള്‍ തടയാനും, നിയമപരമായ കുടിയേറ്റത്തില്‍ ക്യാപ്പ് ഏര്‍പ്പെടുത്താനും വ്യക്തമായ പദ്ധതിയുണ്ട്', സുനാക് പറഞ്ഞു. ജോലിക്കും, കുടുംബപരമായ കാരണങ്ങള്‍ക്കുമായി യുകെയിലേക്ക് വരാന്‍ അപേക്ഷിക്കുന്നവര്‍ക്കാണ് പുതിയ ക്യാപ്പ് ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം 540,000 പേര്‍ വരാന്‍ ഇടയാക്കിയ ഗ്രാജുവേറ്റ് ഡിഗ്രികള്‍ പഠിക്കാനെത്തുന്നവരും ഇതില്‍ പെടും.