ലണ്ടന്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിയ്ക്കുന്നതിനിടെ റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗിന് നേരെ മില്‍ക്ക്ഷേക്ക് എറിഞ്ഞ് യുവതി. സംഭവത്തില്‍ ലേബര്‍ അനുകൂലിയായി ഒണ്‍ലി ഫാന്‍സ് മോഡല്‍ അറസ്റ്റിലായി. ക്ലാക്ടണ്‍-ഓണ്‍-സീയില്‍ വലിയ ജനക്കൂട്ടത്തിന് മുന്നില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിയ്ക്കുകയായിരുന്നു ഫരാഗ്. ഈ സമയത്താണ് അരികിലെത്തിയ 25-കാരി വിക്ടോറിയ തോമസ് ബോവന്‍ മില്‍ക്ക്ഷേക്ക് എറിഞ്ഞത്. മൂണ്‍ & സ്റ്റാര്‍ഫിഷ് വെതര്‍സ്പൂണ്‍സില്‍ നിന്നും ഇറങ്ങിയ ഫരാഗ് അടുത്തെത്തുന്നത് വരെ കാത്തിരിക്കുന്നതും, ഇതിന് പിന്നാലെ ഇദ്ദേഹത്തിന് നേര്‍ക്ക് മക്ഡൊണാള്‍ഡ്സ് മില്‍ക്ക്ഷേക്ക് ഒഴിക്കുന്നതുമായ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ഒണ്‍ലിഫാന്‍സ് അക്കൗണ്ട് നടത്തുന്ന തോമസ് ബോവന്‍ ഇന്‍സ്റ്റാഗ്രാമില്‍ ലൈംഗികപരമായ ചിത്രങ്ങളും പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ പെട്ടെന്നുണ്ടായ അതിക്രമത്തിലും ഫരാഗ് പതറിയില്ല. അല്‍പ്പസമയത്തിന് ശേഷം സ്വയം ഒരു മക്ഡൊണാള്‍ഡ്സ് മില്‍ക്ക്ഷേക്ക് ആസ്വദിക്കാനും അദ്ദേഹം തയ്യാറായി. ഇതുപോലുള്ള സംഭവങ്ങള്‍ പേടിച്ചാണ് ഇപ്പോള്‍ പഴയ രീതിയില്‍ തെരുവില്‍ പ്രചരണത്തിന് ഇറങ്ങാന്‍ മറ്റുള്ളവര്‍ തയ്യാറാകാത്തതിന് പിന്നിലെന്ന് ഫരാഗ് ചൂണ്ടിക്കാണിച്ചു.