ലണ്ടന്‍: വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ടോറികളെ നിഷ്പ്രഭമാക്കി കൊണ്ട് 200 സീറ്റുകളുടെ മഹാഭൂരിപക്ഷത്തിന് ലേബര്‍ വിജയിച്ച് കയറുമെന്ന് മെഗാ സര്‍വ്വെ. ഋഷി സുനാകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് സുപ്രധാന പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് രണ്ട് പ്രധാന സര്‍വ്വെകള്‍ വ്യക്തമാക്കുന്നത്. യുഗോവ് നടത്തിയ എംആര്‍പി പോളില്‍ ലേബര്‍ 422 സീറ്റുകള്‍ നേടി വിജയിക്കുമെന്ന് പറയുമ്പോള്‍ ടോറികള്‍ 140 സീറ്റിലാകും വിജയിക്കുക. ഇതോടെ കീര്‍ സ്റ്റാര്‍മറുടെ ഭൂരിപക്ഷം 194-ല്‍ എത്തും. ടോറികള്‍ക്ക് 232 സീറ്റുകള്‍ നഷ്ടമാകുമെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ലേബര്‍ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടുമെന്നാണ് എംആര്‍പി പോള്‍ കണക്കാക്കുന്നത്.
എംഎന്‍ആര്‍പിയുടെ രണ്ടാമത്തെ സര്‍വ്വെ കണ്‍സര്‍വേറ്റീവുകള്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കുന്നുണ്ടെങ്കിലും ലേബറിന് 100 സീറ്റ് ഭൂരിപക്ഷം കണക്കാക്കുന്നു. 2019 തെരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സണ്‍ നേടിയ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണ് ഇത്. അഞ്ച് വര്‍ഷം കൊണ്ട് സൃഷ്ടിക്കപ്പെട്ട വലിയ മാറ്റമാണ് ഇതില്‍ വ്യക്തമാകുന്നത്. കൂടാതെ പല പ്രമുഖ ടോറി വമ്പന്‍മാര്‍ക്കും സീറ്റ് നഷ്ടമാകും. ചാന്‍സലര്‍ ജെറമി ഹണ്ട്, പെന്നി മോര്‍ഡന്റ്, ഡിഫന്‍സ് സെക്രട്ടറി ഗ്രാന്റ് ഷാപ്സ്, ജസ്റ്റിസ് സെക്രട്ടറി അലക്സ് ചോക്ക്, മുന്‍ ബിസിനസ്സ് സെക്രട്ടറി ജേക്കബ് റീസ് മോഗ് എന്നിവരാണ് വോട്ടര്‍മാരുടെ തിരിച്ചടി നേരിടാന്‍ സാധ്യതയുള്ളവര്‍.